Connect with us

Articles

ബാബരി മസ്ജിദും മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികളും

Published

|

Last Updated

ചരിത്രപ്രസിദ്ധമായ അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ച്ചക്കുശേഷം രാജ്യം 23 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇതുപോലൊരു ഡിസംബര്‍ ആറിനാണ് മതാന്ധരായ ഒരാള്‍ക്കൂട്ടം ഇന്ത്യന്‍ ഭരണകൂടത്തിന്റെ സംരക്ഷണയില്‍ ബാബരി മസ്ജിദ് തകര്‍ക്കുന്നത്. ബാബരി മസ്ജിദിന്റെ തകര്‍ന്നുപോയ മൂന്ന് കുംഭഗോപുരങ്ങള്‍ ഇന്ത്യന്‍ മതനിരപേക്ഷതയുടെ പ്രതീകങ്ങളായിരുന്നു. രാജ്യത്തെ വര്‍ഗീയവത്കരിച്ച് ബ്രിട്ടീഷ് അധികാരം നിലനിര്‍ത്താനുള്ള ഭിന്നിപ്പിക്കുക ഭരിക്കുക എന്ന കൊളൊണിയല്‍ തന്ത്രങ്ങളിലാണല്ലോ ബാബരി മസ്ജിദ് തര്‍ക്കപ്രശ്‌നമാകുന്നത്. ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ഹിന്ദുമുസ്ലീം ഐക്യം കണ്ട് പരിഭ്രാന്തരായ ബ്രിട്ടീഷുകാരാണ് ഭിന്നിപ്പിക്കുക ഭരിക്കുക എന്ന രാഷ്ട്രതന്ത്രം പ്രയോഗിക്കുന്നത്. ഹിന്ദുക്കളും മുസല്‍മാന്മാരും തോളോടുതോള്‍ ചേര്‍ന്ന് ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷുകാരെ എതിര്‍ത്ത മണ്ണാണ് അയോധ്യയുടേത്.
ഹിന്ദുത്വത്തിന്റെ പിതാവായ സവര്‍ക്കര്‍ വര്‍ഗീയവാദിയാകുന്നതിനുമുമ്പ് എഴുതിയ “1857ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം” എന്ന പുസ്തകത്തില്‍ ചാള്‍സ്ബാളിനെ ഉദ്ധരിച്ച് ചേര്‍ത്തിരിക്കുന്നത് നോക്കൂ; “അത്ര അപ്രതിഹതവും ആശ്ചര്യജനകവും അസാമാന്യവുമായ പരിണാമം ലോകചരിത്രത്തില്‍ തന്നെ വിരളമാണ്.” സവര്‍ക്കറുടെ ഈ വിലയിരുത്തല്‍ പോലെതന്നെയാണ് ജോര്‍ജ് ഡബ്ല്യൂ ഫോറസ്റ്ററും ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ഹിന്ദുമുസല്‍മാന്‍ ഐക്യത്തെ വിലയിരുത്തിയത്. “ബ്രാഹ്മണരും ശൂദ്രരും ഹിന്ദുക്കളും മുഹമ്മദീയരും ഒരുമിച്ച് വിപ്ലവമുണ്ടാക്കുന്നതിന് സാധ്യതയുണ്ടെന്നതില്‍ കവിഞ്ഞ് ഇന്ത്യന്‍ വിപ്ലവം നല്‍കുന്ന മറ്റൊരു മുന്നറിയിപ്പില്ല.”
കൊളോണിയല്‍ ചരിത്രകാരന്മാര്‍ ഇന്ത്യയുടെ ചരിത്രത്തെ വര്‍ഗീയ അടിസ്ഥാനത്തില്‍ നിര്‍മിച്ചതോടെയാണ് ഇന്ത്യന്‍ സമൂഹത്തില്‍ മതവിഭജനത്തിനുള്ള ആശയപരിസരം രൂപപ്പെട്ടത്. ബാബരിമസ്ജിദ് പൊളിച്ച കര്‍സേവകര്‍ക്ക് അതിനുള്ള പ്രത്യയശാസ്ത്രപരിസരം ഒരുക്കിക്കൊടുത്തത് ബ്രിട്ടീഷ് ഭരണാധികാരികളായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യന്‍ ഭരണവര്‍ഗങ്ങളും അമേരിക്കന്‍ സാമ്രാജ്യത്വ കേന്ദ്രങ്ങളും ഹിന്ദുത്വവാദത്തിന് വെള്ളവും വളവും നല്‍കിയതിലൂടെയാണ് അത് ഇന്ന് ഹിംസാത്മകമായി വളര്‍ന്നിരിക്കുന്നത്. ഇന്ത്യയുടെ ദേശീയസ്വത്വത്തിനും പരമാധികാരത്തിനും ഭീഷണിയായി സംഘ്പരിവാര്‍ രാഷ്ട്രീയം മാറിക്കഴിഞ്ഞിരിക്കുകയാണ്. വെറുപ്പിന്റെയും വിവേചനത്തിന്റെയും രാഷ്ട്രീയത്തിലധിഷ്ഠിതമായ സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്രം കൊളോണിയല്‍ സൃഷ്ടിയാണ്.
