Connect with us

Malappuram

ഇന്ന് ലോക ഭിന്നശേഷി ദിനം: ചന്ദ്രന്‍ തളരില്ല, വിധിക്ക് മുന്നില്‍

Published

|

Last Updated

മലപ്പുറം:കുഞ്ഞുനാളില്‍ വിധി സമ്മാനിച്ച വൈകല്യത്തെ ആത്മ വിശ്വാസത്തിന്റെ കരുത്തില്‍ മറികടക്കുകയാണ് നാല്‍പത്തിരണ്ടുകാരനായ തെയ്യാല ഓമച്ചപ്പുഴയിലെ ചന്ദ്രന്‍ എന്ന യുവാവ്. മണലിപ്പുഴ ജി എല്‍ പി സ്‌കൂളില്‍ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് വിധി ചന്ദ്രനെ വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ തളച്ചിട്ടത്.
നട്ടെല്ലിലെ കശേരുക്കള്‍ക്കുണ്ടായ തകരാര്‍ ശരീരത്തെ തന്നെ തളര്‍ത്തിക്കളയുകയായിരുന്നു. പോളിയോ ബാധിച്ചതാണെന്നായിരുന്നു ആദ്യം കരുതിയത്. അതുകൊണ്ട് തന്നെ കൂടുതല്‍ ചികിത്സയൊന്നും ചെയ്തതുമില്ല. എന്നാല്‍ ഇപ്പോള്‍ നടത്തിയ എം ആര്‍ ഐ സ്‌കാനിംഗിലാണ് നട്ടെല്ലിനുണ്ടായ തകരാറാണ് ജീവിതം കട്ടിലില്‍ ചുരുങ്ങാന്‍ കാരണമെന്ന് കണ്ടെത്തിയത്.
എന്നാല്‍ ജീവിത യാത്രയിലെ പ്രതിസന്ധികളെല്ലാം ഇച്ഛാ ശക്തി കൊണ്ട് നേരിടുകയാണ് ഇപ്പോള്‍ ചന്ദ്രന്‍. പിതാവ് കാരി മരിച്ചതോടെ അമ്മ നീലിയാണ് ചന്ദ്രന് സദാസമയവും കൂട്ടായുള്ളത്. ശരീരത്തിന്റെ തളര്‍ച്ചയില്‍ നിന്ന് മുക്തമാക്കാന്‍ കഴിഞ്ഞില്ലെങ്കിലും അമ്മയുടെ സാന്ത്വന സ്പര്‍ശത്താല്‍ കൈകള്‍ക്ക് പതിയെ ശക്തി തിരിച്ച് കിട്ടിയതായി ചന്ദ്രന്‍ പറയുന്നു. ഇതുകൊണ്ട് തന്നെ തന്നാലാവുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ വീടിന്റെ നാലുചുമരുകള്‍ക്കുളളില്‍ നിന്നാണെങ്കിലും ചെയ്യാനാകുന്നതിന്റെ സംതൃപ്തിയുണ്ട് ഇദ്ദേഹത്തിന്. എഴുത്തും വായനയുമെല്ലാം തനിയെ പഠിച്ചെടുക്കുകയായിരുന്നു. വിവിധ ആവശ്യങ്ങള്‍ക്കുള്ള ഫോറം പൂരിപ്പിക്കാന്‍ അയല്‍വാസികളെല്ലാം ചന്ദ്രനെയാണ് സമീപിക്കാറുള്ളത്. സൗജന്യമായാണ് ഈ സേവനം. വീട്ടില്‍ വരുന്ന കുട്ടികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസുകളും ഇദ്ദേഹം നല്‍കുന്നുണ്ട്.
വേദനകള്‍ക്കിടയിലും അമ്മ നീലിയുടെ പ്രോത്സഹാനവും പുസ്തകൂട്ടുകളുമാണ് ചന്ദ്രനെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്. തെന്നല എസ് വൈ എസ് സാന്ത്വനം പാലിയേറ്റീവ് പ്രവര്‍ത്തകര്‍ വീട്ടിലെത്തി ആവശ്യമായ ചികിത്സ നല്‍കുന്നത്. വായനയുടെ ലോകത്ത് സഞ്ചരിക്കുന്ന ഇദ്ദേഹം കവിതയും കഥയുമെല്ലാം എഴുതാറുമുണ്ട്. അമ്മയെ കൂടാതെ സഹോദരന്‍മാരായ കൃഷ്ണന്‍, അനിയന്‍ സുബ്രഹ്മണ്യന്‍ ഇവരുടെ ഭാര്യമാരും കുട്ടികളുമടങ്ങുന്ന 12 അംഗങ്ങളുള്ള വീട്ടിലാണ് താമസം. കുലത്തൊഴിലായ കൊട്ട നെയ്ത്തില്‍ ഉപജീവനം കണ്ടെത്തുന്ന ഇവര്‍ക്ക് മറ്റൊരു വീടെന്നത് സ്വപ്‌നമാണ്. സൗകര്യമുള്ള ഒരു മുറിയെങ്കിലും വേണമെന്ന് ചന്ദ്രന് ആഗ്രഹമുണ്ട്. സാന്ത്വനം പ്രവര്‍ത്തകരുടെ പിന്തുണയുണ്ടെങ്കിലും കരുണയുള്ള മറ്റുള്ളവര്‍ കൂടി തന്റെ ദുരിതം കാണുമെന്ന പ്രതീക്ഷയിലാണ് ചന്ദ്രന്‍. 9349116316 എന്നതാണ് ചന്ദ്രന്റെ മൊബൈല്‍ നമ്പര്‍.

Latest