Connect with us

Editorial

ആനുകൂല്യങ്ങള്‍ക്കൊപ്പം സേവനവും മെച്ചപ്പെടട്ടെ

Published

|

Last Updated

കേന്ദ്ര ജീവനക്കാരുടെ വേതനവും ആനുകൂല്യവും വര്‍ധിപ്പിക്കുന്നതോടൊപ്പം അവരില്‍ നിന്ന് സര്‍ക്കാറിന് ലഭിക്കുന്ന സേവനം മികവുറ്റതാക്കാന്‍ ചില നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട് ഏഴാം ശമ്പള കമ്മീഷന്‍. ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നത് പ്രവര്‍ത്തന മികവിനെ അടിസ്ഥാനമാക്കിയാകണമെന്നും അലംഭാവം കാണിക്കുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തടയണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നു. ഇതിന്റ ഭാഗമായി പ്രവര്‍ത്തന ക്ഷമത നിരന്തരം നിരീക്ഷിക്കുന്ന സംവിധാനം എല്ലാ വകുപ്പുകളിലും നടപ്പാക്കണം. മികവ് കുറഞ്ഞവര്‍ക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്തി ആനുകൂല്യങ്ങള്‍ കരസ്ഥമാക്കാനും അല്ലെങ്കില്‍ സ്വമേധയാ വിരമിക്കാനുമുള്ള അവസരം നല്‍കണം. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ അലംഭാവം കാണിക്കുന്ന ജീവനക്കാര്‍ക്ക് വാര്‍ഷിക ഇന്‍ക്രിമെന്റ്അനുവദിക്കരുതെന്നും ജസ്റ്റിസ് എ കെ മാഥൂര്‍ കമ്മീഷന്റെ ശിപാര്‍ശയിലുണ്ട്.
സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് നിയോഗിക്കപ്പെട്ട ജസ്റ്റിസ് സി എം രാമചന്ദ്രന്‍ നായര്‍ കമ്മീഷനും സമാനമായ ചില വ്യവസ്ഥകള്‍ തയ്യാറാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ അലസരും ജോലി ചെയ്യാതെ ശമ്പളം പറ്റുന്നവരുമാണെന്ന ധാരണ പൊതുസമൂഹത്തിനുണ്ട്. ജീവനക്കാര്‍ മൊത്തം ഇത്തരക്കാരല്ലെങ്കിലും നല്ലൊരു വിഭാഗം അലസരും, കാര്യക്ഷമത കുറഞ്ഞവരുമാണെന്നത് വസ്തുതയാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ പൊതുജനത്തിന് എന്തെങ്കിലും ആവശ്യം നിര്‍വഹിച്ചു കിട്ടാന്‍ പല വട്ടം ഓഫീസ് പടികള്‍ കയറിയിറങ്ങി കഷ്ടപ്പെടേണ്ടിവരുന്നതിന്റെ സാഹചര്യവുമിതാണ്. ആനുകൂല്യങ്ങള്‍ക്കും സ്ഥാനക്കയറ്റത്തിനും മറ്റും സര്‍വീസ് കാലയളവും, സീനിയോറിറ്റിയും മാത്രം മാനദണ്ഡമാക്കുന്നതാണ് ഇതിനൊരു കാരണം. പകരം കമ്മീഷന്‍ നിര്‍ദേശിച്ചതു പോലെ ആനുകൂല്യങ്ങള്‍ക്ക് മികവ് അടിസ്ഥാനമാക്കിയാല്‍ കാര്യക്ഷമത വര്‍ധിപ്പിക്കാനും ജോലിയില്‍ ആത്മാര്‍ഥത കാണിക്കാനും ജീവനക്കാര്‍ നിര്‍ബന്ധിതരാകും.
