സ്വര്‍ണ വില രണ്ടാഴ്ചക്കിടെ കുത്തനെ ഇടിഞ്ഞു

Posted on: November 11, 2015 7:00 pm | Last updated: November 13, 2015 at 5:52 pm

goldദുബൈ: രണ്ടാഴ്ചക്കിടെ സ്വര്‍ണം ഗ്രാമിന് 10 ദിര്‍ഹം ഇടിഞ്ഞു. ദുബൈയിലെ ചില്ലറ വില്‍പനശാലകളിലാണ് സ്വര്‍ണ വില ഇടിഞ്ഞിരിക്കുന്നത്. അമേരിക്കന്‍ സമ്പദ്‌രംഗത്തെ മാറ്റങ്ങളാണ് വിലയിടിവിന് ഇടയാക്കിയിരിക്കുന്നത്. ഫെഡറല്‍ റിസേര്‍വിന് അടുത്ത മാസം പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന വാര്‍ത്തയെ തുടര്‍ന്ന് ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണത്തിന് വിനയായിരിക്കുന്നത്. ഇന്നലെ 24 ക്യാരറ്റിന് ഗ്രാമിന് രാവിലെ 131.50 ആയിരുന്നെങ്കില്‍ ഉച്ചക്ക് ശേഷം 25 ഫില്‍സ് കുറഞ്ഞു. 22 ക്യാരറ്റിന് രാവിലെ ഗ്രാമിന് 124.75 ആയിരുന്നു. ഉച്ചക്ക് ശേഷം ഇതില്‍ 25 ഫില്‍സിന്റെ വര്‍ധനവ് ഉണ്ടായി. യു എസ് 2.71 ലക്ഷം തൊഴില്‍ അവസരങ്ങള്‍ കഴിഞ്ഞ മാസം സൃഷ്ടിച്ചതും സ്വര്‍ണത്തിന് പ്രഹരമായിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച വില 24 ക്യാരറ്റിന് 131 ദിര്‍ഹം വരെ താഴ്ന്നിരുന്നു. തൊഴില്‍ മേഖലയില്‍ നിന്നുള്ള ക്രിയാത്മകമായ റിപ്പോര്‍ട്ട് അമേരിക്കന്‍ ഡോളറിന് ശക്തി നല്‍കിയതും ഇതോട് ചേര്‍ത്തുവായിക്കാവുന്നതാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തില്‍ 142 ദിര്‍ഹത്തിന് മുകളില്‍ എത്തിയ സ്വര്‍ണം 140 ദിര്‍ഹത്തിലേക്കും 134.25 ദിര്‍ഹത്തിലേക്ക് കുത്തനെ താഴുന്നതിനും ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വില്‍പന നടത്തുന്ന ദുബൈ സാക്ഷിയായിരുന്നു. 2013 ജൂണില്‍ സ്വര്‍ണ വില സകല റെക്കാര്‍ഡുകളും തകര്‍ത്ത് താഴോട്ട് എത്തിയിരുന്നു. ജൂണ്‍ അവസാന വാരത്തിലാണ് സ്വര്‍ണ വില ഔണ്‍സി(31.1 ഗ്രാം) 1,200 ഡോളറിനും താഴേക്ക് നിലംപൊത്തിയത്. അന്ന് സ്വര്‍ണം സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കുന്ന സപോര്‍ട്ട് വിലയിലും താഴേക്കാണ് വീണത്. യു എ ഇ കമ്പോളത്തില്‍ സ്വര്‍ണ വില 1,181 ഡോളറിലേക്കാണ് അന്ന് ഇടിഞ്ഞു തൂങ്ങിയത്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ക്രിയാത്മകമായ മാറ്റം ഡോളറിന് ദിനേന കരുത്ത് വര്‍ധിപ്പിച്ചതായിരുന്നു അന്നും സ്വര്‍ണത്തിന്റെ ഉരുകലിന് ആക്കം കൂട്ടിയത്. മുമ്പ് 2010 മെയ് മാസത്തിലായിരുന്നു 1,180 ഡോളറിന് താഴേക്ക് സ്വര്‍ണം കൂപ്പുകുത്തിയത്.