മന്ത്രിയുടെ പ്രസ്താവന ചൂടാറും മുമ്പെ വീണ്ടും പോസ്റ്ററുകള്‍

Posted on: December 1, 2015 9:54 am | Last updated: December 1, 2015 at 9:54 am

മാനന്തവാടി: പി വി ജോണിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലയില്‍ വ്യാപക പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്ന സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പോലീസിന് നിര്‍ദേശം നല്‍കി 24 മണിക്കൂര്‍ തികയും മുമ്പെ വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പി വി ജോണിന്റെ വീട് സന്ദര്‍ശിച്ചപ്പോഴാണ് വ്യാജ പോസ്റ്ററുകള്‍ സംബന്ധിച്ച് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചത്. സേവ് കോണ്‍ഗ്രസ് എന്ന പേരിലാണ് പോസ്റ്ററുകള്‍.
കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി പി എമ്മിന് വിറ്റ് കാശാക്കിയ പി വി ബാലചന്ദ്രനെയും കെ കെ അബ്രഹാമിനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുക, വി കെ ജോസിനേയും ജനം തിരിച്ചറിയുക എന്നിവയാണ് പുതിയ പോസ്റ്ററിലെ വാചകങ്ങള്‍.
അതെ സമയം ജോണിന്റെ മരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസിലെ ഇരുവിഭാഗങ്ങള്‍ പോസ്റ്ററുകള്‍ പതിക്കുന്നതെന്നും വ്യാപക ആരോപണമുണ്ട്.