കുറ്റിയാടിയില്‍ കടയുടമയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച മുഖ്യ സൂത്രധാരന്‍ പിടിയില്‍

Posted on: November 25, 2015 8:03 pm | Last updated: November 25, 2015 at 8:03 pm
SHARE

പേരാമ്പ്ര: കുറ്റിയാടി ടൗണില്‍ കടയുടമയെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയും, പരിഭ്രാന്തി സൃഷ്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായി ബോംബേറ് നടത്തുകയും ചെയ്ത കേസിലെ മുഖ്യ സൂത്രധാരകരില്‍ ഒരാള്‍ പോലീസിന്റെ പിടിയിലായി. ഇതോടെ കേസില്‍ നേരിട്ടു ബന്ധമുള്ള രണ്ട് പേരും, പ്രതികളെ രക്ഷപ്പെടുത്തുന്നതിന് സഹായിച്ച ദമ്പതികളും ഉള്‍പ്പെടെ നാല് പേര്‍ പിടിയിലായിട്ടുണ്ട്. ചേലക്കാട് സ്വദേശി അജിന്‍ (21) നെയാണ് കുറ്റിയാടി സി.ഐ. കുഞ്ഞിമൊയ്തീന്‍കുട്ടി അറസ്റ്റ് ചെയ്തത്. അക്രമത്തില്‍ പരുക്കേറ്റ നിസാറിന്റെ മുന്നിലെത്തിച്ച് ,പ്രതിയാണെന്ന് ഉറപ്പുവരുത്തിയതായും, അനന്തരം സ്വീകരിക്കേണ്ട എല്ലാ നടപടികളും പൂര്‍ത്തിയാക്കിയതായും അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. പിടിയിലായവര്‍ പരസ്പര വിരുദ്ധമായ മൊഴ നല്‍കി പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പല തവണ നീക്കം നടത്തിയെങ്കിലും ഇതൊക്കെ തരണം ചെയ്താണ് കേസന്വേഷണം മുന്നോട്ട് കൊണ്ട് പോകുന്നതെന്നും നാദാപുരം ഡിവൈഎസ്പി എം.പി. പ്രേംദാസ് പറഞ്ഞു. മറ്റു പ്രതികളെ കണ്ടെത്താന്‍ ഊര്‍ജജിത ശ്രമം തുടരുകയാണെന്നും അന്വേഷണോദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ 13ന് കാലത്ത് 10 ഓടെയാണ് കുറ്റിയാടിയെയും, പരിസര പ്രദേശങ്ങളേയും നടുക്കിയ സംഭവം. മോട്ടോര്‍ ബൈക്കിലെത്തിയ അക്രമി സംഘം ബസ്സ് സ്റ്റാന്റിന് സമീപത്തെ പര്‍ദ്ദ ഷാപ്പിലേക്ക് ഇരച്ചുകയറി കടയുടമ നിസാറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തല നാരിഴ വ്യത്യാസത്തിനാണ് ഇയാള്‍ വധ ശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടത്. അക്രമം നടത്തി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നടത്തിയ ബോംബേറില്‍ വ്യാപാരികളായ മറ്റ് രണ്ട് പേര്‍ക്കും പരുക്കേറ്റിരുന്നു. അക്രമത്തിനിടയില്‍ പ്രതികള്‍ക്ക് ഏറ്റ പരുക്ക് സംഭവത്തില്‍ നിര്‍ണായക തെളിവാകുകയും, ഇവര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയ ദമ്പതികളായ വാണിമേല്‍ കൂളിക്കുന്ന് ഇരുനിലാട്ടുമ്മല്‍ അനീഷ്, ഭാര്യ ഷൈനി എന്നിവര്‍ പിടിയിലാവുകയും ചെയ്തിരുന്നു. നേരത്തെ പിടിയിലായവര്‍ ഇപ്പോള്‍ റിമാന്റില്‍ കഴിയുകയാണ്.