ജൈവകൃഷിയിലേക്ക് മടങ്ങൂ, അര്‍ബുദത്തെ മാറ്റി നിര്‍ത്താം: ഡോ: വി പി ഗംഗാധരന്‍

Posted on: November 16, 2015 9:49 pm | Last updated: November 16, 2015 at 9:49 pm
SHARE
റാസല്‍ ഖൈമ ഇന്ത്യന്‍ റിലീഫ് കമ്മിറ്റി ഐ ആര്‍ സി ഒരുക്കിയ അര്‍ബുദരോഗ ബോധവത്കരണ പരിപാടിയില്‍ ഡോ. വി പി ഗംഗാധരന്‍ സംസാരിക്കുന്നു
റാസല്‍ ഖൈമ ഇന്ത്യന്‍ റിലീഫ് കമ്മിറ്റി ഐ ആര്‍ സി ഒരുക്കിയ അര്‍ബുദരോഗ ബോധവത്കരണ പരിപാടിയില്‍ ഡോ. വി പി ഗംഗാധരന്‍ സംസാരിക്കുന്നു

റാസല്‍ ഖൈമ: ജൈവ കൃഷിയിലേക്ക് മടങ്ങുകവഴി അര്‍ബുദ രോഗത്തെ ഒരു പരിധിവരെ മാറ്റിനിര്‍ത്താനാവുമെന്ന് അര്‍ബുദ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ. വി പി ഗംഗാധരന്‍. കാന്‍സര്‍ രോഗത്തിന്റെ മറവില്‍ വന്‍ തട്ടിപ്പുകള്‍ അരങ്ങേറുകയാണെന്നും വി പി ഗംഗാധരന്‍ പറഞ്ഞു. റാസല്‍ ഖൈമ ഇന്ത്യന്‍ റിലീഫ് കമ്മിറ്റി ഐ ആര്‍ സി ഒരുക്കിയ അര്‍ബുദരോഗ ബോധവത്കരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഒരേ സാഹചര്യങ്ങളില്‍ ജീവിക്കുന്നവരില്‍ രോഗം കണ്ടേക്കാമെങ്കിലും അര്‍ബുദം ഒരിക്കലും പാരമ്പര്യമല്ല. എത്രയും പെട്ടെന്ന് കണ്ടെത്തുന്നുവോ അത്രയുമാണ് ചികിത്സയുടെ ഫലപ്രാപ്തി. പുരുഷന്മാരില്‍ ശ്വാസകോശ അര്‍ബുദവും സ്ത്രീകളില്‍ സ്തനാര്‍ബുദവുമാണ് കൂടുതലായി കണ്ടുവരുന്നത്. പുകവലിയാണ് ശ്വാസകോശ അര്‍ബുദത്തിന് പ്രധാന കാരണം. പുക കടന്നുപോകുന്ന ശരീരത്തിനുള്ളിലെ ഏതൊരു ഭാഗത്തും അര്‍ബുദം പിടിപെടാം. 20 വയസിനുമുകളില്‍ പ്രായമുള്ള സ്ത്രീകള്‍ സ്വയം സ്തന പരിശോധന നടത്തണമെന്നു അദ്ദേഹം പറഞ്ഞു.
ചിലതരം പച്ചക്കറികള്‍ മുതല്‍ ഉപ്പുചികിത്സ വരെ അര്‍ബുദത്തിനെതിരെ സോഷ്യല്‍ മീഡിയ ഉപയോഗിച്ചും മറ്റും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. മുള്ളന്‍ചക്ക ലക്ഷ്മിത്തെരു എന്നിവക്കൊന്നും അര്‍ ബുദത്തിനെ മാറ്റാനുള്ള ഔഷധഗുണമില്ലെന്ന് മനസിലാക്കണം.
അനുവദിച്ച അളവിലും കൂടുതല്‍ കീടനാശിനികള്‍ ചേര്‍ത്തുവരുന്ന പഴം പച്ചക്കറികള്‍ എന്നിവ ഉപ്പിട്ട ചൂടുവെള്ളത്തില്‍ അല്‍പസമയം ഇട്ടുവെച്ചാല്‍ അവ രാസമുക്തമാകും. ഉപയോഗിച്ച ഭക്ഷ്യയെണ്ണ വീണ്ടും ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ല. എന്നാല്‍ സ്ഥിരം ഒരേപാത്രം തന്നെ ഇതിനായി ഉപയോഗിക്കുന്നതാണ് അപകടം.
മരണത്തെ തോല്‍പ്പിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് അമാനുഷിക കഴിവുണ്ടെന്നു വിശ്വസിക്കരുത്. പഠിച്ച ശാസ്ത്രം വേണ്ടവിധം പ്രയോഗിക്കുമ്പോഴാണ് ഡോക്ടര്‍ വിജയിക്കുന്നത്.
പ്രസിഡന്റ് ഡോ. നിഷാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ ഐ ആര്‍ സി ജനറല്‍ സെക്രട്ടറി അഡ്വ. നജ്മുദ്ദീന്‍ സ്വാഗതം പറഞ്ഞു. ഡോ. ബേബിമാത്യു ആമുഖപ്രഭാഷണം നടത്തി. സുമേഷ് മടത്തില്‍ ഡോ. ഗംഗാധരന് മൊമെന്റോ നല്‍കി. പാലിയേറ്റീവ് കെയര്‍ യൂണിറ്റ് പ്രസിഡന്റ് ഡോ. ജെറിജോസഫ്, തിരുവനന്തപുരം ആര്‍ സി സിയിലെ ശിശുരോഗവിദഗ്ധനും അസി. പ്രഫസറുമായ ഡോ. ഗുരുപ്രസാദ്, എന്നിവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here