Connect with us

Thrissur

കുന്നംകുളം നഗരസഭാ കൗണ്‍സിലിന്റെ പ്രഥമ യോഗത്തില്‍ ബഹളം

Published

|

Last Updated

കുന്നംകുളം: എം എല്‍ എ ബാബു എം പാലിശ്ശേരിക്കെതിരെയുള്ള പ്രമേയം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കുന്നംകുളം നഗരസഭാ പുതിയ കൗണ്‍സിലിന്റെ പ്രഥമ യോഗത്തില്‍ ബഹളം.
ഇതേ തുടര്‍ന്ന് അജന്‍ഡകള്‍ ചര്‍ച്ച ചെയ്യാനാകാതെ യോഗം നിര്‍ത്തിവെച്ചു. യോഗം ആരംഭിച്ച ഉടന്‍ ആര്‍ എം പിയാണ് പ്രമേയം അവതരിപ്പിച്ചത്. എം എല്‍ എ ബാബു എം പാലിശ്ശേരി ആര്‍ എം പി അംഗമായ പി എ സോമനെ ഈ മാസം 21 ന് രാത്രി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും സംഭവത്തില്‍ കൗണ്‍സില്‍ പ്രതിഷേധിക്കണമെന്നുമായിരുന്നു ആവശ്യം.
ഭരണസമതി ഇത് അംഗീകരിക്കാതിരുന്നതോടെ യു ഡി എഫ്, ബി ജെ പി അംഗങ്ങളും പ്രമേയത്തിന് പിന്തുണയുമായെത്തി. 37 അംഗ കൗണ്‍സിലില്‍ 15 പേരുടങ്ങുന്ന സി പി എം ഭരണ സമിതി വിഷയം വോട്ടിനിടാതെ പരിഹരിക്കാന്‍ ശ്രമം നടത്തിയെങ്കിലും പ്രതിപക്ഷാംഗങ്ങള്‍ അടങ്ങിയില്ല. സംഭവത്തിന് തെളിവായി ഫോണ്‍ സംഭാഷണത്തിന്റെ സി ഡി സോമന്‍ അധ്യക്ഷക്ക് നല്‍കിയെങ്കിലും അന്വേഷണം നടക്കട്ടേയെന്നും പോലീസില്‍ പരാതി നല്‍കാമെന്നും ഭരണ സമിതി അംഗങ്ങള്‍ പറഞ്ഞു.
തുടര്‍ന്ന് പ്രമേയം തള്ളിയതായി അറിയിച്ച് ചെയര്‍പേഴ്‌സണ്‍ അജന്‍ഡകള്‍ വായിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇത് തടസ്സപ്പെടുത്തി വോട്ടിനിടണം എന്ന ആവശ്യത്തില്‍ പ്രതിപക്ഷം ഉറച്ചു നിന്നതോടെ യോഗം ബഹളമയമായി. പിന്നീട് യോഗം അവസാനിപ്പിച്ചതായി അധ്യക്ഷ അറിയിച്ചു.
എം എല്‍ എയുടെ ഭീഷണി സംബന്ധിച്ച് ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കിയതായി സോമന്‍ പറഞ്ഞു. അജന്‍ഡകളെല്ലാം അടുത്ത കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് അംഗങ്ങള്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

Latest