Connect with us

Gulf

ഈ ദിനം രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലിയര്‍പിക്കാനുള്ളത്- ശൈഖ് ഖലീഫ

Published

|

Last Updated

അബുദാബി: ഇന്നത്തെ ദിനം രാജ്യത്തിനായി രക്തസാക്ഷിത്വം വരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പിക്കാനുള്ളതാണെന്ന് യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍. ആദ്യ രക്തസാക്ഷിത്വ ദിനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ശൈഖ് ഖലീഫ ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തിന്റെ സുപ്രധാന ദിനങ്ങളില്‍ ഒന്നാണിത്. നാം നമ്മുടെ ധീരരായ രക്തസാക്ഷികളുടെ മഹത്തായ പ്രവര്‍ത്തിയാല്‍ പ്രചോദിതരായിരിക്കയാണ്. അവര്‍ കാണിച്ച രാജ്യസ്‌നേഹം സമാനതകളില്ലാത്തതാണ്. നമ്മുടെ രാജ്യത്തെ കാത്തുസൂക്ഷിക്കുന്നതില്‍ രക്തസാക്ഷികള്‍ മഹത്തായ മാതൃകയാണ് നമുക്ക് കാണിച്ചുതന്നിരിക്കുന്നത്. രാജ്യത്തിനായി ജീവത്യാഗം ചെയ്ത ധീരരായ നമ്മുടെ സൈനികരുടെ പരലോക ജീവിതം സുഖകരമാക്കാനും അവര്‍ക്ക് സ്വര്‍ഗം നല്‍കാനും നാം സര്‍വശക്തനോട് പ്രാര്‍ഥിക്കുകയാണ്.
ദു:ഖാര്‍ത്തരായ അവരുടെ കുടുംബത്തിന് വേര്‍പാട് താങ്ങാനുള്ള കരുത്തും സര്‍വശക്തന്‍ നല്‍കട്ടെ. ഇത്തരത്തില്‍ സുധീരമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ രാഷ്ട്രത്തിന് അഭിമാനത്തോടെ വളരാനാവൂ. രക്തസാക്ഷികളുടെ മഹത്തായ ജീവത്യാഗം ഏത് കാലത്തും ചരിത്രം ഓര്‍ക്കും. രാജ്യത്തിന്റെ മഹത്വവും അഭിമാനവും എന്നും ഉയര്‍ന്നുനില്‍ക്കാന്‍ ഇതിലൂടെ സാധ്യമാവും. രാഷ്ട്രത്തെക്കുറിച്ച് നമ്മുടെ തലമുറക്കും പുതുതലമുറക്കും വരാനിരിക്കുന്ന തലമുറക്കുമെല്ലാം അഭിമാനിക്കാവുന്ന കാര്യമാണ് രാഷ്ട്രത്തിന് വേണ്ടി പോരാടി രക്തസാക്ഷിത്വം വരിച്ചവര്‍ ചെയ്തിരിക്കുന്നത്. രക്തസാക്ഷികള്‍ രണാങ്കണത്തില്‍ പ്രദര്‍ശിപ്പിച്ച ധീരത ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെടും. വരാനിരിക്കുന്ന വര്‍ഷങ്ങളിലെല്ലാം നവംബര്‍ 30 രക്തസാക്ഷികളെ ഓര്‍ക്കാനും അവരോടുള്ള ആദരവ് പ്രകടിപ്പിക്കാനുമായി നാം മാറ്റിവെച്ചിരിക്കയാണ്. രക്തസാക്ഷികളുടെ കുടുംബത്തിന് ആവശ്യമായതെല്ലാം സര്‍ക്കാര്‍ നല്‍കും. അവരുടെ ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങിയ അടിസ്ഥാനപരമായ ഏതു കാര്യത്തിലും ഒരു കുറവും വരുത്തില്ല. അത്യാധുനിക സൗകര്യങ്ങളുള്ള വീടുകളും അവര്‍ക്കായി ലഭ്യമാക്കും. നമ്മുടെ കുടുംബത്തിലെ പ്രിയഭാജനങ്ങളായി നാം അവരെ കണക്കാക്കുന്നു. അവര്‍ക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള സൗകര്യങ്ങളെല്ലാം ചെയ്യുകയെന്നത് നമ്മുടെ ഉത്തവാദിത്വവും പ്രഥമ കര്‍ത്തവ്യവുമാണെന്നും ശൈഖ് ഖലീഫ ഓര്‍മിപ്പിച്ചു.

Latest