Connect with us

Editorial

റോഡ് വെട്ടിക്കീറുന്ന സര്‍ക്കാര്‍ വകുപ്പുകള്‍

Published

|

Last Updated

താജ്മഹലിന്ചുറ്റും കല്ല് പാകിയ റോഡ് നിര്‍മിക്കുന്നതിനുള്ള യു പി സര്‍ക്കാറിന്റെ അപേക്ഷ പരിഗണിക്കവെ കഴിഞ്ഞ ദിവസം സുപ്രീം കോടതി പ്രകടിപ്പിച്ച ആശങ്ക ശ്രദ്ധേയമാണ്. എത്ര നല്ല റോഡുകള്‍ നിര്‍മിച്ചിട്ടെന്താണ് കാര്യം. പണി പൂര്‍ത്തിയായ ഉടന്‍ വാട്ടര്‍അതോറിറ്റിയും വൈദ്യുതി വകുപ്പും റോഡ് വെട്ടിപ്പൊളിക്കില്ലേ എന്നായിരുന്നു ജസ്റ്റിസ് ടി എ ഠാക്കൂര്‍, ജസ്റ്റിസ് സി നാഗപ്പന്‍ എന്നിവരടങ്ങുന്ന ബഞ്ചിന്റെ ചോദ്യം. രാജ്യത്തെ റോഡുകളില്‍ യാത്ര ചെയ്യാന്‍ വിധിക്കപ്പെട്ട ഓരോ പൗരന്റെയുമാണ് യഥാര്‍ഥത്തില്‍ ഈ സന്ദേഹം. ജല അതോറിറ്റി, വൈദ്യുതി, വാര്‍ത്താ വിനിമയം തുടങ്ങിയ വകുപ്പുകളുടെ നിരുത്തവാദപരമായ പ്രവര്‍ത്തനങ്ങള്‍ മൂലം താറുമാറായ റോഡുകളിലൂടെ യാത്ര ചെയ്യാത്തവര്‍ രാജ്യത്ത് വിരളമായിരിക്കും.
പൊതുമരാമത്ത് കോടികള്‍ ചിലവഴിച്ച് റോഡിന്റെ ടാറിംഗ് പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ ഉടനെ വാട്ടര്‍ അതോറിറ്റിയുടെ കരാറുകാര്‍ അത് കുത്തിപ്പൊളിക്കുകയായി. അതോറിറ്റിയുടെ പ്രവര്‍ത്തനം റോഡ് പണി തുടങ്ങുന്നതിന് മുമ്പേ തീരുമാനിച്ചതും ടെന്‍ഡര്‍ നല്‍കിയതുമായിരിക്കും. എന്നാലും മിക്കപ്പോഴും റോഡിന്റെ പ്രവര്‍ത്തികളെല്ലാം മുഴുമിച്ചതിന് ശേഷമായിരിക്കും അവരുടെ ഏജന്‍സികള്‍ പ്രവൃത്തി ആരംഭിക്കുന്നത്.
വര്‍ഷങ്ങള്‍ നീണ്ട മുറവിളിക്ക് ശേഷമാണ് കോഴിക്കോട് നഗരത്തില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്കുള്ള റോഡ് വീതി കൂട്ടി ടാറിംഗ് നടത്തിയത്. അനേക കോടികള്‍ മുടക്കി പണി പൂര്‍ത്തിയാക്കി ഏറെ താമസിയാതെ തന്നെ ജപ്പാന്‍ കുടിവെള്ള പദ്ധതിക്കായി റോഡ് ഉടനീളം വെട്ടിക്കീറി യാത്ര ദുസ്സഹമാക്കി. ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ഇതുമായി ബന്ധപ്പെട്ട കോഴിക്കോട്-മെഡിക്കല്‍ കോളജ് റോഡിലെ പ്രവൃത്തിയും മുമ്പേ തീരുമാനിച്ചതാണ്. പക്ഷേ, കരാറുകാര്‍ റോഡ് പണി പൂര്‍ത്തിയാക്കുന്നത് വരെ കാത്തിരുന്നു അത് വെട്ടിപ്പൊളിക്കാന്‍. സുപ്രീം കോടതി അഭിപ്രായപ്പെട്ടത് പോലെ അതാണല്ലോ നമ്മുട ശൈലി. കോട്ടയം കൂവപ്പള്ളിയില്‍ നിന്ന് മുണ്ടക്കയത്തേക്കുള്ള റോഡിന്റെ സ്ഥിതിയും മറിച്ചല്ല. കഴിഞ്ഞ വര്‍ഷം ഒന്നേകാല്‍ കോടി രൂപ മുടക്കിയാണ് പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയത്. ഇതു കഴിഞ്ഞ് മാസങ്ങള്‍ക്കകം വാട്ടര്‍ അതോറിറ്റി വലിയ കുഴികളെടുത്ത് റോഡിന്റെ പല ഭാഗങ്ങളും കുളങ്ങളാക്കി മാറ്റി. കൂരത്തൂക്ക് കുടിവെള്ളപദ്ധതിയുടെ പൈപ്പ് ലൈന്‍ പൊട്ടിയതിനാലാണ് കുഴിയെടുത്തതെന്നായിരുന്നു വാട്ടര്‍ അതോറിറ്റിയുടെ വിശദീകരണം. ഈ റോഡിലെ പൈപ്പുകള്‍ പതിറ്റാണ്ടുകളുടെ പഴക്കമുള്ളതിനാല്‍ പൊട്ടാന്‍ സാധ്യതയുണ്ടെന്നും റോഡ് പണി തുടങ്ങും മുമ്പ് അവ മാറ്റി സ്ഥാപിക്കണമെന്നും അതോറിറ്റി അധികൃതരെ നേരത്തെ ഉണര്‍ത്തിയതാണ്. അധികൃതര്‍ അത് ചെവിക്കൊണ്ടില്ല.
