ആദര്‍ശ രാഷ്ട്രീയം കുപ്പത്തൊട്ടിയില്‍

Posted on: November 21, 2015 4:17 am | Last updated: November 20, 2015 at 8:33 pm
SHARE

അവസരവാദ രാഷ്ട്രീയവും രാഷ്ട്രീയ കുതിരക്കച്ചവടവും ഏറ്റവും കൂടുതല്‍ പ്രകടമായ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. ആദര്‍ശവാദികളെല്ലാം അവരുടെ ആദര്‍ശവും രാഷ്ട്രീയ സദാചാരവും ധാര്‍മികതയും കൈവെടിഞ്ഞാണ് ഈ തിരഞ്ഞെടുപ്പില്‍ മാറ്റുരക്കാനിറങ്ങിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതി തിരഞ്ഞെടുപ്പുകളിലും അരങ്ങേറി പരിഹാസ്യമായ പല നാടകങ്ങളും. എതിര്‍ മുന്നണിയുടെ റിബലായി മത്സരിച്ച് വിജയിച്ചവരുടെയും ബി ജെ പി, എസ് ഡി പി ഐ തുടങ്ങിയ കക്ഷികളുടെ പോലും പിന്തുണ നേടിയാണ് പല പഞ്ചായത്തുകളിലും മുന്നണികള്‍ ഭരണം പിടിച്ചെടുത്തത്. ഇതിന് പ്രത്യുപകാരമായി ചിലയിടങ്ങളില്‍ ബി ജെ പിയെ അധികാരത്തിലേറാനും അവര്‍ സഹായിച്ചു. ബി ജെ പിയുടെ തീവ്ര വര്‍ഗീയത ഉയര്‍ത്തുന്ന ആപത്തുകളെക്കുറിച്ചു മണിക്കൂറുകളോളം പ്രസംഗിച്ചിരുന്നവര്‍ അധികാര ലബ്ദിക്ക് വേണ്ടി അതെല്ലാം വിഴുങ്ങി.
നൂറോളം പഞ്ചായത്തുകളില്‍ ഇത്തവണ തൂക്കുസഭയായിരുന്നു. ഇത്തരം പല പഞ്ചായത്തുകളിലും ഭരണസമിതി തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായത് വിമതരാണ്. ഭരണം പിടിച്ചെടുക്കാന്‍ ഇരുമുന്നണികളും പണച്ചാക്കും വിവിധ ഓഫറുകളുമായി ഇവരെ വലം ചുറ്റുകയായിരുന്നു. കോണ്‍ഗ്രസിനും ലീഗിനും സി പി എം കഠിന ശത്രുവാണ്. സി പി എമ്മിന് മറിച്ചും. എന്നാല്‍ മലപ്പുറത്ത് ലീഗിനെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് സി പി എമ്മുമായി ചേര്‍ന്ന് ജനകീയ മുന്നണി, വികസന മുന്നണികള്‍ തട്ടിപ്പടച്ചുണ്ടാക്കി സഖ്യത്തിലേര്‍പ്പെട്ടു. ലീഗ് അധികാരത്തിലേറാതിരിക്കാന്‍ ഭരണ സമിതി തിരഞ്ഞെടുപ്പിലും ഈ മുന്നണി ബന്ധം നിലനിലര്‍ത്തി. കോണ്‍ഗ്രിനോടുള്ള പ്രതികാരം തീര്‍ക്കാന്‍ ലീഗും പലയിടങ്ങളിലും സി പി എമ്മിന് പിന്തുണ നല്‍കി. പൊതുവേദികളില്‍ കുതിരക്കച്ചവടത്തിനെതിരെയും അവസര രാഷ്ട്രീയത്തിനെതിരെയും അണ്ണാക്ക് കീറുന്നവര്‍ ഇരുളിന്റെ മറവില്‍ കുതിരക്കച്ചവടം പൊടിപൊടിക്കുകയായിരുന്നു. കോണ്‍ഗ്രസിന് കുതിരക്കച്ചവടത്തിലൂടെ അധികാരം വേണ്ടെന്നാണ് കെ പി സി സി അധ്യക്ഷന്റെ നിലപാടെങ്കിലും പ്രാദേശിക നേതൃത്വം അതവജ്ഞയോടെ തള്ളി.
