ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായി ഭാര്യയുടെ മൊഴി

Posted on: December 3, 2015 10:56 am | Last updated: December 3, 2015 at 10:56 am

ബാലുശ്ശേരി: അത്മഹത്യ ചെയ്ത നടക്കാവ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ പി ഷാജിയെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായി ഷാജിയുടെ ഭാര്യ വെളിപ്പെടുത്തി. വാട്‌സ് ആപ്പില്‍ പോസ്റ്റ് ചെയ്ത ചിത്രവുമായി ബന്ധപ്പെട്ട് ഷാജിയെ സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ വി ടി ബാലാണ് ഷാജിയെ ഭീഷണിപ്പെടുത്തിയതെന്നും അവര്‍ പറഞ്ഞു.
ചിത്രം പോസ്റ്റ് ചെയ്ത ശേഷം തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുമെന്നും ഐ ടി ആക്ടിലെ സൈബര്‍ ക്രൈം പ്രകാരം കേസെടുക്കുമെന്നും അസിസ്റ്റന്റ് കമ്മീഷണര്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്ന് ഷാജി പറഞ്ഞിരുന്നു. ചിത്രം പോസ്റ്റ് ചെയ്തതിന് ഷാജിയോട് വിശദീകരണം പോലും ചോദിക്കാതെ നടപടിക്ക് പോലീസ് നടത്തിയ തിടുക്കം ദുരൂഹത വര്‍ധിപ്പിക്കുന്നതാണെന്നും സംഭവത്തിനുത്തരവാദികളായ അസിസ്റ്റന്റ് കമ്മീഷണര്‍ വി ടി ബാലന്‍, ഡി ഐ ജി വിജയന്‍, ഗ്രൂപ്പ് അഡ്മിന്‍ രാജു ടി മേനോന്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്നും മഞ്ജു ആവശ്യപ്പെട്ടു.
ഷാജിയുടെ മരണം കഴിഞ്ഞ് അഞ്ച് ദിവസം പിന്നിട്ടിട്ടും മൃതദേഹം ആദ്യം കണ്ട സഹോദരി ഭര്‍ത്താവ് ശിവാനന്ദന്‍ മാസ്റ്ററുടെയൊ മറ്റ് കുടുംബാംഗങ്ങളുടെയൊ മൊഴിയെടുക്കാന്‍ ഇതേവരെ പോലീസ് എത്തിയിട്ടില്ലെന്ന് കുടുംബാംഗങ്ങള്‍ സിറാജിനോട് പറഞ്ഞു. കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താനെത്തിയ കൊടുവള്ളി സി ഐ ഷാജിയുടെ ഒരു സുഹൃത്തിനെ വിളിച്ച് മറ്റൊരു വീട്ടിലിരുത്തി മൊഴിയെടുത്തതായും ഇതേപ്പറ്റി ചോദിച്ചപ്പോള്‍ കുടുംബാംഗങ്ങളുടെ മൊഴി പിന്നീട് രേഖപ്പെടുത്തുമെന്ന് പറഞ്ഞതായും സഹോദരി ഭര്‍ത്താവ് ശിവാനന്ദന്‍ പറഞ്ഞു. സംഭവത്തിന് ഉത്തരവാദിയായ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ രക്ഷിക്കുന്നതിനാണ് സി ഐ ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.