ബീഹാര്‍ വിധി: വിദേശങ്ങളില്‍ ഇന്ത്യന്‍ പ്രതിച്ഛായ മെച്ചപ്പെടും

Posted on: November 9, 2015 6:47 pm | Last updated: November 13, 2015 at 5:52 pm

biharമറ്റൊരു രാജ്യത്ത് നിന്ന്, ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളെ നോക്കിക്കാണുമ്പോള്‍ സമഗ്രമായ ഒരു വീക്ഷണ കോണ്‍ ലഭ്യമാകാറുണ്ട്. ഭൂമിയിലെ വിശേഷങ്ങള്‍ ആകാശത്ത് നിന്ന് നോക്കുമ്പോലെയാണത്. അനേകം വൈരുധ്യങ്ങള്‍, പടലപ്പിണക്കങ്ങള്‍, നിശബ്ദമായി ചിലര്‍ ആര്‍ജിച്ചെടുക്കുന്ന കരുത്തുകള്‍ തുടങ്ങിയവയൊക്കെ തെളിഞ്ഞുകാണാം. ബീഹാറില്‍ മതേതരത്വത്തിന്റെ അത്തരമൊരു കരുത്താര്‍ജിക്കല്‍ നേരത്തെ അനുഭവേദ്യമായിരുന്നു. നാട്ടിലുള്ളവരേക്കാള്‍ വിശകലന വൈദഗ്ധ്യം വിദേശത്തുള്ളവര്‍ക്കാണ്. കേരളത്തിലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനൊപ്പം ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പും വന്നപ്പോള്‍ രണ്ടിനെയും ചേര്‍ത്തുവായിക്കാനാണ് ഗള്‍ഫ് ഇന്ത്യക്കാര്‍ ശ്രമിച്ചത്. കേരളത്തില്‍ ബി ജെ പി-എസ് എന്‍ ഡി പി സഖ്യത്തിന് വലിയ കുതിപ്പ് ഉണ്ടാക്കാനായില്ല. ബീഹാറില്‍ ബി ജെ പി മുന്നണിക്കും. തിരുവനന്തപുരം, പാലക്കാട്, കാസര്‍കോഡ് പോലുള്ള സ്ഥലങ്ങളില്‍ ബി ജെ പി നേരത്തെതന്നെ അല്‍പം ശക്തിയുള്ള കക്ഷിയാണ്. എസ് എന്‍ ഡി പിയുമായി ചേരുമ്പോള്‍ വലിയ അട്ടിമറി നടക്കുമെന്ന് പ്രചാരണമുണ്ടായിരുന്നുവെങ്കിലും പ്രവാസി ഇന്ത്യക്കാര്‍ വിശ്വസിച്ചിരുന്നില്ല. ഫലം മറിച്ചായതുമില്ല. കേരളത്തിലാകെ മുന്നണികളുടെ അടിത്തറയിളക്കാന്‍ ബി ജെ പി-എസ് എന്‍ ഡി പി സഖ്യത്തിന് കഴിഞ്ഞിട്ടില്ല. അന്തിമ വിശകലനത്തില്‍, തിരുവനന്തപുരത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയതിനേക്കാള്‍ വോട്ട് കുറവാണ് തദ്ദേശതിരഞ്ഞെടുപ്പില്‍.
ബീഹാറിലും ബി ജെ പിയുടെ എന്‍ ഡി എ സഖ്യം തോറ്റു തുന്നം പാടിയിരിക്കുന്നു. ജനതാദള്‍ നേതൃത്വം നല്‍കിയ വിശാലസഖ്യം കേവല ഭൂരിപക്ഷം നേടിയിരിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബീഹാര്‍ തൂത്തുവാരിയ ബി ജെ പിയെ പലയിടങ്ങളിലും ജനങ്ങള്‍ കൈയൊഴിഞ്ഞിരിക്കുന്നു. ഇന്ത്യന്‍ ജനാധിപത്യം അസാധാരണ ഔന്നിത്യം കൈവരിച്ചതായി വാഴ്ത്തപ്പെടുന്നു.
ഡോ. മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തില്‍ യു പി എ ഭരണകൂടം ജനവിരുദ്ധ സമീപനം പുലര്‍ത്തിയതാണ്, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ തുണച്ചത്. നരേന്ദ്രമോദിയുടെ വാഗ്‌ധോരണിയോ ആര്‍ എസ് എസിന്റെ അസഹിഷ്ണുതയോ അല്ല, അന്ന് ജനങ്ങളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. പക്ഷേ, ബി ജെ പി നേതൃത്വം തെറ്റിദ്ധരിച്ചു. ആര്‍ക്കെതിരെയും എന്തും ചെയ്യാമെന്നും ഭൂരിപക്ഷ സമുദായം കൂടെയുണ്ടാകുമെന്നും കരുതി. നിരാലംബരായ ആളുകളെ തല്ലിക്കൊല്ലാനും ചുട്ടുകൊല്ലാനും തീവ്രവാദികളെ ഒരുക്കിക്കൊടുത്തു. അതിലൂടെ ഭൂരിപക്ഷ വികാരം ആളിക്കത്തിക്കാമെന്ന് കണക്കുകൂട്ടി. പക്ഷേ, ജനങ്ങള്‍ എല്ലാം നിശബ്ദം വിലയിരുത്തുന്നുണ്ടെന്ന് ഒരിക്കല്‍കൂടി ബോധ്യമായി. ഇത് വിദേശരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ ജനതയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുമെന്നതില്‍ തര്‍ക്കമില്ല.
ഇന്ത്യയില്‍ ഫാസിസം വളര്‍ന്നു പന്തലിക്കുന്നുവെന്ന വാര്‍ത്തകളും വിശകലനങ്ങളും വിദേശമാധ്യമങ്ങളില്‍ വ്യാപകമായിരുന്നു. എഴുത്തുകാരെയും ന്യൂനപക്ഷങ്ങളെയും കൊലപ്പെടുത്തിയതാണ് ഇത്തരമൊരു അഭിപ്രായത്തിന് കാരണം. കേന്ദ്രഭരണകൂടം ഫാസിസത്തിന് കുട പിടിക്കുന്നുവെന്ന, ഗൗരവമേറിയ നാണക്കേട് മറക്കാന്‍ ബീഹാറിലെ ജനവിധി നിമിത്തമാകും. അത്തരക്കാരെ തൂത്തെറിയാന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് കെല്‍പുണ്ടെന്ന് എല്ലാവര്‍ക്കും മനസ്സിലാകും.
ഇന്ത്യക്കാരനെന്നു ആരോടെങ്കിലും പറഞ്ഞാല്‍, ബീഫ് തിന്നുന്നവരെ കൊലപ്പെടുത്തുന്ന രാജ്യത്ത് നിന്നാണോയെന്ന മറുചോദ്യം വരുന്ന കാലത്തുനിന്ന്, പരിഷ്‌കൃത സമൂഹമുള്ള, ഭിന്ന സ്വരങ്ങള്‍ക്ക് ഇടമുള്ള കാലത്തേക്ക് ഇനി അധികം ദൂരമില്ല. വിദേശ മാധ്യമങ്ങളില്‍ തിരഞ്ഞെടുപ്പ് ഫലപ്രതികരണം അത്തരത്തിലാണ്.
കെ എം എ