ഡോ. രവി പിള്ളക്ക് ‘ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2015’ പുരസ്‌കാരം

Posted on: November 17, 2015 8:43 pm | Last updated: November 17, 2015 at 8:43 pm
ഡോ. രവി പിള്ളക്കു വേണ്ടി 'ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2015' അവാര്‍ഡ് വിനോദ് ജി പിള്ള സ്വീകരിക്കുന്നു
ഡോ. രവി പിള്ളക്കു വേണ്ടി ‘ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2015’ അവാര്‍ഡ് വിനോദ് ജി പിള്ള സ്വീകരിക്കുന്നു

ദുബൈ: വ്യക്തിഗതമായും കോര്‍പറേറ്റ് തലത്തിലും മികവ് തെളിയിക്കുന്നവരെ ആദരിക്കുന്ന അറേബ്യന്‍ ബിസിനസ് അച്ചീവ്‌മെന്റസ് അവാര്‍ഡ്‌സ് 2015 ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രവി പിള്ളയെ ‘ബിസിനസ്മാന്‍ ഓഫ് ദി ഇയര്‍ 2015’ ആയി തിരഞ്ഞെടുത്തു.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ദുബൈ നഗരത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച കെട്ടിട നിര്‍മാണ പദ്ധതികള്‍ കൊണ്ടുവരുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് ബഹുമതി.
ഡോ. രവി പിള്ളക്ക് വേണ്ടി ആര്‍ പി ഗ്രൂപ്പ് യു എ ഇ ഓപറേഷന്‍സ് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ വിനോദ് ജി പിള്ള പുരസ്‌കാരം ഐ ടി പി ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ വാലിദ് അകാവിയില്‍ നിന്ന് ഏറ്റുവാങ്ങി. ഈ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ അഭിമാനവും ആഹ്ലാദവുമുണ്ടെന്ന് ആര്‍ പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രവി പിള്ള പറഞ്ഞു.
85,000ത്തിലധികം തൊഴിലാളികളുടെ അധ്വാനമില്ലെങ്കില്‍ ഈ പുരസ്‌കാരം സാധ്യമാവുകയില്ലായിരുന്നെന്നു അദ്ദേഹം പറഞ്ഞു. ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ആര്‍ പി ഗ്രൂപ്പ് 550 കോടി നിക്ഷേപം നടത്തും. തങ്ങളുടെ ആദ്യത്തെ സംരംഭമായ ആര്‍ പി ഹൈറ്റ്‌സ് 2017 അവസാന പാദത്തില്‍ പൂര്‍ത്തിയാകും. വലിയ വിജയമാകുന്ന സംരംഭങ്ങളുടെ ഒരു തുടക്കം മാത്രമാണിതെന്ന് ഡോ. രവി പിള്ള വ്യക്തമാക്കി. ആര്‍ പി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ റിയല്‍ എസ്റ്റേറ്റ് വികസന കമ്പനിയാണ് ആര്‍ പി ഗ്ലോബല്‍. ഒമ്പത് രാജ്യങ്ങളിലായി 20 നഗരങ്ങളില്‍ ആര്‍ പി ഗ്രൂപ്പിന് സജീവ സാന്നിധ്യമുണ്ട്.