വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് കൊടുക്കുന്ന മുഖ്യപ്രതി പിടിയില്‍

Posted on: November 25, 2015 10:08 am | Last updated: November 25, 2015 at 10:08 am

മങ്കട: സ്‌കൂള്‍. കോളജ് വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ മുഖ്യപ്രതിയെ മങ്കട എസ് ഐ. മനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
അങ്ങാടിപ്പുറം ചെരക്കാപറമ്പ് സ്വദേശി കല്ലന്‍കുന്നന്‍ ഹാരിസാ(32)ണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ തിരൂര്‍ക്കാട് വെച്ചാണ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് കൈമാറാന്‍ ശ്രമിക്കുന്നതിനിടെ പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാമപുരം ജെംസ് കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ അടിപിടിയെ തുടര്‍ന്നുള്ള പോലീസ് അന്വേഷണത്തിലാണ് വിദ്യാര്‍ഥികളില്‍ ചിലര്‍ കഞ്ചാവ് ഉപയോഗിക്കുന്നതായുള്ള സൂചന പോലീസിന് ലഭിച്ചത്. ഇതെ തുടര്‍ന്ന് ഏതാനും വിദ്യാര്‍ഥികളെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെയാണ് കഞ്ചാവ് എത്തിച്ച് നല്‍കുന്ന പ്രതിയെ പോലീസ് വലയിലാക്കിയത്. പ്രതിയില്‍ നിന്നും കഞ്ചാവ് വാങ്ങാനായി എത്തിയ പ്ലസ്ടു, കോളജ് വിദ്യാര്‍ഥികളെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. പെരിന്തല്‍മണ്ണ, മങ്കട എന്നിവിടങ്ങളിലെ സ്‌കൂള്‍ കോളജുകളില്‍ നിന്നായി 300ല്‍ പരം വിദ്യാര്‍ഥികള്‍ക്ക് ഇയാള്‍ മുഖേന കഞ്ചാവ് എത്തിച്ച് കൊടുക്കുന്നതായാണ് പോലീസിന് ലഭിച്ച വിവരം.
മണ്ണാര്‍ക്കാട് നിന്നും കഞ്ചാവ് വില്‍പ്പനക്കാരായ മുഖ്യ പ്രതിയില്‍ നിന്നും ഒരു കിലോവില്‍ കുറഞ്ഞ തൂക്കം കഞ്ചാവ് കൊണ്ട് വന്ന് അഞ്ച് ഗ്രാം വീതം വരുന്ന പാക്കറ്റുകളിലാക്കിയാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നത്. ഇത്തരത്തില്‍ പാക്ക് ചെയ്ത 30 പാക്കറ്റ് കഞ്ചാവ് ഇയാളില്‍ നിന്നും പോലീസ് പിടിച്ചെടുത്തു. ഒരു പാക്കിന് 200 രൂപയാണ് ഈടാക്കുന്നത്. ഓരോ സംഘങ്ങളായിട്ടാണ് വിദ്യാര്‍ഥികള്‍ വാങ്ങാനെത്തുന്നതെന്നും ഒന്നിലധികം പാക്കുകളാണ് ഇവര്‍ ആവശ്യപ്പെടുന്നതെന്നും പ്രതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രതിയുടെ മൊബൈല്‍ഫോണ്‍ പോലീസ് നിരീക്ഷിച്ചതില്‍ നൂറോളം വിദ്യാര്‍ഥികളെങ്കിലും കഞ്ചാവ് ആവശ്യപ്പെട്ട് വിളിച്ചിരുന്നതായും പോലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. എസ് ഐ. സൈതലവി തെക്കത്ത്, എസ് ഐ. ആലിക്കുട്ടി, പോലീസ് ഉദ്യോഗസ്ഥരായ സവാദ്, സന്തോഷ്, രമേഷ്, ജോര്‍ജ്ജ് കുര്യന്‍, സത്യന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ഇന്ന് പെരിന്തല്‍മണ്ണ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കും.