Connect with us

Editorial

മാറണം ഈ മനോഭാവം

Published

|

Last Updated

പരസ്പര ആശ്രയത്വവും സഹായ സഹകരണവും സാമൂഹിക ജീവിതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളായി കരുതിപ്പോരുന്നവയാണ്. അന്യന്റെ കണ്ണീരിന്റെ വിലയറിയുകയും വേദനിക്കുന്ന ഹൃദയങ്ങള്‍ക്ക് സാന്ത്വനം പകരുകയും ചെയ്യുക ജീവിത ധര്‍മമായാണ് വിശ്വസിച്ചു പോരുന്നത്. സഹതാപവും സഹായ വാഗ്ദാനവും താന്‍പോരിമക്കും വ്യക്തി മാഹാത്മ്യത്തിനും എല്ലാറ്റിനുമുപരി രാഷ്ട്രീയ നേട്ടത്തിനും ദുരുപയോഗപ്പെടുത്തുന്ന പ്രവണതകളാണ് നമുക്ക് ചുറ്റും നടമാടുന്നതെന്നറിഞ്ഞാല്‍ കാരുണ്യത്തിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പുകള്‍ നമ്മെ ലജ്ജിപ്പിക്കും. നൂറ്റാണ്ടിലെ ഏറ്റവും കനത്ത പേമാരിയില്‍ വിറങ്ങലിച്ചു പോയ അയല്‍നാട്ടിലെ ദുരിതം നദീജല തര്‍ക്കവും ആശയ വിഭിന്നതയും പുലര്‍ത്തിപ്പോരുമ്പോഴും മലയാളിയുടെ നെഞ്ചകത്തില്‍ നീറ്റലുളവാക്കിയിരുന്നു. എന്നാല്‍, തമിഴകം പ്രളയക്കെടുതിയില്‍ നട്ടംതിരിയുമ്പോള്‍ ദുരിതാശ്വാസത്തിനായി കൂട്ടായ്മകളും സന്നദ്ധ സംഘടനകളും വിവിധ സ്ഥലങ്ങളില്‍ നിന്ന് എത്തിച്ചു നല്‍കുന്ന വസ്തുക്കള്‍ പിടിച്ചടുത്ത് അതില്‍ മുഖ്യമന്ത്രി ജയലളിതയുടെ ചിത്രമടങ്ങിയ സ്റ്റിക്കറുകള്‍ പതിക്കുന്നതാണ് മനുഷ്യ സ്‌നേഹികളെ ലജ്ജിപ്പിക്കുന്നത്. ഇതിനെ സാധൂകരിക്കുന്ന നിരവധി ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. ചെന്നൈ, കൂഡല്ലൂര്‍ എന്നിവിടങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ദുരിതാശ്വാസ വസ്തുക്കള്‍ എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍ പറയുന്ന സ്ഥലത്ത് മാത്രമേ എത്തിക്കാവൂവെന്നും അതിന് ശേഷം ജയയുടെ പടം പതിച്ച ശേഷം മാത്രമേ വിതരണം ചെയ്യാവൂവെന്നുമാണ് പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ നിര്‍ദേശം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ കാര്യക്ഷമമല്ലെന്ന് നേരത്തെ തന്നെ പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ വിമര്‍ശം കൂടി ഉയരുന്നത്.
ചെന്നൈ പ്രളയക്കെടുതിയില്‍ കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ രാഷ്ട്രീയം കളിക്കുന്ന മുഖ്യമന്ത്രിയുടെയും എ ഐ എ ഡി എംകെയുടെയും നിലപാടിനെതിരേ നാനാഭാഗത്തുനിന്നും വിമര്‍ശങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. സ്റ്റിക്കറുകള്‍ പതിക്കുന്നതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ ജയലളിതയുടെ മണ്ഡലമായ ആര്‍ കെ നഗറില്‍ സന്ദര്‍ശനത്തിനെത്തിയ മന്ത്രിയടക്കമുള്ള സംഘത്തെ ജനങ്ങള്‍ തടയുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.
