ഇന്ന് മുതല്‍ ബാലാവകാശ വാരം

Posted on: November 14, 2015 8:31 am | Last updated: November 14, 2015 at 11:33 am
SHARE

തിരുവനന്തപുരം: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഇന്ന് മുതല്‍ 20 വരെ ബാലാവകാശ വാരം ആഘോഷിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ ശോഭാ കോശി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാരാഘോഷത്തിന്റെ ഭാഗമായി ബാലാവകാശ മേഖലയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി വീല്‍ എക്‌സ്‌പോ ഓണ്‍ വീല്‍ എന്ന പേരില്‍ ചൈല്‍ഡ് ലൈനുമായി സഹകരിച്ച് പ്രചാരണ വാഹനം യാത്ര നടത്തും.
ഇന്ന് വൈകിട്ട് 3.30ന് എസ് എം വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാഹനം ഫഌഗ് ഓഫ് ചെയ്യും. മന്ത്രിമാരായ ഡോ. എം കെ മുനീര്‍, വി എസ് ശിവകുമാര്‍ എന്നിവര്‍ പങ്കെടുക്കും. എല്ലാ ജില്ലകളിലേയും കടന്നുപോകുന്ന വാഹനത്തിന്റെ പര്യടനം 27ന് പത്തനംതിട്ടയില്‍ സമാപിക്കും.
കുട്ടികളെ ശാരീരിക ശിക്ഷകള്‍ക്ക് വിധേയരാക്കുന്നതിനെതിരെ അധ്യാപക സമൂഹത്തെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരുടെ പ്രതിനിധികളുടെ യോഗം 18ന് തിരുവനന്തപുരത്ത് നടക്കും. ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്യും. 20ന് രാവിലെ 11 മണിക്ക് കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ബാലാവകാശവാരാഘോഷത്തിന്റെ സമാപനച്ചടങ്ങില്‍ കമ്മീഷന്റെ പരിഷ്‌കരിച്ച വെബ്‌സൈറ്റ്, ഓണ്‍ലൈന്‍ കംപ്ലെയിന്റ് സംവിധാനം എന്നിവയുടെ ഉദ്ഘാടനം ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നിര്‍വഹിക്കും. അട്ടപ്പാടിയിലെ ഇരുളവിഭാഗം കുട്ടികളുടെ പ്രീ പ്രൈമറി വിദ്യാഭ്യാസം ഗോത്രവത്കരിക്കുന്നതിനായി കമ്മീഷന്‍ തയാറാക്കിയ പ്രീ പ്രൈമറി പാഠ്യപദ്ധതിയുടെ കരടിന് രൂപം നല്‍കുന്നതില്‍ സഹായിച്ച 16 അധ്യാപകരെ ചടങ്ങില്‍ ആദരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കമ്മീഷന്‍ മെമ്പര്‍മാരായ മീന സി യു, ഗ്ലോറി ജോര്‍ജ്, ജെ സന്ധ്യ, ഫാ. ഫിലിപ്പ് പരക്കാട്ട്. പി വി എന്‍ ബാബു പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here