Connect with us

Articles

കൃഷ്ണയ്യരില്ലാത്ത ഒരു വര്‍ഷം

Published

|

Last Updated

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഇല്ലാത്ത ഒരു വര്‍ഷമാണ് കടന്നുപോയത്. ഇന്ത്യന്‍ ജുഡീഷ്യറി പിന്നാക്കം പോയ ഒരു ഘട്ടത്തില്‍ ജുഡീഷ്യറിയെ പിടിച്ചുനിര്‍ത്തിയതും മാറ്റിമറിച്ചതും സുപ്രീം കോടതിയിലെ അന്നത്തെ ചീഫ് ജസ്റ്റിസ് പി എന്‍ ഭഗവതിയാണെങ്കില്‍ അവിടെ നിന്ന് ജുഡീഷ്യറിയെ മുന്നോട്ടുനയിച്ചത് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരാണ്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഏറ്റവും വലിയ നഷ്ടം സംഭവിച്ചത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കാണെന്ന് പറയേണ്ടിവരും.
രാഷ്ട്രീയ പ്രവര്‍ത്തകന്‍, സാമൂഹിക പ്രവര്‍ത്തകന്‍, അഭിഭാഷകന്‍, ന്യായാധിപന്‍ തുടങ്ങി വിവിധ നിലകളില്‍ പ്രതിഭ തെളിയിച്ച കൃഷ്ണയ്യര്‍ കൈവെച്ച രംഗങ്ങളിലെല്ലാം ഗുരുതുല്യമായ ആദരം നേടിയിട്ടുണ്ട്. അതില്‍ മനുഷ്യാവകാശ മേഖലയില്‍ ശക്തമായ ഇടപെടലുകള്‍ നടത്തിയ നിയമ പണ്ഡിതന്‍ എന്ന നിലക്കാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ സംഭാവനകളെ നോക്കിക്കാണുന്നത്. ഇന്ത്യന്‍ ജുഡീഷ്യറിയെ വളരെയേറെ മുന്നോട്ടു നയിച്ച ഒരു സംഭവവികാസമായിരുന്നു അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായിരിക്കുന്ന സമയത്ത് ഉണ്ടായ സുനില്‍ ബത്ര കേസ്. തീഹാര്‍ ജയിലിലെ ഒരു തടവുകാരന്‍ അയച്ച പോസ്റ്റ് കാര്‍ഡ് റിട്ട്. ഹരജിയായി പരിഗണിച്ച് ജയില്‍ അധികാരികളുടെ മനുഷ്യത്വ രഹിതമായ പീഡനങ്ങള്‍ക്കെതിരെ പുറപ്പെടുവിച്ച ശക്തമായ താക്കീത് ആയിരുന്നു സുനില്‍ ബത്ര കേസിലെ കൃഷ്ണയ്യരുടെ വിധിന്യായം. അഭിഭാഷകനിലൂടെ സമര്‍പ്പിക്കപ്പെട്ടതാണെങ്കില്‍ മാത്രമേ കോടതികള്‍ അന്നുവരെയും ഹരജികള്‍ സ്വീകരിച്ചിരുന്നുള്ളൂ. ഈ സാമ്പ്രദായിക രീതി അട്ടിമറിച്ചാണ് തടവുകാരന്റെ കണ്ണുനീരില്‍ കുതിര്‍ന്ന ആ പോസ്റ്റ് കാര്‍ഡ് ജസ്റ്റിസ് കൃഷ്ണയ്യര്‍ റിട്ട് ഹരജിയായി പരിഗണിച്ച് വിധിന്യായം പുറപ്പെടുവിച്ചത്. ഇന്ത്യയുടെ നിയമചരിത്രത്തിലെന്നല്ല ലോകത്തെ നിയമചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമായിരുന്നു ഇത്. ഒരു കത്തോ പത്രത്തില്‍ വരുന്ന വാര്‍ത്തയോ ഫോട്ടോഗ്രാഫോ ആയാല്‍ പോലും അത് റിട്ട് ഹരജിയാക്കി മാറ്റിക്കൊണ്ട് ആ പ്രശ്‌നം പരിഹരിക്കുന്ന ഒരു പുതുവഴി വെട്ടുകയാണ് സുനില്‍ബത്ര കേസിലെ വിധിന്യായത്തിലൂടെ കൃഷ്ണയ്യര്‍ ചെയ്തത്. പരമോന്നത കോടതിയില്‍ ജഡ്ജിയായിരുന്നപ്പോഴും അതിന് മുമ്പ് രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നപ്പോഴും