മാണിക്കെതിരെ തുടരന്വേഷണമാകാമെന്ന് ഹൈക്കോടതി

Posted on: November 9, 2015 11:36 pm | Last updated: November 10, 2015 at 10:35 am
SHARE

high courtകൊച്ചി: മന്ത്രി കെ എം മാണിക്കെതിരായ ബാര്‍ കോഴ കേസിലെ തുടരന്വേഷണ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ തുടരന്വേഷണ ഉത്തരവിലെ വിജിലന്‍സ് ഡയറക്ടര്‍ക്കെതിരായ നിരീക്ഷണങ്ങള്‍ നീക്കാന്‍ കോടതി വിസമ്മതിച്ചു. എന്നാല്‍, കേസുകളുടെ അന്വേഷണ ഘട്ടത്തില്‍ ഇടപെടാനും നിര്‍ദേശങ്ങള്‍ നല്‍കാനും ഡയറക്ടര്‍ക്ക് അധികാരമുണ്ടെന്നും അന്വേഷണം പൂര്‍ത്തിയായതിന് ശേഷം ഇടപെടാനാകില്ലെന്നും ജസ്റ്റിസ് ബി കമാല്‍ പാഷ വ്യക്തമാക്കി.
ക്രിമിനല്‍ നടപടി ക്രമത്തിലെ അധികാരം ഉപയോഗിച്ച് ബാര്‍ കോഴ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിന്മേല്‍ ഡയറക്ടര്‍ തുടരന്വേഷണത്തിന് നിര്‍ദേശിക്കുകയായിരുന്നു വേണ്ടതെന്നും ഇതിന് മുതിരാത്ത സാഹചര്യത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതിയുടെ നടപടി നിയമാനുസൃതമാണെന്നും കോടതി വിലയിരുത്തി. കേസിന്റെ വസ്തുതകളിലേക്ക് കടന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ സമാഹരിച്ച തെളിവുകള്‍ വിലയിരുത്തിയ വിജിലന്‍സ് കോടതിയുടെ നടപടി ഒഴിവാക്കപ്പെടേണ്ടതായിരുന്നു. കോഴ ആവശ്യപ്പെട്ടതും സ്വീകരിച്ചതും സംബന്ധിച്ച് വിജിലന്‍സ് കോടതി നടത്തിയ നിരീക്ഷണങ്ങള്‍ കണ്ടെത്തലുകളായി കണക്കാക്കേണ്ടതില്ലെന്നും ഇത് പ്രതിക്കെതിരായ അന്വേഷണത്തെയും വിചാരണയെയും ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
കേസിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച വിജിലന്‍സ് കോടതി നടപടി തെറ്റാണെന്ന് വിജിലന്‍സിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദം ഉന്നയിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ വസ്തുതാ റിപ്പോര്‍ട്ടും ഡയറക്ടറുടെ സൂക്ഷ്മ പരിശോധനാ റിപ്പോര്‍ട്ടും കേസ് ഡയറിയുടെ ഭാഗമല്ലെന്ന വിജിലന്‍സിന്റെ വാദം കോടതി തള്ളി. അന്വേഷണ വേളയിലെ കണ്ടെത്തലുകളും നിഗമനങ്ങളുമാണ് വസ്തുതാ റിപ്പോര്‍ട്ടില്‍ ഉള്ളതെന്നും ഇത് കേസ് ഡയറിയുടെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് ഡയറി വിളിച്ചുവരുത്താനും പരിശോധിക്കാനും കേസിന്റെ അന്തിമ റിപ്പോര്‍ട്ട് പരിഗണിക്കുന്ന വേളയില്‍ വിചാരണ കോടതിക്ക് അധികാരമുണ്ട്. തെളിവെന്ന രീതിയിലല്ല കേസ് ഡയറി കോടതി പരിശോധിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകള്‍ക്ക് മതിയായ വസ്തുതകളുണ്ടോയെന്ന് പരിശോധിക്കാനാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.
