നാഷണല്‍ റെസ്‌ക്യൂ സെന്റര്‍ ശൈഖ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു

Posted on: November 10, 2015 7:32 pm | Last updated: November 10, 2015 at 7:32 pm
SHARE

dubai...ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എന്‍ എസ് ആര്‍ സി (നാഷണല്‍ സേര്‍ച്ച് ആന്റ് റെസ്‌ക്യൂ സെന്റര്‍) ഉദ്ഘാടനം ചെയ്തു. ദുബൈ വ്യോമ പ്രദര്‍ശന മേളയിലാണ് സെന്ററിന്റെ ഉദ്ഘാടനം ശൈഖ് മുഹമ്മദ് നിര്‍വഹിച്ചത്.
ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് ഹസ്സ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ദേശീയ സുരക്ഷാ ഉപ ഉപദേഷ്ടാവ് ശൈഖ് തഹ്‌നൂന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പങ്കെടുത്തു. രാജ്യത്ത് ഇത്തരത്തില്‍ ഒരു സംവിധാനം ആദ്യമായാണ് ആരംഭിക്കുന്നത്. അബുദാബി ആസ്ഥാനമായാവും എന്‍ എസ് ആര്‍ സി പ്രവര്‍ത്തിക്കുക.
കടലിലും മറ്റുമായി കാണാതാകുന്നവരെ അന്വേഷിക്കലും കണ്ടെത്തി രക്ഷപ്പെടുത്തലുമെല്ലാം ഇനി സ്ഥാപനത്തിന് കീഴിലാവും ഏകോപിപ്പിക്കുക. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്റെയും ഇന്റര്‍നാഷണല്‍ മരിടൈം ഓര്‍ഗനൈസേഷന്റെയും മാനദണ്ഡങ്ങള്‍ക്കും നിലവാരത്തിനും അനുസരിച്ചുള്ളതാണ് എന്‍ എസ് ആര്‍ സി. ഇത്തരം ഒരു സംരംഭത്തിന് തുടക്കമിടാന്‍ ഉത്തരവിട്ട യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനോടും ശൈഖ് മുഹമ്മദിനോടും അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ മേധാവിയുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനോടും നന്ദി അറിയിക്കുന്നതായി ശൈഖ് ഹസ്സ ബിന്‍ സായിദ് വ്യക്തമാക്കി. രാജ്യത്തിനൊപ്പം രാജ്യാന്തര രംഗത്തും സമാധാനവും സുരക്ഷയും ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് യു എ ഇ ഭരണ നേതൃത്വം കൈക്കൊള്ളുന്നതെന്നും ശൈഖ് ഹസ്സ ഓര്‍മിപ്പിച്ചു. 2013ലെ ഫെഡറല്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ശൈഖ് ഖലീഫ എന്‍ എസ് ആര്‍ സി ആരംഭിക്കാന്‍ ഉത്തരവിട്ടിരിക്കുന്നതെന്ന് ഓപറേഷന്‍സ് ഡയറക്ടറും വക്താവുമായ മുബാറക് അല്‍ ഖഹ്താനി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here