ഭരണാധികാരിയായിരുന്നപ്പോഴും മനുഷ്യാവകാശ സംഘടനകളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരുന്നു അദ്ദേഹത്തിന്റേത്. കൃഷ്ണയ്യര്‍ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് നടന്ന ഒരു അസാധാരണസംഭവമുണ്ട്. തിരുവനന്തപുരത്ത് ഒരു പോലീസ് സ്‌റ്റേഷനില്‍ രാത്രിയില്‍ ഒരാളെ പോലീസ് മര്‍ദിച്ച് അപകടപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന വിവരം കൃഷ്ണയ്യര്‍ക്ക് കിട്ടി. മന്ത്രിയുടെ പ്രോട്ടോകോളെല്ലാം മാറ്റിവെച്ച് രാത്രി തന്നെ പോലീസ് സ്‌റ്റേഷനില്‍ കടന്നുചെന്ന് ആ മനുഷ്യനെ മോചിപ്പിക്കാന്‍ നിര്‍ദേശം നല്‍കി. ആഭ്യന്തരമന്ത്രി തന്നെ പോലീസ് സ്‌റ്റേഷനില്‍ കടന്നു ചെന്ന് മനുഷ്യാവകാശ ലംഘനം തടഞ്ഞ സംഭവം ഒരു പക്ഷെ അതിന് മുമ്പോ ശേഷമോ കേരളത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോഴും തുടര്‍ന്ന് സുപ്രീം കോടതിയിലെത്തിയപ്പോഴും അതിനേക്കാളുപരി ജഡ്ജി എന്ന പദവിയില്‍ നിന്നും വിരമിച്ച ശേഷവും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ അദ്ദേഹം നടത്തിയ ശക്തമായ ഇടപെടലുകള്‍ സമാനതകളില്ലാത്തതായിരുന്നു. കേരളത്തിലെന്നല്ല, രാജ്യത്തെന്നല്ല ലോകത്തെവിടെയും മനുഷ്യാവകാശ ലംഘനങ്ങളുണ്ടാകുമ്പോള്‍ വിശ്വപൗരന്‍ എന്ന നിലക്ക് അദ്ദേഹം നടത്തിയ ശക്തമായ ഇടപെടലുകള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്നും താങ്ങും തണലുമായിരുന്നു. മനുഷ്യാവകാശത്തിന് വിരുദ്ധമായ നിലപാടുകള്‍ സുപ്രീം കോടതി അടക്കമുള്ള കോടതികള്‍ സ്വീകരിക്കുമ്പോഴും അതിനെതിരെ ശക്തമായി രംഗത്തുവരാന്‍ കൃഷ്ണയ്യര്‍ മടിച്ചു നിന്നിട്ടില്ല. ചീഫ് ജസ്റ്റിസ് അടക്കമുള്ളവര്‍ പങ്കെടുക്കുന്ന കോടതിയുടെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്ത് ജുഡീഷ്യറിയെ അതിരൂക്ഷമായ ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചിട്ടുണ്ട്. കോടതികളെ വിശുദ്ധപശുക്കളായി കരുതിപ്പോരുമ്പോള്‍ ആ സ്ഥാപനത്തിലെ പുഴുക്കുത്തുകളെ തുറുന്നുകാണിക്കാനുള്ള ശ്രമം നടത്തിയിട്ടുള്ള ആളാണ് കൃഷ്ണയ്യര്‍. അദ്ദേഹത്തിനെതിരെ അതുകൊണ്ടാണ് കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ നീക്കം നടന്നത്. പണമുള്ള ഒരാളും പണമില്ലാത്ത ഒരാളും കോടതിക്ക് മുന്നില്‍ നിന്നാല്‍ അതില്‍ കോടതി ആദ്യം പരിഗണിക്കുക പണമുള്ളവന്റെ കാര്യമാണ് എന്ന് പറഞ്ഞ ഇ എം എസ് കോടതിയലക്ഷ്യ നടപടിക്ക് വിധേയനായിരുന്നു. അതിന് ശേഷം രാജ്യമാകെ ചര്‍ച്ച ചെയ്ത ഒരു പരാമര്‍ശം കോടതിക്കെതിരെ നടത്തിയത് കൃഷ്ണയ്യരാണ്. