മുനിസിപ്പല്‍ ലീഗിലെ ചേരിതിരിവ്: ഇരുപക്ഷവും പാണക്കാട് തങ്ങളെ കണ്ടു

Posted on: November 12, 2015 9:43 am | Last updated: November 12, 2015 at 9:43 am
SHARE

കോട്ടക്കല്‍: ചേരിതിരിവ് രൂക്ഷമായ മുനിസിപ്പല്‍ ലീഗിലെ ഇരു വിഭാഗവും പാണക്കാട് തങ്ങളെ കണ്ടു. കഴിഞ്ഞ ദിവസമാണ് ഇരു വിഭാഗവും പാണക്കാടെത്തിയത്. ചെയര്‍മാന്‍മാരെ നിശ്ചയിക്കുന്നത് സംബന്ധിച്ച് തീരുമാനം കാണാനാണ് തങ്ങളെ കണ്ടത്.
കെ കെ നാസറിനെയാണ് ഒരു വിഭാഗം ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിച്ചത്. എന്നാല്‍ പി ഉസ്മാന്‍കുട്ടിയെ നിയമിക്കണമെന്നാണ് മറുവിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്. വിഭാഗീയത കനത്ത് നില്‍കെ കഴിഞ്ഞ ദിവസം പാര്‍ട്ടി യോഗം ചേര്‍ന്നിരുന്നു. ലീഗ് ഓഫീസില്‍ നിന്നും മാറി മറ്റൊരിടത്താണ് സംഗമിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ തള്ളിക്കയറ്റം ഇല്ലാതിരിക്കാനായിരുന്നു ഇത്. പി മൂസകുട്ടി ഹാജിയുടെ പരാജയമാണ് പ്രശ്‌നം കൂടുതല്‍ ശക്തിപ്പെടുത്തിയത്. ഇദ്ദേഹത്തെ തോല്‍പ്പിക്കാന്‍ ഒരു വിഭാഗം കരുക്കുകള്‍ നീക്കിയെന്നാണ് ആരോപണം.
സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് കാര്യങ്ങള്‍ നീക്കും. ചെയര്‍മാന്‍ സ്ഥാനത്തിനായി ഉറച്ച് നില്‍ക്കാന്‍ തന്നെയാണ് ഇരു വിഭാഗത്തിന്റെയും തീരുമാനം. അതിനിടെ മൂസക്കുട്ടി ഹാജിക്ക് വേണ്ടി രണ്ടംഗങ്ങള്‍ രാജി വെക്കാന്‍ യോഗത്തില്‍ സന്നദ്ധത അറിയിച്ചെങ്കിലും ഉപതിരഞ്ഞെടുപ്പിനെ നേരിടേണ്ടതില്ലെന്നാണ് യോഗത്തില്‍ പൊതുവായി ഉയര്‍ന്ന അഭിപ്രായം. ഇരുവിഭാഗത്തിന്റെയും ന്യായങ്ങള്‍ പാണക്കാട് തങ്ങളെ അറിയിച്ച നിലയില്‍ ഉചിതമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതിനിടെ ഉപാധ്യക്ഷ പദവി സംബന്ധിച്ചും തീരുമാനമായിട്ടില്ല. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ നേതൃത്വമായിരിക്കും തീരുമാനങ്ങള്‍ കൈകൊള്ളുക.