നെഹ്‌റു ഭാരതത്തിന്റെ ശക്തി: മുല്ലപ്പള്ളി രാമചന്ദ്രന്‍

Posted on: November 15, 2015 10:31 am | Last updated: November 15, 2015 at 10:31 am
SHARE

കോഴിക്കോട്: ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജനാധിപത്യ ദര്‍ശനങ്ങള്‍ മതേതര ഭാരതത്തിന്റെ എക്കാലത്തെയും ശക്തി സ്തംഭങ്ങളാണെന്ന് മുന്‍ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് രാജീവ്ഗാന്ധി ഓഡിറ്റോറിയത്തില്‍ ഡി സി സി സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജിയും നെഹ്‌റുവും മുതലുള്ള മഹാരഥര്‍ പാകിയ അടിത്തറ തകര്‍ക്കാന്‍ ഒരു വര്‍ഗീയ ശക്തിക്കും സാധിക്കില്ല. നെഹ്രുവിന്റെ നേട്ടങ്ങളെയും ദര്‍ശനങ്ങളെയും ഇല്ലാതാക്കാമെന്ന് ബി ജെ പി സര്‍ക്കാര്‍ വിചാരിക്കുന്നുവെങ്കില്‍ അത് വിഡ്ഡിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അസഹിഷ്ണുത വളരുമ്പോള്‍ അകത്തു നിന്ന് പ്രതികരിക്കാന്‍ ഭയപ്പെടുന്ന മോദി വിദേശത്തു ചെന്ന് സഹിഷ്ണുതയെപ്പറ്റി സംസാരിക്കുന്നത് കാപട്യമാണ്. ഇന്ത്യയെ ലോകശക്തിയാക്കി മാറ്റിയ നെഹുറുവിന് ലോക രാഷ്ട്രങ്ങള്‍ ബഹുമാനം നല്‍കിയത് അദ്ദേഹത്തിന്റെ നിലപാടുകളെ മുന്‍നിര്‍ത്തിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മോദിയും സംഘ്പരിവാര്‍ ശക്തികളും സ്വന്തമാക്കിയത് താത്കാലിക നേട്ടം മാത്രമാണെന്ന് ഇപ്പോള്‍ തെളിഞ്ഞുകൊണ്ടിരിക്കയാണ് മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ഡി സി സി പ്രസിഡന്റ് കെ സി അബു അധ്യക്ഷതവഹിച്ചു. യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍, അഡ്വ. ടി സിദ്ദിഖ്, അഡ്വ. എം ടി പത്മ, പി വി ഗംഗാധരന്‍, അഡ്വ. പി എം നിയാസ്, ഡി സി സി ഭാരവാഹികളായ കെ വി സുബ്രഹ്മണ്യന്‍, കെ പി ബാബു, പി മൊയ്തീന്‍, ഡോ. പി കെ ചാക്കോ, പി കെ മാമുക്കോയ, അഡ്വ. എം ധര്‍മ്മരത്‌നം, ഹാഷിം മനോളി, ഷാജിര്‍ അറാഫത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി ഡി ജോസഫ്, അന്നമ്മ മാത്യു, അഡ്വ. എം രാജന്‍, പി മമ്മദ്‌കോയ പ്രസംഗിച്ചു.