തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളി ജവാന്റെ മൃതദേഹം സംസ്‌കരിച്ചു

Posted on: November 26, 2015 11:12 am | Last updated: November 26, 2015 at 2:01 pm
SHARE

subineshകോഴിക്കോട്: ജമ്മുകശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മലയാളി ജവാന്‍ സുബിനേഷിന്റെ മൃതദേഹം സംസ്‌കരിച്ചു. കൊയിലാണ്ടി ചെങ്ങോട്ടുകാവ് സ്വദേശി ചേലിയ അടിയള്ളൂര്‍ മീത്തല്‍ കുഞ്ഞിരാമന്‍-ശോഭന ദമ്പതികളുടെ മകനാണ് സുബിനേഷ്. രാവിലെ 6.30ന് കോരപ്പുഴ പാലം പരിസരത്തെത്തിച്ച് അവിടെ നിന്ന് സൈനിക വാഹനത്തില്‍ ജന്‍മനാടായ ചെങ്ങോട്ടുകാവിലേക്ക് വിലാപയാത്രയായി കൊണ്ടുപോയി. വീടിനു സമീപത്തുള്ള ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് ശേഷം രാവിലെ 11 ന് സൈനിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
കശ്മീരിലെ രജൗറി ജില്ലയിലെ നൗഷാര മേഖലയിലാണ് സുബിനേഷ് കൊല്ലപ്പെട്ടത്. അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്കുനേരെ തീവ്രവാദികള്‍ നിറയൊഴിക്കുകയായിരുന്നു.
2008 മാര്‍ച്ചില്‍ സൈനികസേവനം ആരംഭിച്ച സുബിനേഷ് ആറു മാസം മുമ്പാണ് അവധിക്ക് നാട്ടില്‍ വന്ന് മടങ്ങിയത്. അടുത്ത മാസം 20ന് നടക്കാനിരുന്ന വിവാഹത്തിനായി 15ന് നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് മരണം.