അഴിമതി നിരോധ നിയമ പ്രകാരം സി ബി ഐയും വിജിലന്‍സും അന്വേഷിക്കുന്ന കേസുകളില്‍ പ്രത്യേക അധികാരങ്ങളാണ് ഡയറക്ടര്‍മാക്കുള്ളതെന്നും സി ബി ഐ മാന്വലും വിജിലന്‍സ് മാന്വലും അടിസ്ഥാനമാക്കിയാണ് കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്നതും അന്വേഷിക്കുന്നതും വിചാരണക്ക് അയക്കുന്നതെന്നും കപില്‍ സിബല്‍ വാദിച്ചു. ക്രിമിനല്‍ നടപടി ക്രമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ് വിജിലന്‍സ് മാന്വല്‍ പ്രകാരം ഡയറക്ടര്‍ക്ക് അധികാരമുള്ളതെന്നും അദ്ദേഹം ബോധിപ്പിച്ചു.
എന്നാല്‍, കേസുകളുടെ അന്വേഷണത്തില്‍ ഇടപെടാനും അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും ഡയറക്ടര്‍ക്ക് അനിയന്ത്രിതമായ അധികാരമുണ്ടോയെന്ന കാര്യമാണ് ഇവിടെ പരിശോധിക്കുന്നതെന്ന് കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന് ചില പ്രത്യേക നിര്‍ദേശങ്ങളാണ് ഡയറക്ടര്‍ നല്‍കിയത്. ഡയറക്ടറുടെ ഈ അധികാരമാണ് പരിശോധനക്ക് വിധേയമാക്കുന്നത്. അതിനാല്‍ കേസുകളുടെ അന്വേഷണ ഘട്ടത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിക്കുന്ന വസ്തുതാന്വേഷണ റിപ്പോര്‍ട്ട് അന്തിമ റിപ്പോര്‍ട്ടായി കണക്കാക്കാനാകില്ല. വിജിലന്‍സ് ഡയറക്ടര്‍ തന്റെ സൂക്ഷ്മ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്. ക്രിമിനല്‍ നടപടിക്രമം അനുശാസിക്കുന്ന തരത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിന്മേല്‍ തുടരന്വേഷണം നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു വേണ്ടതെന്ന് കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്റെ അന്തിമ റിപ്പോര്‍ട്ട് പരിശോധിക്കാതെയാണ് സുപ്രീം കോടതി അഭിഭാഷകരുടെ നിയമോപദേശ പ്രകാരമുള്ള സൂക്ഷ്മ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസ് എഴുതിത്തള്ളാന്‍ ആവശ്യപ്പെട്ടത് സാക്ഷിമൊഴികള്‍ പരിശോധിക്കാതെയായിരുന്നു വിജിലന്‍സ് ഡയറക്ടറുടെ നടപടി. അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകള്‍ തലനാരിഴ കീറി പരിശോധിച്ചാലും കുറ്റാരോപണങ്ങള്‍ നിലനില്‍ക്കുമോയെന്ന് നിഗമനത്തിലെത്താന്‍ കഴിയില്ല. സൂക്ഷ്മ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുന്നതിന് പകരം തന്നില്‍ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു ഡയറക്ടര്‍ ചെയ്യേണ്ടത്. അതിനാല്‍, അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തലുകളില്‍ തിരുത്തല്‍ വരുത്താന്‍ ഡയറക്ടര്‍ ശ്രമിച്ചുവെന്ന വാദത്തില്‍ കഴമ്പുണ്ടെന്നും കോടതി വിലയിരുത്തി.
സാക്ഷി മൊഴികളും മറ്റ് തെളിവുകളും വിശദമായി പരിശോധിച്ചാണ് വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടത്. കേസിലെ കുറ്റാരോപണങ്ങള്‍ നിലനില്‍ക്കുക എന്നത് സംബന്ധിച്ച് സംശയമുള്ളതിനാല്‍ നിയമോപദേശം തേടിയ ഡയറക്ടര്‍ക്ക് ആ ഘട്ടത്തിലെങ്കിലും സ്വതന്ത്രമായി തീരുമാനം കൈക്കൊള്ളാമായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ അന്തിമ റിപ്പോര്‍ട്ട് പരിശോധിക്കാതെയാണ് ഡയറക്ടര്‍ സൂക്ഷ്മ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചതെന്നും കോടതി പറഞ്ഞു. കോടതിക്ക് പോലും തെളിവുകള്‍ വിലയിരുത്താന്‍ ഈ ഘട്ടത്തില്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here