പൊതുസമൂഹത്തോട് ജനപ്രതിനിധികള്‍ക്കെന്ന പോലെ ഉദ്യോഗസ്ഥര്‍ക്കും കടപ്പാടുകളും ബാധ്യതകളുമുണ്ട്. ജനാധിപത്യ സംവിധാനത്തില്‍ വിശേഷിച്ചും. ജനങ്ങളുടെ നികുതിപ്പണമാണ് അവര്‍ വാങ്ങുന്നത്. ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനുമാണു നികുതിവരുമാനത്തിന്റെ സിംഹഭാഗവും ചെലവഴിക്കുന്നത്. ഇതുമൂലം വികസന പ്രവര്‍ത്തനങ്ങളും ക്ഷേമപദ്ധതികളും മുടങ്ങിപ്പോകുന്ന അവസ്ഥ പോലുമുണ്ട്. മാഥൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമ്പോള്‍ കേന്ദ്രത്തിന് പുതുതായി 1,02,100 കോടിരൂപയുടെയും ജസ്റ്റിസ് സി എം രാമചന്ദ്രന്‍ നായരുടെ ശിപാര്‍ശ അംഗീകരിക്കുമ്പോള്‍ സംസ്ഥാനത്തിന് 5,277 കോടിയുടെയും അധികബാധ്യത വന്നുചേരുന്നു. ഇത്രയും വലിയ ഭാരം ജനങ്ങളുടെ പിരടിയില്‍ വന്നുപതിക്കുമ്പോള്‍ പകരം ജനങ്ങളെ കൂടുതല്‍ സേവിക്കാനുള്ള സന്നദ്ധത ജീവനക്കാരുടെ ഭാഗത്ത് നിന്ന് പ്രകടമാകേണ്ടതുണ്ട്. പൊതുജനങ്ങളോടുള്ള പെരുമാറ്റം മാതൃകാപരമായിരിക്കുകയും വേണം. ഭരണത്തിന്റെ ഗുണമേന്മ വിലയിരുത്തപ്പെടുന്നത് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനത്തെ കൂടി അടിസ്ഥാനമാക്കിയാണ്. ഇക്കാര്യങ്ങള്‍ പത്താം ശമ്പള കമ്മീഷന് സമര്‍പ്പിച്ച നിവദേനങ്ങളില്‍ ചില യൂനിയനുകള്‍ തന്നെ ഊന്നിപ്പറയുകയും അതിന് സഹായകമായ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുകയും ചെയ്തതാണ്.
സംഘടിതശക്തി ഉപയോഗിച്ചും ഭരണനേതൃത്വത്തിന്റെ പിന്തുണയോടെയും ജീവനക്കാര്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നേടിയെടുക്കുമ്പോള്‍, കര്‍ഷകരും അസംഘടിത തൊഴിലാളികളുമുള്‍പ്പെടെ സമൂഹത്തിലെ ഗണ്യമായൊരു വിഭാഗം കാര്യമായ വരുമാനമില്ലാതെ ദുരിത ജീവിതം നയിക്കുന്നുണ്ട്. ഇത്തരക്കാരുടെ ഉന്നമനത്തിനും ക്ഷേമത്തിനും സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കി അവരുടെ ജീവിതനിലവാരവും സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള സേവനമേഖലയാണ് തങ്ങളുടേതെന്ന തിരിച്ചറിവും ബോധവും ജീവനക്കാര്‍ക്കുണ്ടാകണം. എന്നാല്‍, ആനുകൂല്യങ്ങള്‍ വിലപേശി വാങ്ങാന്‍ കാണിക്കുന്ന ഔത്സുക്യമൊന്നും തിരിച്ചുള്ള സേവനത്തിന്റെ കാര്യത്തില്‍ പലരും കാണിക്കാറില്ല. മാത്രമല്ല, ഹാജര്‍ നില പരിശോധിക്കാനായി പഞ്ചിംഗ് പോലെയുള്ള പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ എതിര്‍പ്പുമായി രംഗത്ത് വരികയോ അതിനെ മറികടക്കാന്‍ പഴുതുകളന്വേഷിക്കുകയോ ചെയ്യുന്നതും സാധാരണമാണ്. ഈ അവസ്ഥ മാറേണ്ടതുണ്ട്. ജീവനക്കാരുടെ സേവനം മെച്ചപ്പെടുത്തുന്നതിന് പുതിയ ശമ്പള കമ്മീഷനുകള്‍ മുന്നോട്ട് വെച്ച വ്യവസ്ഥകള്‍ ഇതിന് സഹായകമാകുമെങ്കിലും കാര്യക്ഷമത വിലയിരുത്തുന്ന സമിതികളുടെ സ്വഭാവമെന്തായിരിക്കുമെന്ന കാര്യം ജീവനക്കാരെ ആശങ്കാകുലരാക്കുന്നുണ്ട്. മേലുദ്യോഗസ്ഥരെയാണ് ഇതിന് ചുമതലപ്പെടുത്തുന്നതെങ്കില്‍ ആ അധികാരം ദുരുപയോഗപ്പെടുത്തി ചൂഷണം ചെയ്‌തേക്കാനുള്ള സാധ്യത ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇതിന് കുറ്റമറ്റതും ദുരുപയോഗ സാധ്യത ഇല്ലാത്തതുമായ സംവിധാനം കണ്ടെത്തേണ്ടതുണ്ട്.