സംസ്ഥാനത്തിന്റെ ഏത് ഭാഗത്തെ റോഡുകളുടെയും അവസ്ഥ ഇതാണ്. ഇനി ഏതെങ്കിലും ഉത്തരവാദിത്വ ബോധമുള്ള ഉദ്യോഗസ്ഥന്‍ ഇത്തരം തലതിരിഞ്ഞ പ്രവര്‍ത്തികള്‍ക്കെതിരെ പ്രതികരിച്ചാല്‍ ഉന്നതങ്ങളെ സ്വാധീനിച്ചു അദ്ദേഹത്തെ ഒതുക്കുകയും ചെയ്യും. തൃപ്പൂണിത്തുറയിലെ ഒരു അസി.എന്‍ജിനീയറുടെ അനുഭവം അതായിരുന്നു. തൃപ്പൂണിത്തുറയില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാന്‍ പി ഡബ്ല്യു ഡി മാന്വല്‍ ലംഘിച്ച് റോഡ് വെട്ടിപ്പൊളിക്കുന്നത് തടഞ്ഞ എന്‍ജിനീയറെ ഒരാഴ്ചക്കകം രണ്ടു തവണ സ്ഥലം മാറ്റി പീഡിപ്പിക്കുകയായിരുന്നു അധികൃതര്‍. ഉത്തരവാദപ്പെട്ടവരെ സ്വാധീനിച്ചും ഉദ്യോഗസ്ഥ പ്രമുഖരെ കാണേണ്ടതുപോലെ കണ്ട ശേഷവുമാണ് കരാറുകാര്‍ അനധികൃതവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നതിനാല്‍ അതിനെതിരെ വിരലനക്കാന്‍ ആരും തുനിയാറില്ല. തുനിഞ്ഞാല്‍ അധികൃതരുടെ സഹായത്തോടെ അവനിട്ട് പണി കൊടുക്കുകയും ചെയ്യും. നല്ല റോഡുകളിലൂടെ യാത്ര ചെയ്യാന്‍ ജനങ്ങള്‍ക്ക് ലഭിക്കുന്ന അവസരം ദുര്‍ലഭമാണെന്നതാണിതിന്റെ പരിണിതി.
സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനമില്ലായ്മയും ചില വകുപ്പ് തലവന്മാരുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും നിക്ഷിപ്ത താത്പര്യങ്ങളുമാണ് ഇതിന്് പിന്നില്‍. പ്രശ്‌നപരിഹാരത്തിന് സംസ്ഥാന തലത്തിലും ജില്ലാ തലങ്ങളിലുമെല്ലാം ചില നീക്കങ്ങള്‍ നടന്നെങ്കിലും തീരുമാനങ്ങള്‍ യഥാവിധി നടപ്പാകുന്നില്ല. പി ഡബ്ല്യു ഡി, വാട്ടര്‍ അതോറിറ്റി, കെ എസ് ഇ ബി ബൈപ്പാസ് സബ് ഡിവിഷന്‍, ജില്ലാ പഞ്ചായത്ത് വകുപ്പുകളുടെ പ്രതിനിധികള്‍ പങ്കെടുത്ത ജില്ലാ തല യോഗങ്ങളില്‍ റോഡുകളുടെ പ്രവൃത്തികളില്‍ തീരുമാനമെടുക്കാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപവത്കരിക്കുകയും പ്രവൃത്തി തുടങ്ങുന്നതിനു മുമ്പ് ബന്ധപ്പെട്ട ഏജന്‍സി റോഡിന്റെ ഉടമസ്ഥരായ പൊതുമരാമത്ത്, കോര്‍പറേഷന്‍, പഞ്ചായത്ത് അധികൃതര്‍ക്കും അപേക്ഷ സമര്‍പ്പിക്കണമെന്നും അപേക്ഷയില്‍ കോ -ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കൂടി അനുമതി ലഭിച്ച ശേഷം മാത്രമേ റോഡ് വെട്ടിപ്പൊളിക്കാവൂ എന്നും തീരുമാനം എടുത്തു. എന്നാല്‍ ഈ തീരുമാനം കാറ്റില്‍ പറത്തി പിന്നെയും റോഡ് വെട്ടിപ്പൊളിക്കല്‍ നടന്നു വരികയാണ്. കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റികള്‍ പല ജില്ലകളിലും നിര്‍ജീവവുമാണ്. കമ്മിറ്റികള്‍ സജീവമാക്കുകയും വ്യവസ്ഥകള്‍ എല്ലാ വകുപ്പുകളും കരാറുകാരും പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തുകയും ചെയ്യേണ്ടതുണ്ട്. പക്ഷേ, അതൊക്കെ നോക്കാന്‍ ഇവിടെ ആര്‍ക്ക് നേരം?

---- facebook comment plugin here -----

Latest