മസ്ജിദുകളിലെ പാര്‍ക്കിംഗ് ദുരുപയോഗം; പ്രചാരണവുമായി ഔഖാഫ്

Posted on: December 1, 2015 7:24 pm | Last updated: December 1, 2015 at 7:27 pm

ദോഹ: മസ്ജിദുകളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി പ്രാര്‍ഥനാവേളകളിലല്ലാതെ മസ്ജിദുകളുടെ പാര്‍ക്കിംഗ് സ്ഥലം ഉപയോഗിക്കുന്നതിനെതിരെ ബോധവത്കരണ ക്യാംപയിന്‍ നടത്തുമെന്ന് ഔഖാഫ് മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. മസ്ജിദുകളുടെ പാര്‍ക്കിംഗ് സ്ഥലം ദുരുപയോഗം ചെയ്യുന്നതിനെതിരെയുള്ള പ്രചാരണം ആറ് മാസം നീളും. പ്രചാരണത്തിന് ശേഷം ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് നടപടിയെടുക്കും. ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബ് മസ്ജിദില്‍ നടന്ന ഇമാമുമാരുടെയും പ്രഭാഷകരുടെയും യോഗത്തിലാണ് ഈ തീരുമാനം.
ക്യാംപയിന്‍, ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റുമായി ചേര്‍ന്ന് എപ്രകാരമാണ് മസ്ജിദുകളുടെ പവിത്രത കാത്തുസൂക്ഷിക്കാന്‍ വേണ്ട നടപടികള്‍ നടപ്പാക്കുക എന്നിവയെ സംബന്ധിച്ച് ഔഖാഫ് മന്ത്രാലയത്തിലെ മസ്ജിദ് വകുപ്പ് ഡയറക്ടര്‍ മുഹമ്മദ് ബിന്‍ ഹമദ് അല്‍ കുവാരി വിശദീകരിച്ചു. ചിലയാളുകളും കമ്പനികളും മസ്ജിദിലെ പാര്‍ക്കിംഗ് സ്ഥലം സ്വകാര്യവസ്തു എന്ന നിലക്ക് ഉപയോഗിക്കുന്നുണ്ട്. സ്വന്തം വസ്തു പോലെ സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കുന്നു. അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാനുള്ള ക്യാംപയിനുകളുടെ പ്രധാന സ്തംഭം ഇമാമുമാരും പ്രഭാഷകരുമാണെന്ന് മീഡിയ ആന്‍ഡ് ട്രാഫിക് അവേര്‍നസ്സ് ഡയറക്ടര്‍ ലെഫ്.കേണല്‍ മുഹമ്മദ് റാളി അല്‍ ഹാജ്‌രി പറഞ്ഞു. മസ്ജിദുകളുടെയും അനുബന്ധ സ്ഥലങ്ങളുടെയും പവിത്രത കാത്തുസൂക്ഷിക്കാനും ഈദിലും വെള്ളിയാഴ്ചകളിലും പ്രത്യേകിച്ച് ട്രാഫിക് സുഗമമായി മുന്നോട്ടുപോകാന്‍ വേണ്ട നടപടികളില്‍ ഔഖാഫ് മന്ത്രാലയത്തോടുകൂടെയുണ്ടാകും. മസ്ജിദുകളുടെ പാര്‍ക്കിംഗ് സ്ഥലം ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധമാണ്. എല്ലാവരുടെയും സഹകരണത്തോടെ പ്രചാരണം വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.