Connect with us

National

നിലപാടില്‍ മാറ്റമില്ല; രാജ്യസ്‌നേഹം തെളിയിക്കാന്‍ ആരുടെയും കൈയൊപ്പ് വേണ്ട- ആമിര്‍ ഖാന്‍

Published

|

Last Updated

ന്യൂഡല്‍ഹി: അസഹിഷ്ണുതയുമായി ബന്ധപ്പെട്ട് തന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയ സംഘ്പരിവാര്‍ നേതാക്കള്‍ക്ക് ബോളിവുഡ് താരം ആമിര്‍ ഖാന്റെ ശക്തമായ മറുപടി. ഇന്ത്യക്കാരനായതില്‍ അഭിമാനിക്കുന്നുവെന്നും രാജ്യസ്‌നേഹം തെളിയിക്കാന്‍ ആരുടെയും കൈയൊപ്പ് വേണ്ടെന്നും പറഞ്ഞ അദ്ദേഹം നിലപാടില്‍ ഉറച്ചുനില്‍ക്കുവെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ അറിയിച്ചു.
“ഡല്‍ഹിയില്‍ പുരസ്‌കാര ചടങ്ങിനിടെ നടത്തിയ അഭിമുഖത്തില്‍ പറഞ്ഞ നിലപാടില്‍ മാറ്റമില്ല. രാജ്യം വിടാന്‍ എനിക്കോ ഭാര്യ കിരണിനോ ഉദ്ദേശ്യമില്ല. ഭാവിയിലും അങ്ങനെ തന്നെയായിരിക്കും. ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ വളച്ചൊടിക്കാന്‍ മനഃപൂര്‍വം ശ്രമിച്ചതാണ്. പറഞ്ഞ കാര്യങ്ങള്‍ ഹൃദയത്തില്‍ നിന്ന് വന്നതാണ്”- ആമിര്‍ പറഞ്ഞു.
“ഹൃദയം തുറന്ന് സംസാരിച്ചതിന് എന്നെ ആക്രമിച്ചവരോട് ദുഃഖത്തോടെ ഒരു കാര്യം മാത്രമാണ് പറയാനുള്ളത്. എന്റെ ആശങ്ക ശരിവെക്കുന്നതാണ് നിങ്ങളുടെ പ്രതികരണം. വിവാദത്തില്‍ കൂടെ നിന്നവര്‍ക്ക് നന്ദിയുണ്ട്. വൈവിധ്യം, ഭാഷ, സംസ്‌കാരം, പാരമ്പര്യം, സഹിഷ്ണുത തുടങ്ങിയ രാജ്യത്തിന്റെ വിശിഷ്ട സ്വഭാവങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ഒരുമിച്ചു നില്‍ക്കാം”- പ്രസ്താവനയില്‍ ആമിര്‍ കൂട്ടിച്ചേര്‍ത്തു.
ചില സംഭവങ്ങള്‍ നടന്നപ്പോള്‍ ഇന്ത്യ വിടുന്നതാണ് നല്ലതെന്ന് ഭാര്യ കിരണ്‍ റാവു അഭിപ്രായപ്പെട്ട കാര്യം പറഞ്ഞതാണ് ആമിര്‍ ഖാനെതിരെ സംഘ്പരിവാര്‍ സംഘടനകളെ പ്രകോപിതരാക്കിയത്. ആമിറിനെ എതിര്‍ത്ത് അനുപം ഖേര്‍ ഉള്‍പ്പടെയുള്ള നടന്മാരും സംഘ്പരിവാര്‍ നേതാക്കളും കേന്ദ്ര സര്‍ക്കാറും രംഗത്തെത്തിയിരുന്നു.
അതേസമയം, കോണ്‍ഗ്രസും ഇടത് കക്ഷികളും ആമിര്‍ ഖാന് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന രാംനാഥ് ഗോയങ്ക പത്രപ്രവര്‍ത്തക പുരസ്‌കാര വിതരണച്ചടങ്ങിലാണ് ആമിര്‍ ഖാന്‍ ആശങ്ക പങ്കുവെച്ചത്.

ആമിറിനെതിരായ ഹരജി
ഫയലില്‍ സ്വീകരിച്ചു
ന്യൂഡല്‍ഹി: അസഹിഷ്ണുത സംബന്ധിച്ച പരാമര്‍ശം നടത്തിയ ബോളിവുഡ് താരം ആമിര്‍ ഖാനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് കാണ്‍പൂര്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയി ഹരജി ഫയലില്‍ സ്വീകരിച്ചു. അഭിഭാഷകനായ മനോജ്കുമാര്‍ ദീക്ഷിതാണ് കേസ് ഫയല്‍ ചെയ്തത്. ആമിര്‍ രാജ്യവിരുദ്ധ പരാമര്‍ശമാണ് നടത്തിയതെന്നും ഇത് രാജ്യദ്രോഹക്കുറ്റമാണെന്നും ഹരജിക്കാരന്‍ ആരോപിച്ചു. ഐ പി സി 124 ാം വകുപ്പ് പ്രകാരം ഫയല്‍ ചെയ്ത കേസിന്റെ വിചാരണാ നടപടികള്‍ കോടതി ഡിസംബര്‍ ഒന്നിലേക്ക് മാറ്റിവെച്ചു. ഇതേ ആവശ്യമുന്നയിച്ച് ലഭിച്ച മറ്റൊരു പരാതിയില്‍ ന്യൂ അശോക് നഗര്‍ പോലീസ് ആമിര്‍ ഖാനെതിരെ കേസെടുത്തിരുന്നു. ഹ്രസ്വചിത്ര നിര്‍മാതാവായ പി ആര്‍ ഉല്‍ഹാസ് നല്‍കിയ പരാതിയിലാണ് നടപടി.