യമനില്‍ വേണ്ടത്ര ഭക്ഷണമില്ലാതെ ഒരു കോടിയിലേറെ ജനങ്ങള്‍

Posted on: November 30, 2015 12:44 am | Last updated: November 30, 2015 at 12:44 am

സന്‍ആ: ഹൂത്തികള്‍ സൃഷ്ടിച്ച ആഭ്യന്തര കലാപവും തുടര്‍ന്നുണ്ടായ അറബ് സഖ്യസേനയുടെ വ്യോമാക്രണവും മൂലം യമന്‍ ജനതയിലെ വലിയൊരു ഭാഗം പട്ടിണി നേരിടുന്നു. ഒരു നേരത്തെ ആഹാരത്തിനും വെള്ളത്തിനും വേണ്ടി പ്രയാസപ്പെടുന്നവര്‍ നിരവധിയാണ്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് പതിനായിരക്കണക്കിന് യമനികളാണ് സ്വദേശം വിട്ട് അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നത്. യമന്‍ സര്‍ക്കാറിനെതിരെ യുദ്ധം നടത്തുന്ന ഹൂത്തികളെ തുരത്താനായിരുന്ന മാര്‍ച്ചില്‍ സഊദി അറേബ്യ വ്യോമാക്രമണം ആരംഭിച്ചത്. ഹൂത്തികളുടെ ശക്തികേന്ദ്രങ്ങള്‍ക്ക് നേരെ അറബ് സഖ്യസൈന്യം നിരവധി ആക്രമണങ്ങള്‍ നടത്തിയിരുന്നു. 15 ലക്ഷം ജനങ്ങള്‍ പാലായനം ചെയ്തതായാണ് കണക്ക്. എന്നാല്‍ വെള്ളത്തിനും ഭക്ഷണത്തിനുമായി ഇതിലേറെ ജനങ്ങളാണ് കഷ്ടപ്പെടുന്നത്. കണക്കുകള്‍ പ്രകാരം യമനില്‍ ഒരു കോടിയിലേറെ ജനങ്ങള്‍ക്ക് മതിയായ ഭക്ഷണം ലഭിക്കുന്നില്ല. രാജ്യത്തിന്റെ ആകെ ജനസംഖ്യയുടെ പകുതിയിലധികം വരുമിത്. 70 ലക്ഷം ജനങ്ങള്‍ അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നത്. നിലവിലുള്ള സാഹചര്യം രാജ്യത്തെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിലും അപ്പുറമാണെന്ന് ലോക ഭക്ഷ്യ പ്രോഗ്രാം മിഡില്‍ ഈസ്റ്റ് മേഖലാ വാക്താവ് അബീര്‍ എതെഫ പറഞ്ഞു. സന്നദ്ധസംഘടനകള്‍ക്ക് പ്രവര്‍ത്തനം നടത്തുന്നതിനും പ്രയാസം നേരിടുന്നുണ്ട്. തന്ത്രപ്രധാനമായ പ്രദേശങ്ങളില്‍ പ്രവേശിക്കുന്നതിന് ഇവര്‍ക്ക് വിലക്കുണ്ട്. തായിസ് നഗരത്തിന്റെ നിയന്ത്രണം ഹൂതി വിമതരുടെ കയ്യിലാണ്. നിരവധി പാലങ്ങള്‍ തകര്‍ക്കപ്പെടുകയും ചിലത് നശിച്ചിട്ടുമുണ്ട്. ഇത് കാരണം ഭക്ഷണവിതരണവും പ്രയാസകരമാണ്.