കടയുടമയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച സംഭവം: വാണിമേല്‍ സ്വദേശി അറസ്റ്റില്‍

Posted on: November 18, 2015 8:15 pm | Last updated: November 18, 2015 at 8:15 pm
SHARE

arrestപേരാമ്പ്ര: കുറ്റിയാടി ടൗണില്‍ കടയുടമയെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയും, പരിഭ്രാന്തി സൃഷ്ടിച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായി ബോംബേറ് നടത്തുകയും ചെയ്ത കേസില്‍ ഒരാളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വാണിമേല്‍ സ്വദേശി മനീഷിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് കുറ്റിയാടി സി.ഐ.കുഞ്ഞിമൊയ്തീന്‍കുട്ടി പറഞ്ഞു കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കൈമാറുന്നതിന് അന്വേഷണോദ്യോഗസ്ഥര്‍ വിസമ്മതിച്ചു. അതേ സമയം അറസ്റ്റിലായ പ്രതി കുറ്റ കൃത്യത്തില്‍ നേരിട്ട് പങ്കാളിയാണെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച കാലത്ത് 10 ഓടെയാണ് കുറ്റിയാടിയെയും, പരിസര പ്രദേശങ്ങളേയും നടുക്കിയ സംഭവം. മോട്ടോര്‍ ബൈക്കിലെത്തിയ അക്രമി സംഘം ബസ്സ് സ്റ്റാന്റിന് സമീപത്തെ പര്‍ദ്ദ ഷാപ്പിലേക്ക് ഇരച്ചുകയറി കടയുടമ നിസാറിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തല നാരിഴ വ്യത്യാസത്തിനാണ് ഇയാള്‍ വധ ശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടത്. അക്രമം നടത്തി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നടത്തിയ ബോംബേറില്‍ വ്യാപാരികളായ മറ്റ് രണ്ട് പേര്‍ക്കും പരുക്കേറ്റിരുന്നു. അക്രമത്തിനിടയില്‍ പ്രതികള്‍ക്ക് ഏറ്റ പരുക്ക് സംഭവത്തില്‍ നിര്‍ണായക തെളിവാകുകയും, ഇവര്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയ ദമ്പതികളായ വാണിമേല്‍ കൂളിക്കുന്ന് ഇരുനിലാട്ടുമ്മല്‍ അനീഷ്, ഭാര്യ ഷൈനി എന്നിവര്‍ പിടിയിലാവുകയും ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്റില്‍ കഴിയുകയാണ്.