Connect with us

Wayanad

ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ ദൃശ്യവല്‍ക്കരിച്ച് നാടകോത്സവം

Published

|

Last Updated

സുല്‍ത്താന്‍ ബത്തേരി: സ്ഥലകാല ബദ്ധമായ രംഗകലയിലൂടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകള്‍ ദൃശ്യവത്കരിച്ച നാടകോത്സവം വ്യത്യസ്തമായ പ്രമേയവും അവതരണരീതിയും കൊണ്ട് ശ്രദ്ധേയമായി. വീരപഴശ്ശിയുടെ 211-ാം ബലിദിനാചരണത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടികളുടെ ഭാഗമായി മാനന്തവാടി കമ്മ്യൂനിറ്റി ഹാളില്‍ സംഘടിപ്പിച്ച നാടകോത്സവത്തില്‍ നാടകത്തേയും കലയേയും സ്‌നേഹിക്കുന്ന ധാരാളം ആളുകളാണ് പങ്കെടുത്തത്.
ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജെ പൈലി നിര്‍വ്വഹിച്ചു. പഴശ്ശി ഗ്രന്ഥാലയം ജനറല്‍ കണ്‍വീനര്‍ ഷാജന്‍ ജോസ് അധ്യക്ഷനായി. മാനന്തവാടി നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രദീപ ശശി, വി.കെ. പ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ. മുരുകാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാനന്തവാടി നഗരസഭ, ബ്ലോക്ക് പഞ്ചായത്ത്, സംസ്ഥാന പുരാവസ്തു വകുപ്പ്, പഴശ്ശി ഗ്രന്ഥാലയം തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിലാണ് പഴശിദിനാചരണ പരിപാടികള്‍ നടക്കുന്നത്.
മനുഷ്യരെപ്പോലെ തന്നെ പ്രകൃതിയിലെ മറ്റെല്ലാ ജീവജാലങ്ങളും മണ്ണിന്റെ അവകാശികളാണെന്ന സന്ദേശം നല്‍കുന്ന മൂന്ന് നാടകങ്ങളാണ് അരങ്ങിലെത്തിയത്. പഴമയുടെ ഓര്‍മ്മപ്പെടുത്തലിലൂടെ ചെറിയ കാര്യങ്ങള്‍ പോലും വലുതാക്കി പറയുന്ന ഇന്നത്തെ മനുഷ്യന്റെ അവസ്ഥകള്‍ കാണിച്ച എലി-കെണി, കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് സ്വയംബോധം നഷ്ടപ്പെട്ട് നായായും നരിയായും മനുഷ്യപരിണാമ കഥയിലെ കുരങ്ങായും ജീവിക്കാന്‍ ആഗ്രഹിച്ചതും ജീവിക്കേണ്ടി വരുന്നതുമായ വേഷങ്ങളാടിത്തീര്‍ക്കാന്‍ വിധിക്കപ്പെട്ട മാധവന്റെ കഥ പറഞ്ഞ കുട, മാജിക്കിന്റെ വിസ്മയക്കാഴ്ച്ചകളിലുടെ മാലിന്യ പ്രശ്‌നങ്ങളെയും മറ്റു ജീവികളുടെ ആവാസ വ്യവസ്ഥയില്‍ മനുഷ്യന്റെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ കൈകടത്തലും ആവിഷ്‌ക്കരിച്ച് കടല്‍ എന്നീ നാടകങ്ങളാണ് അരങ്ങിലെത്തിയത്. 30 മിനിറ്റോളം ദൈര്‍ഘ്യമുള്ള നാടകത്തില്‍ ആറു പേരാണ് വേദിയിലെത്തിയത്. ഗ്രാന്‍ഡ് ഡ്രേപ്പ് എന്റര്‍റ്റൈന്‍മെന്റ്‌സ് ആണ് നാടകം അവതരിപ്പിച്ചത്.
മാനന്തവാടിയില്‍ ജനിച്ച് വളര്‍ന്ന് കലയോടുള്ള താല്‍പ്പര്യം കൊണ്ട് പഠനമേഖല നാടകമാണെന്നു തിരിച്ചറിഞ്ഞ യുവാക്കളുടെ കൂട്ടായ്മയാണ് ഗ്രാന്‍ഡ് ഡ്രേപ്പ് എന്റര്‍റ്റൈന്‍മെന്റ്‌സ്. തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ, ന്യൂഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ, ഹൈദരാബാദ് എസ്.എന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി തുടങ്ങിയ കലാ വിദ്യാലയങ്ങളില്‍ നിന്ന് ഉപരിപഠനം പൂര്‍ത്തിയാക്കിയ ഇവരില്‍ ജിജോ കെ മാത്യു, ഫിറോസ് ഖാന്‍ എന്നിവരാണ് ഗ്രാന്‍ഡ് ഡ്രേപ്പിന്റെ പ്രധാന സാരഥികള്‍. പ്രാദേശികതലത്തില്‍ വിവിധ മേഖലകളില്‍പ്പെടുന്ന കലാകര•ാരെയുള്‍പ്പെടുത്തിയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ചുരുങ്ങിയ ചെവലില്‍ ജില്ലയിലെ മുഴുവന്‍ ഉള്‍നാടന്‍ പ്രദേശങ്ങളിലും നാടകം അവതരിപ്പിച്ച് ജനങ്ങളില്‍ നാടകത്തോടുള്ള താല്‍പ്പര്യം വര്‍ദ്ധിപ്പിച്ച് യുവജനോത്സവ വേദികളിലും മത്സരങ്ങളിലും മാത്രമൊതുങ്ങിക്കൊണ്ടിരിക്കുന്ന നാടകത്തെ ജനകീയ കലയാക്കി മാറ്റുകയെന്നതാണ് ഇവരുടെ പ്രധാന ലക്ഷ്യം.

പബ്ലിക് ലൈബ്രറി എക്‌സിക്യുട്ടീവ് യോഗം
വെള്ളമുണ്ട: പബ്ലിക് ലൈബ്രറിപ്രവര്‍ത്തക യോഗവും പുസ്തക സ്റ്റോക്കെടുപ്പ് യോഗവും ഡിസംബര്‍ എട്ടിന് വൈകീട്ട് 5 ന് ലൈബ്രറിയില്‍ ചേരും.

---- facebook comment plugin here -----

Latest