യു എ ഇ ദേശീയ ദിനാഘോഷം; അലങ്കാര വസ്തുക്കള്‍ക്ക് പ്രിയമേറുന്നു

Posted on: November 16, 2015 9:46 pm | Last updated: November 16, 2015 at 9:46 pm
SHARE
Untitled-3 copy
ദേശീയ ദിനാഘോഷത്തെ വരവേല്‍ക്കാനുള്ള സാമഗ്രികള്‍ റോളയിലെ അല്‍ ഗുവൈര്‍ മാര്‍ക്കറ്റില്‍ വില്‍പനക്കായി വെച്ചിരിക്കുന്നു

ഷാര്‍ജ: 44-ാം ദേശീയ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെ അലങ്കാര വസ്തുക്കളുടെ വില്‍പന സജീവം.
ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നാടും നഗരവും അലങ്കരിക്കാനാവശ്യമായ വൈവിധ്യമാര്‍ന്ന സാമഗ്രികള്‍ വ്യാപാര സ്ഥാപനങ്ങളില്‍ യഥേഷ്ടം എത്തി. ദേശീയദിനം അടുക്കുന്തോറം അലങ്കാരവസ്തുക്കളുടെ വില്‍പനയും വര്‍ധിക്കുകയാണ്. സ്വദേശികളും വിദേശികളും ഒരുപോലെ സാധനങ്ങള്‍ വാങ്ങുന്നു. ഷാര്‍ജ റോളയിലെ അല്‍ ഗുവൈര്‍ മാര്‍ക്കറ്റില്‍ കണ്ണഞ്ചിപ്പിക്കുന്ന അലങ്കാരവസ്തുക്കള്‍ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്.
ഷാള്‍, തൊപ്പി, സ്റ്റിക്കര്‍, ഗിഫ്റ്റ് ബോക്‌സ്, വടി, മാക്‌സി, തോരണങ്ങള്‍, ടീ ഷര്‍ട്ട്, പന്ത്, കുട, പാന്റ്‌സ്, പതാകകള്‍ തുടങ്ങി ഒട്ടേറെ സാധനങ്ങളാണ് വില്‍പനക്കെത്തിയിട്ടുള്ളത്. ദേശീയ പതാകയുടെ നിറത്തിലുള്ള ഈ സാധനങ്ങളൊക്കെയും കാണികളുടെ മനം കവരുന്നതാണ്. മാര്‍ക്കറ്റിലെ നിരവധി കടകള്‍ ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട സാധനങ്ങള്‍ മാത്രം വില്‍ക്കുന്നവയായി മാറിയിട്ടുണ്ട്. ഒരു ദിര്‍ഹം മുതല്‍ 50 ദിര്‍ഹം വരെയുള്ള ദേശീയ ദിനാഘോഷ സാധനങ്ങള്‍ കടകളില്‍ ലഭ്യമാണ്. ആവശ്യക്കാരിലധികവും സ്വദേശികളാണെന്ന് ഒരു വ്യാപാരി പറഞ്ഞു. ആവശ്യക്കാര്‍ കൂടിവരികയാണെന്നും ദേശീയ ദിനം അടുക്കുന്തോറം വില്‍പന വര്‍ധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്നും വ്യാപാരി കൂട്ടിച്ചേര്‍ത്തു.
വാഹനങ്ങളും മറ്റും അലങ്കരിക്കുന്നതിനുള്ള സ്റ്റിക്കറുകളും ഇവിടെ ലഭ്യമാണ്. ഇവയും ചുരുങ്ങിയ വിലക്ക് ലഭിക്കുന്നുണ്ട്.
കുട്ടികളെയാണ് ദേശീയ ദിനാഘോഷ സാധനങ്ങള്‍ ഏറെയും ആകര്‍ഷിക്കുന്നത്. അവര്‍ക്ക് കളിക്കാനും ധരിക്കാനും മറ്റു ആവശ്യങ്ങള്‍ക്കുമുള്ള സാധനങ്ങളത്രയും ദേശീയപതാകയുടെ നിറത്തിലുള്ളവ സുലഭമാണ്.
ദേശീയദിനാഘോഷത്തിന്റെ ഭാഗമായി സര്‍ക്കാര്‍ മന്ദിരങ്ങളും മറ്റും അലങ്കരിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. പൊതു-സ്വകാര്യ വിദ്യാലയങ്ങളും ആഘോഷത്തിനുള്ള തുടക്കം കുറിച്ചിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളിലെല്ലാം അലങ്കാര ദീപങ്ങള്‍ സ്ഥാപിച്ചുവരികയാണ്. കുവൈത്ത് റൗണ്ട് എബൗട്ടിലും നഗരസഭ ആസ്ഥാന മന്ദിരത്തിനു മുന്നിലും ദീപങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇവ തെളിയിച്ചിട്ടില്ല. ദേശീയ ദിനാഘോഷത്തിന് ഇനി രണ്ടാഴ്ച മാത്രമാണ് അവശേഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here