കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്

Posted on: November 24, 2015 7:31 pm | Last updated: November 24, 2015 at 7:31 pm

പേരാമ്പ്ര: കുറ്റിയാടി പേരാമ്പ്ര കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നല്‍ പണിമുടക്ക്. ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് മുന്നറിയിപ്പില്ലാതെ ബസ് സര്‍വ്വീസ് നിര്‍ത്തിവെച്ചത് കാരണം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ വലഞ്ഞു. പരിമിതമായ കെഎസ്ആര്‍ടിസി ബസ്സുകളാണ് ദൂരദിക്കുകളിലേക്കുള്ള യാത്രക്കാര്‍ക്ക് ആശ്രയമായത്. രാവിലെ പേരാമ്പ്ര ബസ്സ്സ്റ്റാന്‍ഡില്‍ വെച്ച് അരീക്കോട് പറശിനിക്കടവ് റൂട്ടിലോടുന്ന ബസ്സിലെ കണ്ടക്ടറെ, കുറ്റിയാടി കോഴിക്കോട് റൂട്ടിലോടുന്ന ബസ്സിലെ ജീവനക്കാരന്‍ ക്രൂരമായി മര്‍ദ്ദിച്ചൂ എന്ന പരാതിയും, തുടര്‍ന്നുണ്ടായ നിയമ നടപടികളുമാണ് മിന്നല്‍ പണിമുടക്കിന് വഴി വെച്ചത്. മര്‍ദനമേറ്റ ബസ് കണ്ടക്ടര്‍ ജിമേഷിന്റെ (30) പരാതി പ്രകാരം, കുറ്റിയാടി കോഴിക്കോട് റൂട്ടിലെ ബസ്സ് ജീവനക്കാരന്‍ കണ്ണൂര്‍ സ്വദേശി അനൂപ്കുമാറിന്റെ പേരില്‍ കേസെടുക്കുകയും, പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. ഇയാളെ കോടതി റാമാന്റ് ചെയ്തിരിക്കയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് ഒരു വിഭാഗം തൊഴിലാളികള്‍ പണിമുടക്കിലേക്ക് നീങ്ങിയത്.