സിറിയയിലെ വ്യോമാക്രമണങ്ങള്‍ നിരപരാധികളുടെ ജീവനെടുക്കുന്നതായി മനുഷ്യാവകാശ സംഘടനകള്‍

Posted on: November 22, 2015 11:26 pm | Last updated: November 22, 2015 at 11:26 pm
SHARE

syriaദമസ്‌കസ്: കഴിഞ്ഞ രണ്ട് മാസത്തിനിടെ സിറിയയില്‍ നടന്ന വ്യോമാക്രമണങ്ങളില്‍ 400 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ നിരീക്ഷണ സംഘടന. ഇവരില്‍ 97 പേര്‍ കുട്ടികളാണെന്ന ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സെപ്തംബര്‍ 30 മുതല്‍ നവംബര്‍ 20 വരെ ആയിരക്കണക്കിന് വ്യോമാക്രമണങ്ങളില്‍ 403 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും ഇവരില്‍ 97 പേര്‍ കുട്ടികളാണെന്നും ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടന ചൂണ്ടിക്കാട്ടി. എന്നാല്‍ സിറിയയിലെ മനുഷ്യാവകാശ സംഘടനകളുടെ കണക്കനുസരിച്ച് മൊത്തം കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 526ഉം കുട്ടികളുടെ എണ്ണം 137ഉം ആണ്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മുതല്‍ ഇതുവരെ 42,234 വ്യോമാക്രമണങ്ങള്‍ സിറിയക്ക് നേരെ നടന്നതായും കണക്കുകള്‍ ഉദ്ധരിച്ച് സംഘടന വ്യക്തമാക്കി. ഈ സമയപരിധിയില്‍, 22,370 തവണയാണ് മാരകമായ ബാരല്‍ ബോംബുകള്‍ സിറിയന്‍ ജനതക്ക് മേല്‍ പ്രയോഗിച്ചിരിക്കുന്നത്. മൊത്തം 6,889 സാധാരണക്കാര്‍ ഇതുരെ സിറിയയില്‍ കൊല്ലപ്പെട്ടു. ഇവരില്‍ 1,436 പേര്‍ കുട്ടികളാണ്. 35,000ത്തിലധികം സാധാരണക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അലപ്പോയില്‍ നിന്ന് ചുരുങ്ങിയത് ഒരു ലക്ഷം പേരെങ്കിലും പലായനം ചെയ്തു. ഇദ്‌ലിബിലെ വിവിധ അഭയാര്‍ഥി ക്യാമ്പുകളിലാണ് പലരും അഭയം തേടിയെത്തിയിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ കണക്കുകള്‍ അനുസരിച്ച് സിറിയയില്‍ തുടരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ രണ്ടരലക്ഷം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ദൗമയിലാണ് സംഭവം. ഇതിന് തൊട്ടുമുമ്പുള്ള ദിവസം നടന്ന വ്യോമാക്രമണത്തില്‍ അലപ്പോയില്‍ ഏഴ് സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു.
റഷ്യയും ഫ്രാന്‍സും അടുത്തിടെ അവരുടെ വ്യോമാക്രമണങ്ങള്‍ ശക്തിപ്പെടുത്തിയിരുന്നു. പാരീസ് ആക്രമണത്തിന്റെ പേരില്‍ ഇസിലിനെ ലക്ഷ്യമാക്കിയാണ് തങ്ങള്‍ വ്യോമാക്രമണം നടത്തുന്നതെന്ന് ഫ്രാന്‍സ് പറയുന്നുണ്ടെങ്കിലും നൂറുക്കണക്കിന് സാധാരണക്കാര്‍ക്കാണ് ഇവിടെ ജീവഹാനി സംഭവിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here