പച്ചക്കറിക്ക് തീവില

Posted on: November 18, 2015 6:00 am | Last updated: November 18, 2015 at 12:12 am
SHARE

WEEKLY_VEGETABLE_M_1408220gപാലക്കാട്: കനത്ത മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെ സംസ്ഥാനത്ത് പച്ചക്കറിക്ക് തീവില. ശബരിമല തീര്‍ഥാടനകാലംകൂടിയായതോടെ പച്ചക്കറിക്കുള്ള ആവശ്യം കൂടിയതും വില കുത്തനെ കൂടാന്‍ കാരണമായതായി വ്യാപാരികള്‍ പറയുന്നു. പച്ചക്കറി ലോഡുകളുടെ വരവ് 55 ശതമാനമാണ് കുറഞ്ഞിട്ടുള്ളത്. കനത്ത മഴയെ തുടര്‍ന്ന് ഉള്ളി, തക്കാളി, കാരറ്റ്, വഴുതന, വെണ്ടക്ക, ബീന്‍സ്, അവരക്ക എന്നിവ വിളവെടുക്കാന്‍ കഴിയാതെ നശിച്ചിട്ടുണ്ട്.
നവംബര്‍, ഡിസംബര്‍ കാലത്ത് സാധാരണ ഉപയോഗിക്കുന്ന ബെംഗളൂരു ഉള്ളിക്കും സേലത്തു നിന്നുവരുന്ന ഉള്ളിക്കും കിലോക്ക് 40 മുതല്‍ 50 വരെ രൂപയാണ് മാര്‍ക്കറ്റിലെ വില. രണ്ടാഴ്ച മുമ്പ് കിലോഗ്രാമിന് 20-25 രൂപക്ക് ഉള്ളി കിട്ടിയിരുന്നു. ലോറികളുടെ വരവ് കുറവായതാണ് തക്കാളിക്കും ബീന്‍സിനും വഴുതിനക്കും വില ഉയരാന്‍ കാരണമായതത്രെ. ആന്ധ്രാപ്രദേശില്‍ നിന്നും കര്‍ണാടകയില്‍ നിന്നും തമിഴ്‌നാടിന്റെ പല ഭാഗങ്ങളില്‍ നിന്നും പച്ചക്കറി വന്നിരുന്നത് നിലച്ചു. രണ്ടു ദിവസം മുമ്പ് ഇരുപത് രൂപയുണ്ടായിരുന്ന ഒരു കിലോ തക്കാളിയുടെ വില 54 രൂപയായി. ചെറുനാരങ്ങയുടെ വിലയാണ് വന്‍തോതില്‍ ഉയര്‍ന്നത്. കിലോക്ക് 110 രൂപയായി. വെണ്ടക്ക- 40, അവര- 30, ചെറിയ ഉള്ളി- 54, വലിയ ഉള്ളി- 46, കാരറ്റ്- 40, ബീറ്റ്‌റൂട്ട്- 36, ഉരുളക്കിഴങ്ങ്- 40 എന്നിങ്ങനെയാണ് കിലോക്ക് വില.
ഉഴുന്നു പരിപ്പ്, തുവരപ്പരിപ്പ് എന്നിവയുടെ വിലയില്‍ കുറവ് വന്നിട്ടില്ല. ഒരു കിലോ തുവരപ്പരിപ്പിന് 190 രൂപയും ഉഴുന്നുപരിപ്പിന് ഇരുനൂറ് രൂപയുമാണ് വില. മഴ തുടര്‍ന്നാല്‍ ഇനിയും വില കുതിച്ചുയരും. ഒട്ടന്‍ഛത്രം, ദിണ്ടിക്കല്‍, ഈറോഡ്, മേട്ടുപ്പാളയം, ഊട്ടി എന്നിവിടങ്ങളില്‍ മഴയെ തുടര്‍ന്ന് വിളനാശമുണ്ടായിട്ടുണ്ട്. ശബരിമല തീര്‍ഥാടന കാലത്ത് പച്ചക്കറിക്ക് വില കൂടുക സാധാരണമാണ്. ഇതിന് പുറമെയാണ് മഴയെ തുടര്‍ന്ന് വിളനാശം ഉണ്ടായത്. ഇത് വരുംദിവസങ്ങളില്‍ പച്ചക്കറി വില കൂട്ടുന്നതിന് കാരണമാകുമെന്ന് വ്യാപാരികള്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here