Connect with us

Gulf

കാഴ്ചക്കാരുടെ മനം കവര്‍ന്ന് കടല്‍ കാക്കകള്‍

Published

|

Last Updated

ഷാര്‍ജ: മരുഭൂവിലെ ജലാശയത്തില്‍ നീന്തിക്കുളിച്ച് രസിക്കുന്ന കടല്‍ കാക്കകള്‍ കാഴ്ചക്കാരുടെ മനംകവരുന്നു.
നാഷണല്‍ പെയിന്റിന് സമീപത്ത് മുവൈലിയയിലെ ജലാശയത്തിലാണ് കടല്‍കാക്കകള്‍ കൂട്ടത്തോടെ നീന്തിക്കുളിക്കുന്ന കാഴ്ച. കഴിഞ്ഞ ദിവസമുണ്ടായ മഴയിലാണ് ജലാശയം രൂപപ്പെട്ടത്. കെട്ടിടങ്ങള്‍ നിര്‍മിക്കാനായി എടുത്ത കുഴികളില്‍ മഴ കാരണം വെള്ളം നിറയുകയായിരുന്നു.
മേല്‍പാലത്തിനടുത്താണ് വിശാലമായ ജലാശയം. നൂറുകണക്കിന് കടല്‍കാക്കകളാണ് ജലാശയത്തിലുള്ളത്. ഇവ സംഘടിതമായാണ് നീന്തിക്കുളിക്കുന്നത്.
പല ഇനത്തിലുള്ളവയും കൂട്ടത്തിലുണ്ട്. കാലുകള്‍ നീണ്ടവ കാഴ്ചക്കാരെ പ്രത്യേകം ആകര്‍ഷിക്കുന്നു. ജലാശയം പാതയോരത്തായതിനാല്‍ വാഹനയാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരുപോലെ കടല്‍കാക്കകള്‍ കാഴ്ചയാകുന്നു. വാഹനങ്ങള്‍ നിര്‍ത്തി കാഴ്ച നേരില്‍ കാണാനും ആളുകള്‍ തയ്യാറാകുന്നു.
തണുപ്പ് കാലമാകുമ്പോള്‍ കടല്‍കാക്കകളും ദേശാടനപക്ഷികളും കടല്‍ കടന്നെത്തുക സാധാരണമാണ്. എന്നാല്‍ തണുപ്പ് ശക്തമാകുന്നതിന് മുമ്പാണ് ഇത്തവണ കടല്‍കാക്കള്‍ കൂട്ടത്തോടെ മണലാരണ്യത്തില്‍ പറന്നെത്തിയത്.