രാജീവ് വധക്കേസ് പ്രതികളുടെ മോചനം

Posted on: December 3, 2015 4:59 am | Last updated: December 2, 2015 at 9:00 pm

രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ വിടുതല്‍ കാര്യം വീണ്ടും അനിശ്ചിതത്വത്തിലായി. പ്രതികളെ വിട്ടയക്കാനുള്ള തമിഴ്‌നാടിന്റെ തീരുമാനം സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് ഇന്നലെ റദ്ദാക്കുകയും ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത് കേന്ദ്ര സര്‍ക്കാറാണെന്ന് വ്യക്തമാക്കുയും ചെയ്തു. കേസിലെ ഏഴ് പ്രതികളില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മുരുകന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തും 23 വര്‍ഷം തടവ് അനുഭവിച്ചതിനാല്‍ അവരെയും മറ്റു പ്രതികളെയും വിട്ടയക്കുന്നത് സംബന്ധിച്ച് തീരുമാനം തമിഴ്‌നാട് സര്‍ക്കാറിന് വിട്ടും കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് പ്രതികളെ വിട്ടയക്കാനുള്ള തീരുമാനമെടുത്തത്.
ഭരണഘടനാ ബഞ്ചിന്റെ പുതിയ വിധി ഉത്തരവിന്റെ തിരുത്താണ്. കേന്ദ്രവും സംസ്ഥാന സര്‍ക്കാറും കൂടി കൈകാര്യം ചെയ്യുന്ന കേസുകളില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ ശിക്ഷ ഇളവ് ചെയ്യുന്ന കാര്യം ഒറ്റക്ക് കൈകാര്യം ചെയ്യരുതെന്ന് തമിഴ്‌നാട് സര്‍ക്കാറിനെ ഉണര്‍ത്തിയ കോടതി ഫെഡറല്‍ ഭരണ സംവിധാനത്തില്‍ മുന്‍ഗണന കേന്ദ്ര തീരുമാനത്തിനാണെന്നും വിധിന്യായത്തില്‍ ഇന്നലെ തമിഴ്‌നാടിനെ ഓര്‍മിപ്പിക്കുകയുണ്ടായി. ജീവപര്യന്തം തടവെന്നാല്‍ ജീവിതാവസാനം വരെയാണെന്നും കോടതി വ്യക്തമാക്കി. അതേസമയം ഈ വിഷയത്തില്‍ സുപ്രീം കോടതി ബഞ്ച് തീരുമാനം ഏകകണ്ഠമല്ലാത്തതിനാല്‍ ശിക്ഷാ ഇളവ് ചെയ്യാനുള്ള സംസ്ഥാനങ്ങളുടെ അധികാരപരിധിയും, പ്രത്യേക കേസുകളില്‍ ജീവപര്യന്തം എന്നത് ജീവിതാവസാനം വരെയാക്കണോ എന്നതും സംബന്ധിച്ച തീരുമാനം വീണ്ടും ഒരു മൂന്നംഗ ബഞ്ചിന് വിടുകയും ചെയ്തു. ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു, ജസ്റ്റിസുമാരായ എഫ് എം ഐ. ഖലീഫുല്ല, പിനാകി ചന്ദ്ര ഘോഷ്, അഭയ് മനോഹര്‍ സാപ്രെ, യു യു ലളിത് എന്നിവരടങ്ങിയ ഭരണഘടനാ ബഞ്ചില്‍ രണ്ട് ജഡ്ജിമാര്‍ പ്രതികളെ വിട്ടയക്കാന്‍ സംസ്ഥാന സര്‍ക്കാറിനെ അനുവദിക്കണമെന്ന പക്ഷക്കാരായിരുന്നു.
