സംസ്ഥാന സ്‌കൂള്‍ ഗെയിംസ്: തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്മാര്‍

Posted on: November 25, 2015 10:07 am | Last updated: November 25, 2015 at 10:07 am

തേഞ്ഞിപ്പലം: 59-ാമത് സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ തിരുവനന്തപുരം ജില്ലക്ക് ഓവറോള്‍കിരീടം. 406 പോയിന്റ് നേടിയാണ് തിരുവനന്തപുരം ചാമ്പ്യന്‍ പട്ടം നേടിയത്. 201 പോയിന്റോടെ തൃശൂര്‍ ജില്ലക്കാണ് രണ്ടാം സ്ഥാനം. പാലക്കാട് 182 പോയിന്റു നേടി മൂന്നാം സ്ഥാനത്തിനര്‍ഹരായി. ആതിഥേയരായ മലപ്പുറം നാലാം സ്ഥാനത്താണ്. 172 പോയിന്റാണ് നേടിയത്. ജൂനിയര്‍ ഫുട്‌ബോള്‍ മത്സരത്തില്‍ കോഴിക്കോട് വിജയിച്ചു. തിരുവനന്തപുരത്തെയാണ് തോല്‍പ്പിച്ചത്. മലപ്പുറത്തിനു മൂന്നാം സ്ഥാനമാണ് ലഭിച്ചത്. ജൂണിയര്‍ ബാഡ്മിന്റണ്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കണ്ണൂരിനാണ് ഒന്നാംസ്ഥാനം. കോഴിക്കോട് രണ്ടാംസ്ഥാനത്തിനും എറണാകുളം മൂന്നാം സ്ഥാനത്തിനര്‍ഹരായി. ജൂണിയര്‍ ഗേള്‍സ് ഹാന്‍ഡ്‌ബോളില്‍ കണ്ണൂര്‍ പത്തനംതിട്ടയെ തകര്‍ത്ത് വിജയികളായി. കോട്ടയമാണ് മൂന്നാം സ്ഥാനത്ത്. ജൂനിയര്‍ ബോയ്‌സ് ഹാന്‍ഡ്‌ബോളില്‍ തുടര്‍ച്ചയായ മൂന്നാം തവണയും മലപ്പുറം കിരീടം നിലനിര്‍ത്തി. തൃശൂരിനെയാണ് പരാജയപ്പെടുത്തിയത്. കണ്ണൂരാണ് മൂന്നാംസ്ഥാനത്ത്. കബഡി സീനിയര്‍ ഗേള്‍സില്‍ കൊല്ലം മലപ്പുറത്തെ പരാജയപ്പെടുത്തി. തൃശൂരിനാണ് മൂന്നാംസ്ഥാനം. സീനിയര്‍ ബോയ്‌സില്‍ മലപ്പുറം കബഡിയില്‍ ഒന്നാമതെത്തി. കാസര്‍ഗോഡാണ് രണ്ടാം സ്ഥാനത്തേക്കു തള്ളപ്പെട്ടത്. തിരുവനന്തപുരം മൂന്നാം സ്ഥാനത്തെത്തി. ഫുട്‌ബോള്‍ സീനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ ഏകപക്ഷീയമായ നാലു ഗോളുകള്‍ക്ക് മലപ്പുറത്തെ തകര്‍ത്ത് തൃശൂര്‍ ഒന്നാംസ്ഥാനം നേടി. എറണാകുളമാണ് മൂന്നാമത്. ബാഡ്മിന്‍ഡന്‍ സീനിയര്‍ ഗേള്‍സില്‍ കണ്ണൂര്‍ ഒന്നാമതെത്തി. കോഴിക്കോടും എറണാകുളവും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഹാന്‍ഡ്‌ബോള്‍ സീനിയര്‍ ഗേള്‍സില്‍ കണ്ണൂര്‍ വിജിയച്ചു. കോട്ടയമാണ് തൊട്ടുപിറകില്‍. തിരുവനന്തപുരം മൂന്നാം സ്ഥാനം നേടി. ഹാന്‍ഡ്‌ബോള്‍ സീനിയര്‍ വിഭാഗത്തില്‍ എറണാകുളം വിജയിച്ചു. തിരുവനന്തപുരമാണ് രണ്ടാമത്. മൂന്നാംസ്ഥാനം മലപ്പുറം നേടി. ബാഡ്മിന്റണ്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തിരുവനന്തപുരം വിജയികളായി. എറണാകുളം രണ്ടാംസ്ഥാനവും തൃശൂര്‍ മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനത്തില്‍ കാലിക്കട്ട് യൂനിവേഴ്‌സിറ്റി ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. വി പി സക്കീര്‍ ഹുസൈന്‍ ട്രോഫികള്‍ വിതരണം ചെയ്തു.