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്ത സാഹചര്യത്തില്‍ സുപ്രീം കോടതി ജനങ്ങള്‍ ഇടിച്ചു നിരത്തുന്ന കാലം വരും എന്ന പ്രകോപനപരമായ പ്രസംഗം അദ്ദേഹം നടത്തിയത് വലിയ കോളിളക്കമുണ്ടാക്കി. കൃഷ്ണയ്യര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി വരികയും അതിന്മേല്‍ വാദപ്രതിവാദങ്ങള്‍ നടക്കുകയും ചെയ്തു. ജസ്റ്റിസ് സുബ്രഹ്മണ്യം പോറ്റിയാണ് കൃഷ്ണയ്യര്‍ക്കെതിരായ കോടതിയലക്ഷ്യക്കേസില്‍ വിധി പ്രഖ്യാപിച്ചത്. ന്യായാധിപ മേഖലയിലുള്ളവര്‍ക്ക് പോലും ജുഡീഷ്യല്‍ ഗുരുവായ കൃഷ്ണയ്യര്‍ കോടതികളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഉപദേശ രൂപത്തിലുള്ള കാര്യമാണ് പറഞ്ഞതെന്നും ഇത് കോടതിയലക്ഷ്യമല്ലെന്നും ജസ്റ്റിസ് പോറ്റി വിധിച്ചു.
അവകാശനിഷേധങ്ങളുണ്ടാകുമ്പോള്‍ പൗരന്റെ അവസാന അത്താണി കോടതിയാണെങ്കില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ തന്നെയായിരുന്നു അവസാന അഭയം. എന്ത് പ്രശ്‌നമുണ്ടായാലും ഏത് സമയവും അദ്ദേഹത്തിന്റെ വീടായ സദ്ഗമയയില്‍ കടന്നു ചെന്ന് അദ്ദേഹത്തോട് പരാതി പറയാം. അതിന് പരിഹാരം കാണുന്നതിന് ബന്ധപ്പെട്ട അധികാരികളെ- അത് പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിയായാലും ചീഫ് ജസ്റ്റിസായാലും – ഫോണിലൂടെ ബന്ധപ്പെട്ട് നടപടി സ്വീകരിപ്പിക്കാനുള്ള അതിശക്തമായ ഇടപെടല്‍ അദ്ദേഹം നടത്തിയിരുന്നത് മറക്കാന്‍ കഴിയാത്ത ഓര്‍മയാണ്.
നിയമപരിഷ്‌കരണത്തില്‍ കൃഷ്ണയ്യര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. കേരള ഹൈക്കോടതിയില്‍ കാലാവധി പൂര്‍ത്തിയായ ശേഷം സുപ്രീം കോടതിയിലേക്ക് അദ്ദേഹത്തെ കൊണ്ടു വരാന്‍ ശ്രമങ്ങള്‍ നടന്ന സമയത്ത് 101-ാമത്തെ റാങ്കാണ് ആള്‍ ഇന്ത്യ ജുഡീഷ്യറിയില്‍ ജസ്റ്റിസ് കൃഷ്ണയ്യര്‍ക്കുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ സുപ്രീം കോടതിയിലേക്ക് അദ്ദേഹം വരാനുള്ള സാധ്യത വളരെ കുറവായിരുന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി വി ആര്‍ കൃഷ്ണയ്യരെ പ്പോലൊരാള്‍ ഇന്ത്യന്‍ ജുഡീഷ്യറിയില്‍ വേണം എന്ന് നിഷ്‌കര്‍ഷതയോടെ തീരുമാനിക്കുകയും നിയമനം വരെയും അദ്ദേഹത്തെ ദേശീയ ലോ കമ്മീഷനില്‍ അംഗമായി നിയമിക്കുകയും ചെയ്തു. ലോ കമ്മീഷന്‍ അംഗം എന്ന നിലയില്‍ നിയമപരിഷ്‌കരണത്തില്‍ അദ്ദേഹം സുപ്രധാനമായ സംഭാവന നല്‍കി. സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ശേഷം ബി ജെ പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന കാലത്ത് ജസ്റ്റിസ് വെങ്കിട ചെല്ലയ്യ അധ്യക്ഷനായ ഭരണഘടനാ പുനരവലോകന സമിതിയില്‍ വളരെ സുപ്രധാനമായി നിര്‍ദേശങ്ങള്‍ നല്‍കി അതിനെ അര്‍ഥപൂര്‍ണമാക്കുന്നതില്‍ കൃഷ്ണയ്യര്‍ വഹിച്ച പങ്ക് ചെറുതല്ല.

Latest