പ്രവാസി കമ്മീഷന്‍ വരുന്നു

Posted on: November 26, 2015 6:00 am | Last updated: November 26, 2015 at 12:27 am
SHARE

തിരുവനന്തപുരം: പ്രവാസികള്‍ക്കായി അര്‍ധ ജൂഡീഷ്യല്‍ അധികാരത്തോടെ എന്‍ ആര്‍ ഐ കമ്മീഷന്‍ രൂപവത്കരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രവാസികളുടെ അവകാശങ്ങളും താത്പര്യങ്ങളും വസ്തുവകകളും മറ്റും സംരക്ഷിക്കുക, അവരുടെ നിക്ഷേപങ്ങള്‍ക്ക് സംരക്ഷണം നല്‍കുക, പ്രവാസികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുമായി ഇടപെടുക, വ്യാജ റിക്രൂട്ട്‌മെന്റുകള്‍ തടയാന്‍ നടപടി സ്വീകരിക്കുക, പ്രവാസികള്‍ക്കെതിരെയുള്ള അന്യായ നടപടികള്‍ക്കെതിരെ വിവിധ വകുപ്പുകളുമായും മറ്റും ബന്ധപ്പെടുക തുടങ്ങിയവയാണ് ചുമതലകള്‍.
വ്യത്യസ്ത ചട്ടങ്ങളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ഏജന്‍സികളുടെയും സേവനങ്ങള്‍ തുല്യപരിഗണനയോടെ പ്രവാസികള്‍ക്കും ഉറപ്പാക്കുക, വിദേശത്തു ജോലി ചെയ്യുന്ന പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ തുല്യപരിഗണന ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളും കമ്മീഷനുണ്ട്. 2015 ജനുവരിയില്‍ നടന്ന ഗ്ലോബല്‍ എന്‍ ആര്‍ കെ മീറ്റില്‍ പ്രവാസി മലയാളികള്‍ വളരെ ആവേശത്തോടെയാണ് എന്‍ ആര്‍ ഐ കമ്മീഷന്‍ രൂപവത്കരണ പ്രഖ്യാപനം സ്വീകരിച്ചത്. ഗവര്‍ണറുടെ 2015 മാര്‍ച്ചിലെ നയപ്രഖ്യാപനത്തില്‍ ഇതു സംബന്ധിച്ച പ്രഖ്യാപനവും ഉണ്ടായിരുന്നു.
ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ജഡ്ജി ആയിരിക്കും കമ്മീഷന്റെ ചെയര്‍മാന്‍. വിരമിച്ച ഒരു ഐ എ എസ് ഓഫീസറും രണ്ട് എന്‍ ആര്‍ ഐക്കാരും അംഗങ്ങളായിരിക്കും. ജോയിന്റ് സെക്രട്ടറിയുടെ റാങ്കിലുള്ളയാള്‍ സെക്രട്ടറിയാകും. തിരുവനന്തപുരത്തായിരിക്കും ആസ്ഥാനം. മൂന്ന് മാസത്തിലൊരിക്കല്‍ സിറ്റിംഗ് നടക്കും. കമ്മീഷന് അര്‍ധ ജൂഡീഷ്യല്‍ അധികാരമുണ്ട്. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലോ സ്വമേധയോ സര്‍ക്കാറിന്റെ അഭ്യര്‍ഥന പ്രകാരമോ കമ്മീഷന് അന്വേഷണം നടത്താം. നടപടിക്കുള്ള ശിപാര്‍ശകളോടെ കമ്മീഷന് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാം.
രാജ്യത്ത് ആദ്യമായി കേരളത്തില്‍ കടലില്‍ക്കൂടിയുള്ള ചരക്കുനീക്കത്തിന് ഏര്‍പ്പെടുത്തിയ സബ്‌സിഡി ഉള്‍നാടന്‍ ജലഗതാഗതത്തിനു കൂടി വ്യാപിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉള്‍നാടന്‍ ജലഗതാഗതം വഴിയുള്ള ചരക്കുനീക്കത്തിന് ഒരു കിലോമീറ്ററിന് ടണ്ണിന് ഒരു രൂപ നിരക്കില്‍ സബ്‌സിഡി നല്‍കണമെന്ന ശിപാര്‍ശക്ക് കുറച്ച് വ്യവസ്ഥകള്‍ കൂടി ഏര്‍പ്പെടുത്തി.
സബ്‌സിഡി ലഭിക്കുന്നതിനുള്ള കുറഞ്ഞ ദൈര്‍ഘ്യം 20 കി മീ ആയിരിക്കും. ദേശീയ പാത, സംസ്ഥാന ജലപാത, ഫീഡര്‍ കനാല്‍ എന്നിവ ഗതാഗതയോഗ്യമാകുന്ന മുറക്ക് സബ്‌സിഡി ലഭിക്കും. രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും ഏറ്റവും കുറഞ്ഞത് 50 ടണ്‍ കപ്പാസിറ്റി ഉള്ളതുമായ മെക്കനൈസ്ഡ് യാനങ്ങള്‍ക്കായിരിക്കും സബ്‌സിഡിക്ക് അര്‍ഹത. പദ്ധതിയുടെ നിര്‍വഹണച്ചുമതല ചീഫ് എന്‍ജിനീയര്‍ക്കാ യി രിക്കും. ചരക്കുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here