ഈ കേസില്‍ രാഷ്ട്രീയവും നിയമപരവുമായ വശങ്ങളുണ്ട്. പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കാണിച്ച തിടുക്കത്തിന് പിന്നില്‍ തികച്ചും രാഷ്ട്രീയ താത്പര്യങ്ങളായിരുന്നു. പ്രതികള്‍ തമിഴ് വംശജരായതിനാല്‍ അവരെ മോചിപ്പിക്കുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി വിട്ടയക്കാന്‍ സര്‍ക്കാര്‍ തുനിഞ്ഞത്. നമ്മുടെ കക്ഷിരാഷ്ട്രീയത്തിന്റെ ഒരു ജീര്‍ണിത വശമാണിത്. ഏത് കാര്യവും അതിന്റെ ന്യായാന്യായങ്ങളുടെ അളവ് കോല്‍ വെച്ചു തീരുമാനിക്കുന്നതിന് പകരം രാഷ്ട്രീയലാഭം മാത്രം പരിഗണിച്ചാണ് പലപ്പോഴും നയങ്ങളും തീരുമാനങ്ങളും ഉരുത്തിരിയുന്നത്. ഇവിടെ ധര്‍മവും നീതിയും അവഗണിക്കപ്പെടുകയാണ്. കൊല്ലപ്പെട്ടത് രാജ്യത്തിന്റെ പരമോന്നത പദവിയിലിരുന്ന വ്യക്തിയായിരുന്നുവെന്ന വസ്തുതക്ക് നേരെ കണ്ണടക്കുകയും ചെയ്യുന്നു. അതേ സമയം പ്രതികളുടെ മോചനത്തിന് തമിഴ്‌നാട് മുന്നോട്ട് വെച്ച ന്യായവാദം അവഗണിക്കാനാകില്ല. മഹാത്മാ ഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ഗോപാല്‍ നാരായണ്‍ ഗോദ്‌സെയെ തടവ് ശിക്ഷയുടെ ദൈര്‍ഘ്യം പരിഗണിച്ച് മോചിപ്പിക്കാമെങ്കില്‍ അതേ ഇളവ് രാജീവ് ഗാന്ധി വധക്കേസിലുള്ളവര്‍ക്ക് എന്തുകൊണ്ട് നല്‍കിക്കൂടെന്നായിരുന്നു തമിഴ്‌നാടിന്റെ അഭിഭാഷകന്‍ രാകേഷ് ദ്വിവേദിയുടെ ചോദ്യം. മഹാത്മാഗാന്ധി വധത്തോളം വരില്ലല്ലോ രാജീവ് വധം. ഗാന്ധി വധ കേസില്‍ ഗോപാല്‍ വിനായക് ഗോഡ്‌സെക്ക് ജീവപര്യന്തം തടവുശിക്ഷയാണ് വിധിച്ചിരുന്നത്. 16 വര്‍ങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ അയാള്‍ക്ക് ജയില്‍ മോചനം നല്‍കുകയുണ്ടായി. ഇതിന് പിന്നിലും രാഷ്ട്രീയ താത്പര്യങ്ങളായിരുന്നു.
1991 മെയ് 21നാണ് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. 1998 ജനുവരി 28ന് 26 പ്രതികളെയും തൂക്കിക്കൊല്ലാന്‍ വിചാരണക്കോടതി വിധിക്കുകയും ചെയ്തു. 2015 അവസാനിക്കുമ്പോള്‍ കാല്‍ നൂറ്റാണ്ടോളം പ്രതികള്‍ ജയില്‍ ശിക്ഷ ഏറ്റുവാങ്ങി. ജീവപര്യന്തം ശിക്ഷ 14 കൊല്ലം കൊണ്ടവസാനിപ്പിച്ച അനുഭവങ്ങളേറെയുള്ള നമ്മുടെ രാജ്യത്ത് 25 കൊല്ലത്തോളം ജയില്‍ശിക്ഷ അനുഭവിച്ച രാജീവ് വധക്കേസിലെ പ്രതികളെ ഇനിയും തടവില്‍ വെക്കണോ എന്ന ചോദ്യവും പ്രസക്തമാണ്. ജീവപര്യന്തം തടവ് ജീവിതാവസാനം വരെയാണെന്നും ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടവരെ വിട്ടയക്കേണ്ടത് മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാറുകള്‍ക്ക് സ്വമേധയാ തീരുമാനമെടുക്കാന്‍ അധികാരമില്ലെന്നും സുപ്രീം കോടതി പലവുരു ഉണര്‍ത്തിയിട്ടുണ്ട്. നിയമപരമായ മാനദണ്ഡങ്ങള്‍ അവഗണിച്ചു പ്രതികളെ മോചിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാറുകളുടെ നിലപാടുകളെ 2008 ജൂലൈ 22ലെ വിധിന്യായത്തില്‍ ജസ്റ്റിസുമാരായ ബി എന്‍ അഗര്‍വാള്‍, ജി എസ് സിംഘി, അഫ്താബ് ആലം എന്നിവരുള്‍പ്പെട്ട ബഞ്ച് രൂക്ഷമായി വിമര്‍ശിക്കുകയുമുണ്ടായി. എന്നിട്ടും ബാഹ്യതാത്പര്യങ്ങളുടെ അടിസ്ഥാനത്തില്‍ 14 കൊല്ലത്തിന് ശേഷം പ്രതികളെ വിട്ടയക്കുന്ന പ്രവണത ഇപ്പോഴും തുടരുകയാണ്. സമാന കേസുകളില്‍ പോലും രണ്ട് തരം നീതിയും നിയമവുമല്ലേ രാജ്യത്ത് നടക്കുന്നതെന്ന സന്ദേഹത്തിന് ഇത് അവസരമേകുന്നുണ്ട്. മഅ്ദനിയെയും ഇത്തരുണത്തില്‍ ചിലരെങ്കിലും ഓര്‍ത്തേക്കാം. രാജ്യത്തെ നീതിന്യായ വ്യവസ്ഥ എത്രത്തോളം സുതാര്യവും നീതിനിഷ്ഠവുമാണെന്ന ചിന്തയിലേക്കാണ് ഇത് നമ്മെ നയിക്കുന്നത്.