ജാമിഅത്തുല്‍ ഹിന്ദ് പ്രഥമ ബിരുദദാന സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Posted on: November 9, 2015 10:46 pm | Last updated: November 9, 2015 at 10:46 pm
SHARE

കോഴിക്കോട്: ജാമിഅത്തുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയയുടെ പ്രഥമ ബിരുദദാന സമ്മേളനം വ്യാഴാഴ്ച കോട്ടക്കല്‍ പി എം ഓഡിറ്റോറിയത്തില്‍ നടക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ബിരുദദാന പ്രഭാഷണം നടത്തും.
കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ദഅ്‌വാ കോളജുകളെ ഏകീകൃത സിലബസിന് കീഴില്‍ കൊണ്ടു വന്നതിനു ശേഷം, ശാസ്ത്രീയമായ പരീക്ഷാ സംവിധാനവും മൂല്യ നിര്‍ ണയവും നടത്തി ശ്രദ്ധേയമായ സേവനങ്ങള്‍ കാഴ്ചവെച്ച ജാമിഅത്തുല്‍ ഹിന്ദ് നടത്തിയ ബിരുദ വാര്‍ഷിക പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ഥികള്‍ക്കാണ് സമ്മേളനത്തില്‍ ബിരുദം നല്‍കുന്നത്. ബിരുദാനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കാന്തപുരം നിര്‍വഹിക്കും.
120 വിദ്യാര്‍ഥികള്‍ക്കാണ് ബിരുദം നല്‍കുന്നത്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗങ്ങള്‍, എസ് വൈ എസ്, സുന്നി വിദ്യാഭ്യാസ ബോര്‍ഡ്, എസ് എം എ, എസ് ജെ എം, എസ് എസ് എഫ് സംസ്ഥാന നേതാക്കള്‍, നേരത്തെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച അംഗീകൃത കോളജുകളിലെ അധ്യാപകര്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ സംബന്ധിക്കും.എഴുപത്തി രണ്ട് ദഅവാ കോളജുകളിലായി 5432 വിദ്യാര്‍ഥി കളാണ് ജാമിഅത്തുല്‍ ഹിന്ദിന് കീഴില്‍ പഠനം നടത്തി വരുന്നത്.
വ്യാഴാഴ്ച രാവിലെ ഒമ്പതിന് വൈലത്തൂര്‍ യൂസുഫ് കോയ തങ്ങള്‍ പതാക ഉയര്‍ത്തും. കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ പ്രാര്‍ഥന നിര്‍വഹിക്കും. ഉദ്ഘാടന സമ്മേളനം കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സി മുഹമ്മദ് ഫൈസി, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, ഫാറൂഖ് നഈമി കൊല്ലം വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. തുടര്‍ന്ന് നടക്കുന്ന സെഷനില്‍ ‘ജാമിഅത്തുല്‍ ഹിന്ദ് വിഭാവനം ചെയ്യുന്ന സര്‍വകലാശാല’ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചക്ക് ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് നേതൃത്വം നല്‍കും. കോടമ്പുഴ ബാവ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. പേരോട് അബ്ദുറഹ്മാന്‍ സഖാഫി, എന്‍ അലി അബ്ദുല്ല, ഇസ്സുദ്ദീന്‍ സഖാഫി കൊല്ലം, ഡോ. അബ്ദുല്‍ ഗഫൂര്‍ അസ്ഹരി, ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. അബ്ദുസ്സലാം പങ്കെടുക്കും. വൈകിട്ട് നാലിന് ആരംഭിക്കുന്ന പൊതു സമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിക്കും. ബിരുദദാന ചടങ്ങിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, എ കെ അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here