പുസ്തകമേളയില്‍ ശൈഖ് സുല്‍ത്താന്റെ സാന്നിധ്യം

Posted on: November 13, 2015 5:52 pm | Last updated: November 16, 2015 at 10:40 pm

kannadiഷാര്‍ജ രാജ്യാന്തര പുസ്തകമേള ഈ വര്‍ഷവും വന്‍ വിജയമാവുകയാണ്. ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ ദീര്‍ഘ വീക്ഷണമാണ് വിജയത്തിന്റെ അടിസ്ഥാന കാരണം. അറബ് ലോകത്തെ എണ്ണപ്പെട്ട എഴുത്തുകാരന്‍ എന്ന നിലയിലുള്ള ആദരവ് കൂടി ശൈഖ് സുല്‍ത്താന്‍ ഏറ്റുവാങ്ങുന്നു.
ശൈഖ് സുല്‍ത്താന്റെ കൃതികള്‍ വലിയ തോതില്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു തുടങ്ങിയിരിക്കുന്നു. നേരത്തെ, വെള്ളക്കാരന്‍ ശൈഖ് എന്ന ചരിത്ര നോവല്‍ ഒ വി ഉഷ വിവര്‍ത്തനം ചെയ്തിരുന്നു. പുതുതായി ‘ഹജറുല്‍ അസ്‌വദ്’ എന്ന നാടകമാണ് മലയാളത്തില്‍ എത്തുന്നത്. നിരവധി അറബി കവിതകള്‍ നേരിട്ട് മൊഴി മാറ്റിയ മമ്മുട്ടി കട്ടയാടാണ് ഹജറുല്‍ അസ്‌വദ് മലയാളത്തിലാക്കിയത്.
ഹിജ്‌റ മൂന്നാം നൂറ്റാണ്ടില്‍ സ്ഥാപിതമായ അബ്ബാസിയ ഭരണകൂടത്തിനെതിരെ ‘ഖറാമിതികള്‍’ നടത്തിയ ആക്രമണമാണ് പ്രമേയം. മക്കയില്‍ നിന്ന് ഹജറുല്‍ അസ്‌വദ് എന്ന വിശുദ്ധ ശില ഖറാമിതികള്‍ കടത്തിക്കൊണ്ടുപോയി. 22 വര്‍ഷത്തിനു ശേഷം വിശുദ്ധ ശില മക്കക്ക് തിരിച്ചുകിട്ടി.
ഇസ്‌ലാമിക ഭരണകൂടത്തിലെ ചരിത്രസന്ധിയുടെ നാടകാവിഷ്‌കാരം അറബ് ലോകത്ത് ഏറെ ശ്രദ്ധേയമായിരുന്നു. രംഗവേദിക്ക് അനുയോജ്യമായ തിരനാടകമാണിത്. നാടകകൃത്ത് എന്ന നിലയില്‍ ശൈഖ് സുല്‍ത്താന്റെ അസാമാന്യ പാടവം പുസ്തകത്തില്‍ ദര്‍ശിക്കാന്‍ കഴിയും.
എഴുത്തുകാരനായ ശൈഖ് സുല്‍ത്താനെക്കുറിച്ചുള്ള നിരവധി പുസ്തകങ്ങള്‍ പുസ്തകമേളയില്‍ ലഭ്യമായിട്ടുണ്ട്. ഇന്ത്യക്കാരനായ ഡോ. എസ് ഡി കാര്‍ണിക് എഴുതിയ സുല്‍ത്താന്‍, നമ്മുടെ കാലഘട്ടത്തിലെ യഥാര്‍ഥ നായകന്‍ അതിലൊന്ന്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. വൈ എ റഹീം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
കലാപരമായും ബൗദ്ധികമായും ഊര്‍ജസ്വലമാണ് ശൈഖ് സുല്‍ത്താന്റെ ഭരണമെന്ന് ഡോ. കാര്‍ണിക് ചൂണ്ടിക്കാട്ടുന്നു.1982ലാണ് ഷാര്‍ജ പുസ്തകമേള തുടങ്ങിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രമുഖ എഴുത്തുകാരെ ക്ഷണിച്ചുകൊണ്ടുവന്ന്, അറബ്‌ലോകത്തിന് പരിചയപ്പെടുത്താന്‍ ശൈഖ് സുല്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതോടെ, പുസ്തകമേളയുടെ സ്വഭാവം മാറി. ബെന്‍ ഓക്‌റി, ടി പത്മനാഭന്‍ തുടങ്ങിയ എഴുത്തുകാര്‍ ഇത്തവണ പുസ്തകമേളക്ക് അലങ്കാരമായി. മലയാളത്തിന് ഇത്രയധികം പ്രാധാന്യം ലഭിക്കുന്ന മേള ലോകത്ത് വേറെ എവിടെയുമില്ല. അതിനു ശൈഖ് സുല്‍ത്താനോട് നന്ദിയുള്ളവരാവുക.
കെ എം എ