വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല ചിത്രം: പോലീസുകാരന് സസ്പന്‍ഷന്‍

Posted on: November 26, 2015 11:37 pm | Last updated: November 26, 2015 at 11:37 pm
SHARE

watsaappകോഴിക്കോട്: വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല ചിത്രം പോസ്റ്റ്‌ചെയ്ത പോലീസുകാരന് സസ്പന്‍ഷന്‍. കോഴിക്കോട് നടക്കാവ് പോലീസ് സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ.പി ഷാജിയെയാണ് സിറ്റി പോലീസ് കമ്മീഷ്ണര്‍ പിഎ വല്‍സന്‍ സസ്പന്‍ഡ് ചെയ്തത്. വിദ്യാര്‍ത്ഥികളോടുള്ള കടമകള്‍ എന്ന പേരില്‍ കോഴിക്കോട് പറോപ്പടിയില്‍ രക്ഷിതാക്കള്‍ വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. ഗ്രൂപ്പിന്റെ അഡ്മിനായിരുന്ന പാറോപ്പടി സ്വദേശി രാജു പി മേനോനാണ് പോലീസുകാരന്റെ അശ്ലീല ചിത്രം പോസ്റ്റിയതിനെതിരെ പരാതിനല്‍കിയത്. സ്‌പെഷ്യല്‍ ബ്രാഞ്ച് അസി.കമ്മീഷ്ണര്‍ പിടി ബാലന്‍ അന്വേഷിച്ച് പോലീസുകാരനെതിരെ റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് പ്രകാരമാണ് സസ്പന്‍ഷന്‍.
ഒരു കുട്ടിയുടെ വാട്‌സാപ്പിലേക്ക് വന്ന അശ്ലീല ചിത്രം ഒരു രക്ഷിതാവ് തനിക്ക് അയച്ചു തന്നതാണെന്നും കൈ തെറ്റി അറിയാതെ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്‌തെന്നുമാണ് പോലീസുകാരന്റെ വിശദീകരണം. ഗ്രൂപ്പ് അഡ്മിന്‍ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ ഐടി ആക്ട് പ്രകാരം പോലീസുകാരനെ പ്രതിയാക്കി കേസെടുത്തേക്കും.