Connect with us

Eranakulam

വ്യാപാര മഹോത്സവത്തിന് വര്‍ണാഭമായ തുടക്കം

Published

|

Last Updated

ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ്‍ ഒമ്പത് കൊല്ലം കന്റോണ്‍മെന്റ് മൈതാനത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരളത്തിന്റെ വ്യാപാരോത്സവത്തിന് വര്‍ണാഭമായ തുടക്കം. ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവല്‍ സീസണ്‍ ഒമ്പത് കൊല്ലം കന്റോണ്‍മെന്റ് മൈതാനത്ത് ഒരുക്കിയ പ്രൗഢമായ വേദിയില്‍ മുഖ്യന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.
ഫെസ്റ്റിവലിന്റെ ഓരോ സീസണും വ്യത്യസ്തമായ പദ്ധതികള്‍കൊണ്ട് പുതിയ അനുഭവമാവുകയാണെന്ന് മുഖ്യന്ത്രി പറഞ്ഞു. ഈ വര്‍ഷം മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള കരുതല്‍ “അവര്‍ക്കായി നമുക്കും വാങ്ങാം” എന്ന പദ്ധതിയിലൂടെ ഫെസ്റ്റിവല്‍ ശ്രദ്ധേയമാകുകയാണ്. എല്ലാ വ്യാപാര സംഘടനകളെയും ഒന്നിച്ച് അണിനിരത്തുന്ന ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംസ്ഥാനത്ത് ആകെ ഉത്സവാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടൂറിസം വകുപ്പിന്റെ വിസിറ്റ് കേരള- 2015 പരിപാടിയുമായി സംയോജിപ്പിച്ചാണ് ഇത്തവണത്തെ ഫെസ്റ്റിവല്‍. അവര്‍ക്കായി നമുക്കും വാങ്ങാം പദ്ധതിയില്‍ ക്യാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്കായി ഗവര്‍ണര്‍ പി സദാശിവം വാങ്ങിനല്‍കിയ വസ്ത്രങ്ങള്‍ സന്നദ്ധ സംഘടനാ പ്രതിനിധി ഷീബ അമീറിന് മുഖ്യമന്ത്രി കൈമാറി. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് സുരാജ് വെഞ്ഞാറമൂട് അഗതികളായ അമ്മമാര്‍ക്ക് വാങ്ങി നല്‍കിയ വസ്ത്രങ്ങള്‍ മുഖ്യമന്ത്രി ഏറ്റുവാങ്ങി. ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജി കെ എസ് എഫ് ഡയറക്ടര്‍ കെ എം അനില്‍ മുഹമ്മദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേയര്‍ വി രാജേന്ദ്രബാബു, ടൂറിസം ഡയറക്ടര്‍ ശേഖ് പരീത്, സെക്രട്ടറി കമല വി റാവൂ, കോര്‍പറേഷന്‍ കൗണ്‍സിലര്‍ റീന സെബാസ്റ്റ്യന്‍, എ എ അസീസ് എം എല്‍ എ, ഡി ടി പി സി സെക്രട്ടറി കെ പ്രസാദ് സ്‌പോണ്‍സര്‍ സംഘടനകളുടെ പ്രതിനിധികള്‍, വ്യാപാര സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു.