ഇന്ത്യയില്‍ 24 കാരറ്റ് സ്വര്‍ണാഭരണം ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചേക്കും

Posted on: December 4, 2015 8:41 pm | Last updated: December 4, 2015 at 8:41 pm

Gold-l-reutersന്യൂഡല്‍ഹി: രാജ്യത്ത് 24 കാരറ്റ് സംശുദ്ധിയുള്ള സ്വര്‍ണാഭരണം ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്താന്‍ ആലോചന. ഏഷ്യന്‍ രാജ്യങ്ങളുമായുള്ള സൗജന്യ വ്യാപാര കരാര്‍ (എഫ് ടി എ) ലംഘിക്കപ്പെടുന്ന സാഹചര്യത്തിലാണ് നിരോധനം കൊണ്ടുവരുന്നത്.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ ഉപഭോക്തൃ രാജ്യമായ ഇന്ത്യയില്‍ 2013 മുതല്‍ തങ്കം (24 കാരറ്റ് സ്വര്‍ണം) ഇറക്കുമതി ചെയ്യുന്നതിന് പത്ത് ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നു. ലോഹ രൂപത്തില്‍ ഇറക്കുമതി ചെയ്യുന്നതിനാണ് ഇത്രയും നികുതി ചുമത്തുന്നത്. എന്നാല്‍ തെക്കേ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള സൗജന്യ വ്യാപാര കരാര്‍ അനുസരിച്ച് സ്വര്‍ണാഭരണം രണ്ട് ശതമാനം നികുതിയടച്ച് കൊണ്ടുവരാം. ഈ നിയമം ദുരുപയോഗം 24 കാരറ്റ് ചെയ്ത് സ്വര്‍ണം ആഭരണ രൂപത്തിലാക്കി ഇറക്കുമതി ചെയ്യുകയും പിന്നീട് തങ്കമാക്കി മാറ്റുകയും ചെയ്യുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്തുന്നത്. 18, 22 കാരറ്റ് സംശുദ്ധിയുള്ള സ്വര്‍ണാഭരണങ്ങള്‍ക്ക് മാത്രമായി സ്വര്‍ണാഭരണ ഇറക്കുമതി പരിമിതപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.