റഷ്യന്‍ വിമാനത്തില്‍ ബോംബ് സ്ഥാപിച്ചത് ജ്യൂസ് കാനില്‍ ഒളിപ്പിച്ചെന്ന് ഐഎസ്; ബോംബിന്റെ ചിത്രവും പുറത്തുവിട്ടു

Posted on: November 18, 2015 10:43 pm | Last updated: November 19, 2015 at 11:38 am
റഷ്യന്‍ വിമാനത്തില്‍ സ്ഥാപിച്ചതെന്ന് അവകാശപ്പെട്ട് എെഎസ് പുറത്തുവിട്ട ബോംബിന്റെ ചിത്രം
റഷ്യന്‍ വിമാനത്തില്‍ സ്ഥാപിച്ചതെന്ന് അവകാശപ്പെട്ട് എെഎസ് പുറത്തുവിട്ട ബോംബിന്റെ ചിത്രം

കൈറോ: 224 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം തകര്‍ത്തത് തങ്ങളാണെന്ന അവകാശവാദത്തിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഐഎസ് രംഗത്ത്. ജ്യൂസ് കാനില്‍ ഒളിപ്പിച്ചാണ് റഷ്യന്‍ വിമാനത്തില്‍ ബോംബ് കടത്തിയതെന്ന് ഐഎസ് വെളിപ്പെടുത്തി. ഐസിന്റെ മാഗസിനായ ദാബിഖിന്റെ പുതിയ പതിപ്പിലാണ് റഷ്യന്‍ വിമാനം തകര്‍ത്തത് വിശദീകരിക്കുന്നത്. ഇതോടൊപ്പം വിമാനം തകര്‍ക്കാന്‍ ഉപയോഗിച്ച ബോംബിന്റെ ചിത്രവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അതേസമയം ഷറം അല്‍ ശൈഖ് വിമാനത്താവളത്തിലെ കനത്ത സുരക്ഷയെ മറികടന്ന് സ്‌ഫോടക വസ്തു എങ്ങനെയാണ് വിമാനത്തില്‍ എത്തിച്ചതെന്ന് ഐ എസ് വിശദീകരിക്കുന്നില്ല. ഇറാഖിലും സിറിയയിലും ഐഎസിന് എതിരെ യുദ്ധം നയിക്കുന്ന യുഎസ് സഖ്യകക്ഷി രാഷ്ട്രങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ വിമാനം തകര്‍ക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ സെപ്തംബറില്‍ റഷ്യയുടെ നേതൃത്വത്തില്‍ സിറിയയില്‍ നടന്ന ആക്രമണത്തെ തുടര്‍ന്ന് റഷ്യന്‍ വിമാനത്തെ ലക്ഷ്യം വെക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഇംഗ്ലീഷില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.

2015 ഒക്‌ടോബര്‍ 31ന് ഈജിപ്തിലെ തുറമുഖ നഗരമായ ഷറം അല്‍ ശൈഖില്‍ നിന്ന് ടേക്ഓഫ് ചെയ്തയുടന്‍ പൊട്ടിത്തെറിക്കുകയായിരുന്നു.