പഞ്ചായത്തംഗത്തിന് പ്രതിമാസ ഓണറേറിയം 2500 രൂപ

Posted on: November 10, 2015 2:07 am | Last updated: November 10, 2015 at 12:10 am

tvm3ആലപ്പുഴ: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് കുറഞ്ഞത് 2500 രൂപ ഓണറേറിയം ലഭിക്കും.ഗ്രാമപഞ്ചായത്തിലെ അംഗങ്ങള്‍ക്കാണ് ഏറ്റവും കുറഞ്ഞ ഓണറേറിയം.നാല് വര്‍ഷം മുമ്പ് വരെ 1500 രൂപയായിരുന്നത് ആയിരം രൂപ വര്‍ധിപ്പിച്ചാണ് 2500 രൂപയായത്.ബ്ലോക്ക് പഞ്ചായത്തിലും നഗരസഭയിലും അംഗങ്ങള്‍ക്ക് ലഭിക്കുന്നത് പ്രതിമാസം 2800 രൂപയാണ്.ജില്ലാ പഞ്ചായത്തില്‍ 3400 രൂപയും കോര്‍പറേഷനില്‍ 3100 രൂപയും.സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഉള്‍പ്പെടെ ഭാരവാഹി സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും ഓണറേറിയവും ലഭിക്കും.തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍ക്ക് വാഹനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് താമസസൗകര്യവും ലഭിക്കും.വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്കും ഭാരവാഹികള്‍ക്കും ലഭിക്കുന്ന ഓണറേറിയത്തിന്റെ നിരക്ക് ചുവടെ.

തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പേര് ഓണറേറിയം
ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് 6900
വൈസ് പ്രസിഡന്റ് 5600
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ 3700
അംഗങ്ങള്‍ 3400

ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് 6300
വൈസ് പ്രസിഡന്റ് 5000
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ 3400
അംഗങ്ങള്‍ 2800

ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് 5600
വൈസ് പ്രസിഡന്റ് 4300
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ 3100
അംഗങ്ങള്‍ 2500

കോര്‍പറേഷന്‍
മേയര്‍ 6900
ഡെപ്യൂട്ടി മേയര്‍ 5600
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ 3700
അംഗങ്ങള്‍ 3100

മുനിസിപ്പാലിറ്റി
ചെയര്‍മാന്‍ 6300
വൈസ് ചെയര്‍മാന്‍ 5000
സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ 3400
അംഗങ്ങള്‍ 2800

പഞ്ചായത്ത് യോഗങ്ങളിലോ പഞ്ചായത്തിന്റെ ഏതെങ്കിലും കമ്മിറ്റിയുടെ യോഗങ്ങളിലോ പങ്കെടുക്കുന്നതിന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഒഴികെയുള്ള എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ക്കും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ക്കും അംഗങ്ങള്‍ക്കും അവരവരുടെ വാസസ്ഥലത്തുനിന്നും പഞ്ചായത്ത് കാര്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് നടത്തുന്ന യാത്രകള്‍ക്ക് യാത്രാബത്തക്ക് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.
യാത്രചെയ്യുന്ന ദൂരം എട്ട് കി.മീറ്ററില്‍ താഴെയാണെങ്കില്‍ യാത്രാബത്തക്ക് അര്‍ഹതയുണ്ടായിരിക്കുന്നതല്ല.ജില്ലാപഞ്ചായത്തില്‍ എക്‌സ് ഒഫിഷ്യോ അംഗങ്ങളായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും ബ്ലോക്ക് പഞ്ചായത്തില്‍ എക്‌സ് ഒഫിഷ്യോ അംഗങ്ങളായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും യഥാക്രമം ബ്ലോക്ക് പഞ്ചായത്തുകളില്‍നിന്നും ഗ്രാമപഞ്ചായത്തുകളില്‍നിന്നുമാണ് അര്‍ഹമായ യാത്രാബത്ത കൈപ്പറ്റേണ്ടത്.സിറ്റിംഗ് ഫീസ്, പ്രതിമാസ ഓണറേറിയം എന്നിവ കൈപ്പറ്റുന്നത് ചട്ടങ്ങള്‍ പ്രകാരം അര്‍ഹമായ യാത്രാബത്ത കൈപ്പറ്റുന്നതിന് തടസമായിരിക്കുന്നതല്ല.