അതിവേഗത്തിനെതിരെ ദുബൈയില്‍ ക്യാമ്പയിന്‍

Posted on: November 24, 2015 8:10 pm | Last updated: November 26, 2015 at 7:59 pm
അമിതവേഗതക്കെതിരെ ദുബൈ പോലീസ് ക്യാമ്പയിനെക്കുറിച്ച് ദുബൈ പോലീസ്  അസി. ചീഫ് ഓഫ് ഓപറേഷന്‍ മേജര്‍ ജനറല്‍ എഞ്ചി. സൈഫ് അല്‍ സഫീന്‍ വിശദീകരിക്കുന്നു
അമിതവേഗതക്കെതിരെ ദുബൈ പോലീസ് ക്യാമ്പയിനെക്കുറിച്ച് ദുബൈ പോലീസ്
അസി. ചീഫ് ഓഫ് ഓപറേഷന്‍ മേജര്‍ ജനറല്‍ എഞ്ചി. സൈഫ് അല്‍ സഫീന്‍ വിശദീകരിക്കുന്നു

ദുബൈ: അതിവേഗത്തി നെതിരെ ദുബൈ പോലീസ് ക്യാമ്പയിന്‍ തുടങ്ങി. അമിതവേഗത മൂലമുള്ള അപകടങ്ങള്‍ കുറച്ചുകൊണ്ടുവരുന്നത് ലക്ഷ്യമിട്ടാണ് വാര്‍ഷിക ക്യാമ്പയിന് തുടക്കമിട്ടിരിക്കുന്നത്.
വേഗത നിങ്ങളുടെ കൊലയാളിയാവരുത് എന്ന പ്രമേയത്തിലാണ് ഈ വര്‍ഷത്തെ ക്യാമ്പയിന്‍ ക്രമീകരിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ അടക്കം വിവിധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ക്യാമ്പയിനില്‍ ഉപയോഗപ്പെടുത്തും.
റോഡപകടങ്ങളിലൂടെ മനുഷ്യജീവന്‍ നഷ്ടപ്പെടുന്നതിന് അമിതവേഗത മുഖ്യകാരണമാണെന്ന് ദുബൈ പോലീസ് അസി. ചീഫ് ഓഫ് ഓപറേഷന്‍ മേജര്‍ ജനറല്‍ എഞ്ചി.സൈഫ് അല്‍ സഫീന്‍ പറഞ്ഞു. 2010ല്‍ ആരംഭിച്ച അമിതവേഗതക്കെതിരെയുള്ള ക്യാമ്പയിന്‍ ഫലപ്രദമാകുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നതായി അദ്ദേഹം പറഞ്ഞു. 2020ഓടെ ദുബൈയില്‍ റോഡപകട മരണങ്ങള്‍ പൂജ്യത്തിലെത്തിക്കുന്നതിനാണ് ശ്രമിക്കുന്നത്. വേഗപരിധി മറികടന്ന് വാഹനമോടിക്കുന്നവര്‍ വാഹനമല്ല ഓടിക്കുന്നത് മറിച്ച് വാഹനം അവരെ ഓടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വര്‍ഷത്തിന്റെ ആദ്യ ഒമ്പത് മാസങ്ങളില്‍ 52 അപകടങ്ങളാണ് അമിതവേഗംമൂലം ദുബൈയില്‍ ഉണ്ടായത്. ഇതില്‍ ഏഴ് പേര്‍ മരിക്കുകയും 43 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ഈ കാലയളവില്‍ ഇത് 63 അപകടങ്ങളില്‍ ഒമ്പത് പേര്‍ എന്ന രീതിയിലായിരുന്നു. 83 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദുബൈയില്‍ അല്‍ ഖൈല്‍, ഉമ്മു സുഖീം, മെയ്ദാന്‍, ലഹ്ബാബ് റോഡുകളിലാണ് അപകടങ്ങള്‍ കൂടുതലെന്നും വ്യക്തമാക്കുന്നു.
റോഡപകടങ്ങള്‍ കുറക്കുന്നതിന് വിവിധ പദ്ധതികളും ആശയങ്ങളും രൂപപ്പെടുത്തിവരികയാണെന്ന് എഞ്ചി.സൈഫ് അല്‍ സഫീന്‍ പറഞ്ഞു. വിശദമായ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും അംഗീകാരത്തിനും ശേഷം ഇവ നടപ്പില്‍ വരുത്തും.
അബുദാബി-ഫുജൈറ റൂട്ടില്‍ ട്രക്കുകള്‍ക്കും ഭാരവാഹനങ്ങള്‍ക്കും പ്രത്യേക റോഡ് നിര്‍മിക്കുക എന്നതാണ് ഇതിലൊന്ന്. ചെറുവാഹനങ്ങള്‍ ഉപയോഗിക്കുന്ന റോഡില്‍ വലിയവ ഉപയോഗിക്കുന്നത് ഉചിതമല്ലെന്നാണ് അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
റോഡുകളില്‍ റെസ്റ്റ് ഏരിയകളും വര്‍ധിപ്പിക്കേണ്ടതുണ്ട്. ടൗണുകളിലേക്ക് ചെറുവാഹനങ്ങളില്‍ മാത്രമേ സാധനങ്ങളും മറ്റും എത്തിക്കാനാവൂ എന്നതും പരിഗണനാ വിഷയമാണ്. മിനി വാഹനങ്ങളില്‍ യാത്രക്കാരെ കൊണ്ടുപോകുന്നത് ഒഴിവാക്കുക, ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള പ്രായപരിധി 17 ആക്കുക എന്നീ നിര്‍ദേശങ്ങളും പരിഗണനയിലുണ്ട്. എന്നാല്‍ അംഗീകാരം ലഭിച്ചതിനു ശേഷമേ ഇത്തരം വിഷയങ്ങള്‍ നിയമമായി വരുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.