Connect with us

Kerala

എയ്ഡഡ് സ്‌പെഷ്യല്‍ സ്‌കൂളുകളിലെ നിയമനം പി എസ് സിക്ക് വിടില്ല

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി എയ്ഡഡ് പദവി നല്‍കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകളിലെ നിയമനം പി എസ് സിക്കു വിടാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ് പറഞ്ഞു. എയ്ഡഡ് മേഖലയിലെ നിയമനങ്ങള്‍ മാനേജ്‌മെന്റുകളാണ് നടത്തുന്നത്. എന്നാല്‍ എയ്ഡഡ് പദവി നല്‍കുന്ന സ്‌പെഷ്യല്‍ സ്‌കൂളുകളിലെ നിയമനം പൊതുവിദ്യാഭ്യാസ വകുപ്പ്, സാമൂഹികനീതി വകുപ്പ് എന്നിവയിലെ പ്രതിനിധികളും വിഷയ വിദഗ്ധനും ഉള്‍പ്പെടുന്ന സമിതിയായിരിക്കും നടത്തുക. അതെസമയം നിലവിലെ സ്റ്റാഫുകളെ സംരക്ഷിച്ചുകൊണ്ട് പുതിയ നിയമനങ്ങള്‍ പി എസ് സി വഴി നടത്തുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിനായി പരപ്പനങ്ങാടിയിലും കാസര്‍ഗോഡും പുതുതായി പരിശീലന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 100 കുട്ടികളില്‍ കൂടുതലുള്ള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് അധികമായി പ്രധാനധ്യാപകന്‍, അറ്റന്‍ഡര്‍, എഫ് ടി എം, ആയ, കുക്ക്, ഹോസ്റ്റല്‍ വാച്ച്മാന്‍ എന്നീ തസ്തികകളും അനുവദിച്ചിട്ടുണ്ട്. 18 വയസ് കഴിഞ്ഞ മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ പഠിപ്പിക്കാന്‍ പ്രത്യേക സൗകര്യങ്ങളൊരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എസ്‌സിഇആര്‍ടി ഏകീകൃത പാഠ്യപദ്ധതി തയാറാക്കിയിട്ടുണ്ട്. സമ്പൂര്‍ണ പ്രാഥമിക വിദ്യാഭ്യാസം നേടുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങ് ഡിസംബര്‍ 30ന് ഉപരാഷ്ട്രപതിയുടെ സാനിധ്യത്തില്‍ നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

Latest