പ്രവര്‍ത്തനവും ഐക്യവും നിലനിര്‍ത്തിയാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാനാകും: വി എസ്

Posted on: November 25, 2015 10:29 am | Last updated: November 25, 2015 at 10:29 am
SHARE

കല്‍പ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പിലെ കൂട്ടായ പ്രവര്‍ത്തനവും ഐക്യവും നിലനിര്‍ത്തിയാല്‍ മാത്രമെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാനാവുവെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ പുതിയ സ്റ്റാന്റിനു സമീപം ജനപ്രതിനിധികള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വാഗ്ദാനങ്ങള്‍ പാലിക്കുന്ന ഏക കക്ഷി എല്‍ ഡി എഫ് മാത്രമാണ്. എല്‍ ഡി എഫ്. ഭരണക്കാലത്താണ് ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന സുപ്രധാന നിയമങ്ങളായ ഭൂപരിഷ്‌ക്കരണം, വിദ്യാഭ്യാസ നിയമം എന്നിവ കൊണ്ട് വന്നത്.
യു ഡി എഫ് ഭരണത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. കഴിഞ്ഞ എല്‍ ഡി എഫ് ഭരണകാലത്ത് മന്ത്രിമാര്‍ നേരിട്ട് കേരളത്തിന് പുറത്തു പോയി സാധനങ്ങള്‍ ശേഖരിച്ച് ന്യായവിലക്ക് സാധനങ്ങള്‍ ലഭ്യമാക്കി.
സോളാര്‍ അഴിമതി കേസില്‍ അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ ശ്രമിച്ചെങ്കിലും കോടതി വിധിയെ തുടര്‍ന്ന് മാണി രാജിവെച്ചു. ഇനി ബാബുബാര്‍ കൂടി രാജിവെക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.
മന്‍മോഹന്‍സിംഗിന്റെ കാലത്ത് ഇന്ത്യയുടെ ശതകോടീശ്വരന്മാര്‍ സ്വിസ് ബേങ്കില്‍ നിക്ഷേപിച്ച കള്ളപ്പണം പുറത്തുകൊണ്ടുവരുമെന്നാണ് ബി ജെ പി സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ ഒന്നരവര്‍ഷമായിട്ടും ഒന്നും നടന്നിട്ടില്ല.
ഉത്തര്‍പ്രദേശില്‍ ആട്ടിറച്ചി തിന്നതിനെ പശുവിറച്ചിയെന്ന് വ്യാഖ്യാനിച്ച് ഗൃഹനാഥനെ തല്ലി കൊന്നു. പശു അമ്മയാണെന്നു പറയുന്നവരോട് അച്ഛന്‍ കാളയാണോയെന്ന താന്‍ ചോദിച്ച ചോദ്യത്തിന് ഉത്തരമില്ല. അമ്മയെ മൂക്കു കയറിടുന്ന സംസ്‌ക്കാരമാണോ കേരളത്തിലുള്ളത്.
ബി ജെ പിക്കാര്‍ തങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നവരെ കൊല്ലുകയാണ്. ഭക്ഷണം, വസ്ത്രം, പെണ്ണ് ഇതെല്ലാം ബി ജെ പിക്കാര്‍ നിശ്ചയിക്കുന്നത് അനുസരിക്കാന്‍ മനസ്സുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
അഹങ്കാരികളുടെ ഭരണം മുമ്പും ലോകത്തുണ്ടായിട്ടുണ്ട്. ജര്‍മ്മനിയിലെ ഹിറ്റലര്‍ സ്വന്തം സമുദായക്കാരല്ലത്തവരെ ഇഞ്ചിഞ്ചായി കൊന്നു തള്ളുകയാണുണ്ടായത്. അതേ രീതിയിലാണ് ബി ജെ പി സംഘപരിവാര്‍ ആര്‍ എസ് എസ് ഭരണം. ഇതിനു കൂട്ടുനില്‍ക്കുന്നത് വെള്ളാപ്പള്ളി നടേശനാണെന്നും വി എസ് ആരോപിച്ചു.
ശ്രീനാരായണ ഗുരു ധരിച്ച രൂപത്തിലുള്ള ഷാള്‍ ധരിച്ചിരുന്ന വെള്ളാപ്പള്ളി ധരിക്കുന്നത് ആര്‍ എസ് എസ്സിന്റെ ഷാളാണ്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന സമത്വമുന്നേറ്റയാത്രആറ്റിങ്ങലിലെത്തുമ്പോള്‍ കാണുക മുറികൈയ്യന്‍ ഷര്‍ട്ടും നിക്കറും ധരിക്കുന്ന വെള്ളാപ്പള്ളിയെ ആയിരിക്കും. യാത്ര ശംഖുമുഖത്തു വന്നശേഷം പടിഞ്ഞാറോട്ട് ജലസമാധിയിലാകും.
എസ് എന്‍ സ്ഥാപനങ്ങളില്‍ 94 അധ്യാപകരെ നിയമിക്കാന്‍ രണ്ട് മുതല്‍ ആറു ലക്ഷം രൂപയാണ് വെള്ളാപ്പള്ളി കോഴ വാങ്ങിയത്. കുട്ടികളെ അഡ്മിറ്റ് ചെയ്യാനും കോഴ വാങ്ങിയിട്ടുണ്ട്. അഴിമതി കേസ്സുകള്‍ മറയ്ക്കാനാണ് വെള്ളാപ്പള്ളി ബി ജെ പിയിലേക്ക് ചേക്കാറാന്‍ ശ്രമിക്കുന്നത്. ഇതിനെല്ലാം ജനങ്ങള്‍ കണക്ക് പറയിക്കുമെന്നും വി എസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here