ഗസ്സയിലെ ഖത്വര്‍ ഭവനങ്ങള്‍ വിതരണത്തിനു തയ്യാറാകുന്നു

Posted on: November 21, 2015 7:05 pm | Last updated: November 21, 2015 at 7:05 pm
SHARE

palastineദോഹ: ഫലസ്തീന്‍ ജനതയുടെ പുനരധിവാസത്തിനായി ഗസ്സയില്‍ ഖത്വര്‍ ഗവണ്‍മെന്റ് നിര്‍മിച്ചു നല്‍കുന്ന ഭവനങ്ങളുടെ ഒന്നാംഘട്ടം വിതരണത്തിനു തയാറായി. കഴിഞ്ഞ ദിവസം ഗസ്സ പുരനധിവാസ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ ഖത്വര്‍ അംബാസിഡര്‍ മുഹമ്മദ് അല്‍ ഇമാദി പദ്ധതി പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.
വീടുകള്‍ ഫലസ്തീന്‍ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ സംബന്ധിച്ച് ഫലസ്തീന്‍ ഹൗസിംഗ് പൊതുമരാമത്ത് വിഭാഗവുമായി ചര്‍ച്ച നടത്തിയതായി അദ്ദേഹം അറിയിച്ചു. വീടുകള്‍ വിതരണം ചെയ്യേണ്ട ഫലസ്തീന്‍ കുടുംബങ്ങളെ നേരത്തേ തിരഞ്ഞെടുത്തിരുന്നു. ഒന്നാംഘട്ടത്തില്‍ പൂത്തിയാകുന്ന ഭവനങ്ങള്‍ക്കുള്ള അവകാശികളെയാണ് തിരഞ്ഞെടുത്തത്. അടുത്ത രണ്ടു ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്ന വീടുകളിലെ വാസക്കാരെ കണ്ടെത്തുന്നതിനുള്ള നടപടികളും ആരംഭിക്കും. ബജറ്റില്ലാത്തതിനാല്‍ മൂന്നാംഘട്ട പദ്ധതി ഉപേക്ഷക്കുന്നതായി വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും നേരത്തേ നിശ്ചയിച്ചതു പ്രകാരം പദ്ധതികളുമായി മുന്നോട്ടു പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹമദ് സിറ്റി പദ്ധതി ഉപേക്ഷിക്കുന്നതായ വാര്‍ത്തകളെയാണ് അദ്ദേഹം നിഷേധിച്ചത്.
മൂന്നു വര്‍ഷം മുമ്പാണ് ഫലസ്തീന്‍ ജനതയുടെ പുനരധിവാസത്തിനായി ഖത്വര്‍ ഭവന പദ്ധതി പ്രഖ്യാപിച്ചത്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗസ്സ പുനരധിവാസ പദ്ധതികള്‍ പുരോഗമിക്കുന്നത്. മുവ്വായിരം വീടുകളാണ് അവിടെ നിര്‍മിക്കുന്നത്. പിതൃ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിയുടെ നാമധേയത്തിലുള്ള പാര്‍പ്പിട നഗരം ഇതില്‍ പ്രധാനപ്പെട്ട പദ്ധതിയാണ്. ഫലസ്തീന്‍ ജനതയോട് എപ്പോഴും അനുകമ്പന പുലര്‍ത്തിപ്പോന്നിട്ടുള്ള ഖത്വറിന്റെ കാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഗസ്സ പുനരധിവാസ പദ്ധതി നടപ്പിലാക്കുന്നത്. ഫലസ്തീന്‍ ജനതക്ക് വാസ സൗകര്യമൊരുക്കുകയും അവരെ വിദ്യാഭ്യാസ, സാംസ്‌കാരിക, ആരോഗ്യ രംഗങ്ങളില്‍ വളര്‍ത്തി സുരക്ഷിതമായ സാമൂഹിക ജീവിതം സാധ്യമാക്കുക ലക്ഷ്യം വെച്ചാണ് ഖത്വറിന്റെ പുനരധിവാസ പ്രവര്‍ത്തനം പുരോഗമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here