ദുരിതം പേമാരിയായി വര്‍ഷിച്ച തമിഴകത്തേക്ക് കേരളത്തില്‍ നിന്നുള്‍പ്പെടെ വന്‍തോതില്‍ സഹായമാണ് പ്രവഹിക്കുന്നത് . എല്ലാം മാനുഷിക പരിഗണനകളുടെ പേരില്‍. അകപ്പെട്ട ദുരിതക്കയത്തില്‍ നിന്ന് രക്ഷപ്പെടുത്താനും പ്രളയ ജലത്തില്‍ എല്ലാം ഒലിച്ചുപോയ ജനതക്ക് ദുരിതാശ്വാസം പകരാനും സഹൃദയര്‍ കാണിക്കുന്ന കൂട്ടായ്മ അഭിമാനകരമാണ്. എന്നാല്‍ കൊട്ടിഘോഷിക്കാനും മേനി പറച്ചിലിനും വേണ്ടി മാത്രം നീട്ടുന്ന സഹായ ഹസ്തങ്ങളെ കള്ള നാണയങ്ങളായി തിരിച്ചറിയാന്‍ കഴിയണം. വേദനിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ ആരോരുമറിയാതെ സഹായം നീട്ടുന്നതിന് സന്നദ്ധരാവുന്ന ധാരാളം നിസ്വാര്‍ഥരുണ്ട് മനുഷ്യര്‍ക്കിടയില്‍. ഇല്ലാത്തവന് ഉള്ളവന്റെ സമ്പാദ്യത്തില്‍ നിന്ന് വിഹിതം നല്‍കാന്‍ കല്‍പ്പിക്കുന്ന ദര്‍ശനങ്ങളും അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയറു നിറയെ ഭക്ഷിക്കരുതെന്ന പ്രവാചകാധ്യാപനവും സുമനസ്സുകള്‍ക്ക് വഴികാട്ടിയാണ്. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പേരു സമ്പാദിക്കാനും വ്യക്തി താത്പര്യത്തിനും സ്വാര്‍ഥതക്കും വേണ്ടി ദാനധര്‍മങ്ങളെ ദുരുപയോഗപ്പെടുത്തുന്ന പ്രവണതയാണ് കൂടിവരുന്നത്. ഒപ്പം ആരെങ്കിലും നീട്ടുന്ന സഹായ വാഗ്ദാനങ്ങളെ മതത്തിന്റെ, വര്‍ഗത്തിന്റെ സങ്കുചിതത്വത്തിലൂടെ നോക്കിക്കാണുന്നവരും കുറവല്ല. ഇരുകൈയുമറിയാതെ വെച്ചു നീട്ടുന്ന സഹായങ്ങള്‍ ആത്മാവിന്റെ ഭാഷയുടേതായി കാണണം. ഭൗതിക ലാഭമോ വ്യക്തിനേട്ടമോ കാണാതെ സഹജീവി സ്‌നേഹം വിശ്വാസത്തിന്റെ ഭാഗമായി കാണുന്നവര്‍ക്ക് ആത്മസംതൃപ്തിയാണ് പ്രചോദനം. എതിര്‍ രാഷ്ട്രീയക്കാരന്‍ ശിലയിട്ട പദ്ധതികള്‍ കാലയവനികക്കുള്ളിലേക്ക് തള്ളിവിട്ട് പുതിയ പദ്ധതികളും വികസന പാഠങ്ങളും കണ്ടെത്തുന്നതില്‍ ആനന്ദം കൊള്ളുന്നവരാണ് രാഷ്ട്രീയ പാര്‍ട്ടികളിലധികവും. എല്ലാ സഹായങ്ങളും ദുരിതാശ്വാസ പ്രഖ്യാപനങ്ങളും നാലാളുടെ മുമ്പാകെ നടത്തി വോട്ട് പെട്ടിയില്‍ കനം കൂട്ടാനാണ് മുന്നണി നേതാക്കളുടെ താത്പര്യം.
ധാര്‍മികബോധം അന്യമാകുന്ന സമൂഹത്തില്‍ നിന്ന് ഇത്രയേ പ്രതീക്ഷിക്കാവൂ എന്നാണെങ്കില്‍ ആര് വെച്ചുനീട്ടുന്ന ദാനവും നമ്മന്റേതാക്കിമാറ്റാനും നേട്ടപ്പട്ടികയില്‍ കുറിച്ചുവെക്കാനും വെമ്പലുണ്ടാകും. ഇതിന്റെ പരിച്ഛേദമാണ് തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍ കാണിച്ചു തന്നത്. ഇവിടെ തിരുത്തലിന് മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധ സംഘടനകളും മറ്റെല്ലാ താത്പര്യങ്ങളും മാറ്റി നിര്‍ത്തി മുന്നിലുണ്ടാകണം. എന്നാല്‍ മാത്രമേ തമിഴന്‍ അര്‍ഹിക്കുന്ന സഹായം അവന്‍ കിട്ടാന്‍ വഴിയൊരുങ്ങുകയുള്ളൂ.