1813ല്‍ ബാബര്‍നാമയുടെ പരിഭാഷ നിര്‍വഹിച്ച ജോണ്‍ലെയ്ഡന്‍ ബാബറുടെ അയോധ്യയിലൂടെയുള്ള കടന്നുപോക്കിനെ സംബന്ധിച്ച് നടത്തിയ ഒരു പരാമര്‍ശത്തെ പിടിച്ചാണ് പിന്നീട് ബ്രിട്ടീഷ് ചരിത്രകാരന്മാര്‍ അയോധ്യയുമായി ബന്ധപ്പെട്ട കെട്ടുകഥകള്‍ മെനഞ്ഞുണ്ടാക്കിയത്. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. 1949ല്‍ വിഗ്രഹങ്ങള്‍ ഒളിച്ചുകടത്തിയതും പള്ളി തര്‍ക്കഭൂമിയാക്കി അടച്ചുപൂട്ടിയതും സംഘ്പരിവാറും മൃദുഹിന്ദുത്വവാദികളും നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ്. 1980കളോടെ നമ്മുടെ രാജ്യത്താരംഭിച്ച നവ ലിബറല്‍ പരിഷ്‌കാരങ്ങളുടെ തുടര്‍ച്ചയിലാണ് ബാബരി മസ്ജിദ് പ്രശ്‌നവത്കരിക്കപ്പെടുന്നത്. വാഷിംഗ്ടണില്‍ നടന്ന വിശാലഹിന്ദുസമ്മേളനം 3000 ആരാധനാലയങ്ങള്‍ തര്‍ക്കഭൂമിയായി പ്രഖ്യാപിക്കുകയായിരുന്നു. വിശ്വഹിന്ദുപരിഷത്ത് അടിയന്തരമായി ക്ഷേത്രങ്ങള്‍ പൊളിച്ചുപണിത 144 പള്ളികള്‍ തിരിച്ചുപിടിക്കാനുള്ള പ്രസ്ഥാനം ആരംഭിച്ചു. അതിലാദ്യത്തേതായിരുന്നു അയോധ്യ.
ധര്‍മസ്ഥാന്‍ മുക്തിയജ്ഞസമിതിയും അതിന്റെ ഭാഗമായി രാമജന്മ ഭൂമി മുക്തിയജ്ഞസമിതിയും രൂപവത്കരിച്ചു. 1986 മാര്‍ച്ച് ഒമ്പത് രാമജന്മഭൂമിയുടെ വിമോചനമായി പ്രഖ്യാപിച്ചുകൊണ്ട് വി എച്ച് പി അക്രമാസക്തമായ വര്‍ഗീയവത്കരണത്തിന് തീകൊടുക്കുകയായിരുന്നു. 1992 ഡിസംബര്‍ ആറിന് മസ്ജിദ് പൊളിക്കുന്നതിലൂടെ രാഷ്ട്രത്തിന്റെ ആത്മാവിനുതന്നെയാണ് സംഘ്പരിവാര്‍ തീകൊളുത്തിയത്. രാമജന്മ ഭൂമി പ്രസ്ഥാനം ഹിന്ദുരാഷ്ട്രനിര്‍മിതിക്കുള്ള പ്രത്യയശാസ്ത്ര അജന്‍ഡയുടെ ഭാഗമായിരുന്നു. രാജ്യത്തെ വര്‍ഗീയവത്കരിച്ച് ഭൂരിപക്ഷ മതധ്രുവീകരണമാണ് ആര്‍.എസ്.എസ് ലക്ഷ്യമിട്ടത്.
രാമജന്മ ഭൂമി ക്യാമ്പയിനിലൂടെ വളര്‍ത്തിയെടുത്ത വര്‍ഗീയധ്രുവീകരണത്തിലൂടെയാണ് സംഘ്പരിവാര്‍ ഇന്ന് ദേശീയാധികാരം കൈയടക്കിയിരിക്കുന്നത്. ആര്‍ എസ് എസും സംഘ്പരിവാര്‍ സംഘടനകളും അതിന്റെ ജന്മകാലം മുതല്‍ തന്നെ മതനിരപേക്ഷതക്കും ജനാധിപത്യത്തിനും എതിരായിരുന്നു. മതരാഷ്ട്രം ലക്ഷ്യംവെച്ച അവര്‍ ആധുനിക മതനിരപേക്ഷ ജനാധിപത്യസങ്കല്‍പ്പങ്ങളെയാകെ നിരാകരിക്കുന്ന ഫാസിസത്തിന്റെ ഇന്ത്യന്‍ കാലാള്‍പ്പടയായിട്ടാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച നാളുകളില്‍ അതംഗീകരിക്കാന്‍ ആര്‍.എസ്.എസ് തയ്യാറായിരുന്നില്ല. ആര്‍ എസ് എസിന്റെ മുഖപത്രമായ ഓര്‍ഗനൈസര്‍ മനുസ്മൃതിയെ അടിസ്ഥാനമായെടുക്കാത്ത ഇന്ത്യന്‍ ഭരണഘടനയെ അഭാരതീയമെന്നുപറഞ്ഞ് തള്ളിക്കളയുകയായിരുന്നു.
