Connect with us

Kerala

ബാര്‍കോഴക്കേസ്: ഹൈക്കോടതി വിമര്‍ശത്തെ തുടര്‍ന്ന് റിവിഷന്‍ ഹരജി പിന്‍വലിച്ചു

Published

|

Last Updated

കൊച്ചി: ബാര്‍കോഴക്കേസില്‍ കെ എം മാണിക്കെതിരെ തുടരന്വേഷണം നടത്തണമെന്ന കോടതി വിധിക്കെതിരെ നല്‍കിയ റിവിഷന്‍ ഹരജി പിന്‍വലിച്ചു. എന്തടിസ്ഥാനത്തിലാണ് റിവിഷന്‍ ഹരജി നല്‍കിയതെന്ന് ചോദിച്ച കോടതി ഹരജി പിന്‍വലിച്ചില്ലെങ്കില്‍ കനത്ത പിഴ നല്‍കേണ്ടിവരുമെന്നും വ്യക്തമാക്കി. ഹരജി നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും റിവ്യൂ പെറ്റീഷനാണ് നല്‍കേണ്ടതെന്നും കോടതി വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് ഹരജിക്കാരനായ തൊടുപുഴ സ്വദേശി സണ്ണി മാത്യു ഹരജി പിന്‍വലിക്കുകയായിരുന്നു.

ബെഞ്ച് മാറിയാണ് ഇന്നത്തെ ഹരജി പരിഗണിച്ചത്. കഴിഞ്ഞ ദിവസം ഈ ഹരജി പരിഗണിക്കുമ്പോള്‍ ജസ്റ്റിസ് സുധീന്ദ്ര കുമാര്‍ ബാര്‍കേസ് സിബിഐ അന്വേഷിക്കുന്നതല്ലേ ഉചിതമെന്ന് ചോദിച്ചിരുന്നു. മാത്രമല്ല മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മാണി കുറ്റക്കാരനല്ലെന്ന് പറയുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഏജന്‍സിയുടെ അന്വേഷണം എങ്ങനെ നീതിപൂര്‍വകമാകുമെന്നും കോടതി ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഹരജി ജസ്റ്റിസ് കമാല്‍പാഷയുടെ ബെഞ്ചിലേക്ക് ഇന്ന് മാറ്റിയത്. നേരത്തെ ബാര്‍കോഴ സംബന്ധിച്ച ഹരജികള്‍ പരിഗണിച്ചത് ജസ്റ്റിസ് കമാല്‍പാഷയായിരുന്നു. മാണിയുടെ രാജിയിലേക്ക് നയിച്ച കോടതി പരാമര്‍ശവും ജസ്റ്റിസ് കമാല്‍ പാഷയില്‍ നിന്നായിരുന്നു.

Latest