Connect with us

Gulf

ഡോ. അമല്‍ അല്‍ ഖുബൈസി എഫ് എന്‍ സി സ്പീക്കര്‍

Published

|

Last Updated

ദുബൈ: എഫ് എന്‍ സി (ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍) സ്പീക്കറായി ഡോ. അമല്‍ അല്‍ ഖുബൈസി തിരഞ്ഞെടുക്കപ്പെട്ടു. അറബ് ലോകത്ത് നിന്ന് ആദ്യമായാണ് ഒരു വനിത സ്പീക്കര്‍ സ്ഥാനത്ത് എത്തുന്നത്. ഇതോടെ അമല്‍ ചരിത്രത്തിന്റെ ഭാഗമായി മാറുകയും ചെയ്തു. അമല്‍ എതിരില്ലാതെയാണ് ഈ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്.
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഖുബൈസിയെ അഭിനന്ദിച്ചു.
40 അംഗങ്ങളാണ് എഫ് എന്‍ സിയിലുള്ളത്. ഇവരില്‍ അമല്‍ ഉള്‍പെടെ ഒമ്പത് പേര്‍ സ്ത്രീകളാണ്. മൂന്നാം തവണയും എഫ് എന്‍ സി അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കെയാണ് പുതിയ പദവി ഡോ. അമലിനെ തേടിയെത്തിയിരിക്കുന്നത്. 2006ല്‍ അമല്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ എഫ് എന്‍ സിയില്‍ എത്തുന്ന ആദ്യ വനിതയായിരുന്നു. അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സിലിലെ ആദ്യ വനിതയെന്ന സ്ഥാനവും അമലിന് മാത്രം അവകാശപ്പെട്ടതാണ്.
2013ല്‍ എഫ് എന്‍ സിയുടെ ഒരു യോഗം നിയന്ത്രിക്കാനുള്ള അവസരവും അവര്‍ക്ക് ലഭിച്ചിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ പദവിയും ഡോ. അമല്‍ മുമ്പ് വഹിച്ചിട്ടുണ്ട്. ഇന്നലെയായിരുന്നു എഫ് എന്‍ സിയുടെ 16ാമത് കൗണ്‍സിലിന് തുടക്കമായത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എഫ് എന്‍ സി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. അംഗങ്ങള്‍ക്ക് ശൈഖ് മുഹമ്മദ് വിജയാശംസകളും നേര്‍ന്നു.
എഫ് എന്‍ സിയുടെ 16ാമത് ലെജിസ്‌ളേറ്റീവ് ചാപ്റ്ററിന്റെ സ്പീക്കറാവാന്‍ സാധിച്ചതില്‍ യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനോടും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിനോടും അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനോടും എഫ് എന്‍ സിയിലെ സഹപ്രവര്‍ത്തകരോടും നന്ദിയുണ്ടെന്ന് ഡോ. അമല്‍ വ്യക്തമാക്കി.
2011ല്‍ ഖത്തറില്‍ ആയിശ യൂസുഫ് അല്‍ മന്നായി അറബ് പാര്‍ലമെന്റിന്റെ ഡെപ്യൂട്ടി സ്പീക്കറായി ഇടംനേടി വാര്‍ത്തയില്‍ സ്ഥാനം പിടിച്ചിരുന്നു.