ഇന്നിപ്പോള്‍ ദേശീയാധികാരം കൈയാളുന്ന നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സംഘ്പരിവാര്‍ ശക്തികള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന് മതനിരപേക്ഷത എന്ന വാക്ക് തന്നെ എടുത്ത് മാറ്റാനുള്ള കുത്സിതമായ നീക്കങ്ങളിലാണ്. 1998ല്‍ വാജ്‌പേയ് സര്‍ക്കാറിന്റെ കാലത്ത് ആര്‍ എസ് എസ് നിര്‍ദേശം അനുസരിച്ച് ഭരണഘടനാ റിവ്യൂകമ്മിറ്റി രൂപവത്കരിച്ചിരുന്നല്ലോ. ഭരണഘടനാശില്‍പ്പിയായ അംബേദ്കറുടെ 125ാം ജന്മവാര്‍ഷികാചരണത്തിന്റെ ഭാഗമായിട്ടാണല്ലോ പാര്‍ലിമെന്റില്‍ ഭരണഘടനയെക്കുറിച്ചുള്ള ചര്‍ച്ച നടന്നത്. ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിംഗ് ഇന്ത്യന്‍ ഭരണഘടനയിലെ മതനിരപേക്ഷത എന്ന വാക്ക് മാറ്റണമെന്നും അതിന് പകരമായി മറ്റൊരു വാക്ക് കണ്ടെത്തണമെന്നും വാദിക്കുകയായിരുന്നല്ലോ.
മോദി അധികാരത്തില്‍ വന്നതിനുശേഷം റിപ്പബ്ലിക് ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊടുത്ത പരസ്യത്തില്‍ ഭരണഘടനയുടെ ആമുഖത്തിലെ സെക്യുലര്‍, സോഷ്യലിസ്റ്റ് വാക്കുകള്‍ ഒഴിവാക്കുകയായിരുന്നല്ലോ. മതത്തെ രാഷ്ട്രീയത്തില്‍ നിന്നും പൗരജീവിതത്തിന്റെ പൊതുവ്യവഹാരങ്ങളില്‍ നിന്നും ഒഴിവാക്കിനിര്‍ത്തുകയും എല്ലാ മതങ്ങള്‍ക്കും വിശ്വാസപരമായ അനുഷ്ഠാനങ്ങള്‍ക്കും പ്രചാരണത്തിനും സ്വാതന്ത്ര്യം ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ് മതനിരപേക്ഷത. ഇത് മതരാഷ്ട്രവാദികള്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഇന്ത്യപോലൊരു ബഹുമതസമൂഹത്തിനകത്ത് വ്യത്യസ്തമതങ്ങളിലും സംസ്‌കാരങ്ങളിലുപെട്ട ജനസമൂഹങ്ങള്‍ക്ക് ഒരു രാഷ്ട്രമായി, ഒരു ജനതയായി ജീവിക്കാനുള്ള സ്വതന്ത്രവും നിര്‍ഭയവുമായ സാഹചര്യമാണ് ഭരണഘടനയിലെ മതനിരപേക്ഷത ഉറപ്പുവരുത്തുന്നത്.
സംഘ്പരിവാര്‍ സാംസ്‌കാരിക ദേശീയതയുടെ ഏകത്വത്തിലേക്ക് ഇന്ത്യന്‍ സമൂഹത്തിലെ വൈവിധ്യങ്ങളെയാകെ ബലംപ്രയോഗിച്ച് വിലയിപ്പിച്ചെടുക്കാനുള്ള ശ്രമങ്ങളിലാണ്. അവരുടെ ഏകശിലാഖണ്ഡമായ സമാജസങ്കല്‍പ്പത്തിന് തടസ്സമായിരിക്കുന്നത് ഭരണഘടനയുടെ മതനിരപേക്ഷതയാണ്. ഏതുമാര്‍ഗവും ഉപയോഗിച്ച് മതനിരപേക്ഷതയെ സാമൂഹികജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളില്‍ നിന്നും പൗരജീവിതത്തെ നിര്‍ണയിക്കുന്ന ഭരണഘടനയില്‍ നിന്നും എടുത്തുമാറ്റാനാണ് സംഘ്പരിവാര്‍ എന്നും ശ്രമിച്ചുപോന്നിട്ടുള്ളത്. ബാബരിമസ്ജിദിന്റെ ഈ 23ാം വര്‍ഷികദിനമാവശ്യപ്പെടുന്നത് അസഹിഷ്ണുതയുടെയും മതനിരപേക്ഷതയുടെ നിരാകരണത്തിന്റേതുമായ ഹിന്ദുത്വഫാസിസ്റ്റ് ഭീഷണിക്കെതിരെ ഇന്ത്യന്‍ സമൂഹത്തിന്റെ യോജിച്ച പോരാട്ടമാണ്.

Latest