മുല്ലപ്പെരിയാര്‍: പുതിയ വിദഗ്ധ സമിതി വേണമെന്ന് കേരളം

Posted on: December 2, 2015 11:53 pm | Last updated: December 2, 2015 at 11:53 pm

mullapperiyarതിരുവനന്തപുരം:മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ ഉറപ്പാക്കുന്നതു സംബന്ധിച്ചു പഠനം നടത്തുന്നതിനായി രാജ്യത്തിനകത്തും പുറത്തും നിന്നുള്ള വിദഗ്ധരെ ഉള്‍പ്പെടുത്തി സമിതിയെ നിയോഗിക്കണമെന്നു കേന്ദ്രത്തോടാവശ്യപ്പെടുമെന്നു ജലവിഭവ മന്ത്രി പി ജെ ജോസഫ്. പുതിയ ഡാം എന്ന ആവശ്യത്തില്‍ മാറ്റമില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നിയമസഭയില്‍ പറഞ്ഞു. തമിഴ്‌നാടിനു ജലവും കേരളത്തിനു സുരക്ഷയും എന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കും. തമിഴ്‌നാടിന്റെ താത്പര്യങ്ങള്‍ക്കു കോട്ടം സംഭവിക്കാത്ത വിധം കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമം തുടരും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 132ല്‍ നിന്നും 140ലേക്ക് ഉയരുമ്പോള്‍ വനത്തിനും വന്യജീവികള്‍ക്കും ഭീഷണിയാകുമെന്ന കാര്യം പഠനത്തില്‍ ബോധ്യമായതാണ്. ഇക്കാര്യം കേന്ദ്രത്തേയും സുപ്രീം കോടതിയേയും ധരിപ്പിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ലെന്നും മുഖ്യമന്ത്രി വ്യക്ത മാക്കി. ജലനിരപ്പു 140 അടിയാകുമ്പോള്‍ വെള്ളം താഴേക്ക് ഒഴുക്കിവിടാതെ വൈഗ ഡാമിലൂടെ ഒഴുക്കിവിടണമെന്നു തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം തൃശൂര്‍ മൃഗശാലകളിലായി കഴിഞ്ഞ 10 വര്‍ഷത്തിനിടെ 1277 ജീവികള്‍ മരിച്ചിട്ടുണ്ടെന്നു മന്ത്രി പി കെ ജയലക്ഷ്മി അറിയിച്ചു. കൂടുതല്‍ ജീവികളും പ്രായാധിക്യം മൂലമാണു മരിച്ചത്. തിരുവനന്തപുരത്ത് 508ഉം തൃശൂരില്‍ 769ഉം ജീവികളാണു മരിച്ചത്.