ഭരണ സമിതി തിരഞ്ഞെടുപ്പില്‍ പലയിടങ്ങളിലും വര്‍ഗീയ, തീവ്രവാദ സംഘടനകളുടെ സഹായവും സഹകരണവും നിരസിക്കാന്‍ ഇടത് മുന്നണി കാണിച്ച ആര്‍ജ്ജവവും ചൂണ്ടിക്കാണിക്കേണ്ടതുണ്ട്. എല്‍ ഡി എഫിന് എട്ടും യു ഡി എഫിന് ഏഴും ബി ജെ പിക്ക് രണ്ടും അംഗങ്ങളുള്ള കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ മുസ്‌ലിം ലീഗ് പ്രതിനിധി പ്രസിഡന്റ് പദത്തില്‍ വരുന്നത് തടയാനായി എല്‍ ഡി എഫിന് വോട്ട് ചെയ്യാനായിരുന്നു ബി ജെ പി തീരുമാനം. ബി ജെ പി പിന്തുണയോടെ അധികാരം വേണ്ടെന്ന് എല്‍ ഡി എഫ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ആരെയും പിന്തുണക്കേണ്ടെന്ന് പിന്നീട് ബി ജെ പി തീരുമാനിച്ചു. അതുവഴി യു ഡി എഫ് അധികാരത്തിലേറി. അമ്പലപ്പുഴ പഞ്ചായത്തില്‍ സി പി ഐ സ്ഥാനാര്‍ഥി ഷീജയായിരുന്നു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എസ് ഡി പി ഐ അംഗത്തിന്റെ പിന്തുണ കൊണ്ടാണ് വിജയിക്കാനായതെന്ന് ബോധ്യമായപ്പോള്‍ തീവ്രവാദ സംഘടനകളുടെ സഹായത്തോടെയുള്ള ഭരണം വേണ്ടെന്ന തീരുമാനത്തില്‍ ഉടനെ തന്നെ അവര്‍ രാജിവെക്കുകയുണ്ടായി. ശ്ലാഘനീയമായി ഈ നിലപാട്.
ആദര്‍ശ രാഷ്ട്രീയമെന്നത് നേതാക്കള്‍ക്കിന്ന് ഇടക്കിടെ പ്രയോഗിക്കാനുള്ള പദമായി മാറിക്കഴിഞ്ഞു. പ്രായോഗിക രാഷ്ട്രീയത്തില്‍ ആദര്‍ശങ്ങള്‍ക്ക് സ്ഥാനമില്ലാതായിരിക്കുന്നു. അധികാരത്തിന് വേണ്ടി ആരുമായും കൂട്ടുകൂടാമെന്നതാണ് അവസ്ഥ. അധികരത്തിന് പുറത്തായിരുന്നപ്പോള്‍ ധാര്‍മിക രാഷ്ട്രീയത്തെക്കുറിച്ചു വാചാലരായവര്‍ അധികാരത്തിലേറുമ്പോള്‍ അത് അട്ടത്തേക്ക് വലിച്ചെറിയുന്നുവെന്നതാണ് ആനുകാലിക രാഷ്ട്രീയത്തിനേറ്റ ഏറ്റവും വലിയ അപചയം. ഇക്കാര്യത്തില്‍ എല്ലാ പാര്‍ട്ടികളും മുന്നണികളും തുല്യമാണ്. അധികാരത്തിന്റെ അച്ചുതണ്ടിലാണിപ്പോള്‍ എല്ലാ പാര്‍ട്ടികളും കറങ്ങുന്നത്. അധികാര വടംവലികള്‍ക്കിടയില്‍ സീറ്റ് ലഭിക്കാതെ വരുമ്പോള്‍, പതിറ്റാണ്ടുകളായി സ്വീകരിച്ചിരുന്ന ആദര്‍ശ രാഷ്ട്രീയം വലിച്ചെറിഞ്ഞു തീര്‍ത്തും എതിര്‍ചേരിയില്‍ നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവായി മല്‍സരിക്കുന്നത് പതിവ് രീതിയായി മാറിയിരിക്കുന്നു. എ കെ ആന്റണി പോലും അധികാരം നിലനിര്‍ത്താന്‍ വിട്ടുവീഴ്ചകള്‍ക്ക് ആവോളം തയ്യാറായത് നമുക്ക് കാണേണ്ടി വന്നിട്ടുണ്ട്.
ജനങ്ങളില്‍ രാഷ്ട്രീയത്തോടുള്ള താത്പര്യവും വിശ്വാസവും കുറയുകയും അരാഷ്ട്രീയ ചിന്താഗതി വളര്‍ന്നുവരികയും ചെയ്യുന്നുവെന്നതാണ് ഇതിന്റെയൊക്കെ പരിണതി. പതിനെട്ടവവും പയറ്റിയിട്ടും കേരള മണ്ണില്‍ വേരോട്ടം ലഭിക്കാത്ത ബി ജെ പിക്കും, രാഷ്ട്രീയ കുപ്പായമണിഞ്ഞ ‘മുസ്‌ലിം’ ഈര്‍ക്കിള്‍ പാര്‍ട്ടികള്‍ക്കും ചുരുക്കം ചില സീറ്റുകളെങ്കിലും ജയിച്ചുകയറാന്‍ സഹായകമാകുന്നതും മുഖ്യ ധാരാ കക്ഷികളുടെ അവസരവാദ നയങ്ങളും സഖ്യങ്ങളുമാണ്. പ്രായോഗിക രാഷ്ട്രീയത്തില്‍ ആദര്‍ശങ്ങള്‍ അപ്പടി പാലിക്കുക പ്രയാസമാണെന്ന് വാദിച്ചാലും നയങ്ങളും നിലപാടുകളും കുപ്പത്തൊട്ടിയിലെറിയുന്ന സ്ഥിതിവിശേഷം ന്യായീകരിക്കാവതാണോ?